2013 ഫെബ്രുവരി 10, ഞായറാഴ്‌ച

ആറാമന്‍


ആറാമന്‍

“ നീതിപീഠത്തിന്‍റെ ഉന്നത പദവിയിലിരുന്ന താങ്കളെ പോലൊരു വ്യക്തി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമല്ലേ ഇത്.”

 മുഖം ക്ഷൗരം ചെയ്തു പച്ചയായ്‌ സൂക്ഷിച്ച ചെറുപ്പക്കാരന്‍റെ ചോദ്യം വന്നപ്പോള്‍ അയാള്‍ കണ്ണുകള്‍ ഒരു നിമിഷം മെല്ലെ അടച്ചു.പ്രതീക്ഷിച്ച ചോദ്യം.മനസ്സ്‌ ഏകാഗ്രമാക്കി മുന്നോട്ട് ആഞ്ഞു ഇളകിയിരുന്നു.

‘ അതെ. ഞാന്‍ പഠിച്ച നിയമസംഹിതയില്‍ അങ്ങനെ ഒരു തെറ്റിന് ശിക്ഷ ലഭിക്കാം. ലഭിക്കണം ! ’

“ അപ്പോള്‍ തെറ്റാണന്ന് സമ്മതിക്കുന്നു അല്ലെ? എങ്കില്‍ ഈ വൈകിയ വേളയില്‍ ഇത്തരം വെളിപെടുത്തലുകള്‍ നടത്തിയത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ നാടകമാണെന്ന് ഞങ്ങള്‍ ആരോപിച്ചാല്‍ താങ്കള്‍ നിഷേധിക്കുമോ ? ”

*ഡാ കൊച്ചനെ, ഞങ്ങള്‍ വേണ്ട ഞാന്‍ മതി.അല്ലേലും ഈ ചെക്കന്‍ ആ പത്രത്തില്‍ നിന്നല്ലേ? അവന്‍റെ ഒടുക്കലത്തെ നാക്ക്! നാളത്തെ ഇഷ്യൂവില്‍ അവന്‍റെയും പിന്നെ മുകളിലെ താപ്പാനകളുടെയും ഭാവന കൂടി വിടര്‍ന്നാല്‍ പിന്നെ നോക്കണ്ടാ, ഒരു പത്തു കോളം വാര്‍ത്തയ്ക്കുള്ളതായി! *

 ആരോ പിന്‍നിരയില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ ആ മുറിയില്‍ ഒറ്റയ്ക്കല്ല എന്ന ബോധ്യം വന്നത്. തന്‍റെ ഒപ്പവും കുറച്ചു പേരുണ്ട് എന്നത് അയാളെ തെല്ലൊന്നു സന്തോഷിപ്പിച്ചു.
മുനിരയിലും പിന്‍നിരയിലും ഇരുന്ന വിവിധ പത്രങ്ങളില്‍ നിന്നുള്ള ലേഖകരുടെ ശബ്ദം ഉയര്‍ന്നിട്ടും ചെറുപ്പക്കാരന്‍ അക്ഷോഭ്യനായി തന്നെ തുടര്‍ന്നു.

“ താങ്കള്‍ ഉത്തരം നല്‍കിയെ തീരു. എന്തിന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പുസ്തകം ഇറക്കിയത് ? അതില്‍ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിക്കാനും. ആളുകള്‍ വായിക്കണം എന്ന് നിര്‍ബന്ധമുള്ള വ്യക്തികള്‍ മാത്രമല്ലെ ഈ എഴുതിക്കൂട്ടുന്നതൊക്കെ ഒരു പുസ്തക രൂപേണ വിപണിയിലെത്തിക്കാന്‍ ശ്രമിക്കൂ? വിവാദം ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള എന്തെങ്കിലും ആണ് വില്‍പ്പനയ്ക്ക് എത്തുന്നതെങ്കില്‍ മാത്രമേ ലാഭം കിട്ടുകയുള്ളൂ.ഈ പ്രകടനത്തിനു പിന്നിലെ ദുരുദ്ദേശം ഇതല്ലേ ?  താങ്കള്‍ ചെയ്ത കാര്യം ശരിയാണ് എന്ന ഉത്തമ ബോധ്യതിന്‍റെ വെളിച്ചത്തില്‍ ഈ സംഭവം ഇത്ര കാലം മറച്ചു പിടിക്കുന്നതില്‍ വിജയിച്ചുവല്ലോ . ഇനിയും അങ്ങനെ തന്നെ ആവട്ടെ എന്ന് കരുതുന്ന ഒരു വ്യക്തിയില്‍  നിന്ന് താങ്കള്‍ എപ്പോള്‍  വ്യതിചലിച്ചുവോ അപ്പോള്‍ മുതല്‍ ന്യായാധിപന്‍ അപരാധിയായിരിക്കുന്നു.പ്രശസ്തിക്കു വേണ്ടിയുള്ള ധൃതിയില്‍ കൈമോശം വന്നത് പഴയ ന്യായാധിപന്‍റെ പേരും തന്നെ.”

കൊടുങ്കാറ്റു പോലെ വന്നലച്ച വാക്കുകളുടെ മൂര്‍ച്ച അയാളുടെ കണ്ണില്‍ നേര്‍ത്ത ചുവന്ന വരകളായി,നനവിന്‍റെ തെളിമയായി.മറുപടി പറയാന്‍ ഉള്ള ആദ്യ ശ്രമം ഒരു ഗദ്ഗദത്തില്‍ ഒതുങ്ങി.സംയമനം പാലിച്ചു അല്പം വെള്ളം കുടിച്ചു അയാള്‍ ചെറുപ്പക്കാരനെ അലിവോടെ നോക്കി.

‘ ഫേസ്ബുക്കില്‍ ജനിച്ചു ട്വിറ്ററില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയുടെ ചിന്തകളുടെ വേഗതയിലും അതിന്റെ മൂര്‍ച്ചയിലും എനിക്ക് അത്ഭുതം തോന്നുന്നു.വിമര്‍ശനാത്മകത നല്ലതു തന്നെ. പക്ഷെ ഈ വയസ്സനോട് അല്പം കരുണയും മനുഷ്യത്തവും കാണിക്കുന്നതില്‍ തെറ്റില്ല.സുഹൃത്തേ താങ്കള്‍ ആ പുസ്തകം വായിച്ചുവോ ?’

“ ഉവ്വ്.മുഴുവന്‍ വായിച്ചില്ല.പ്രസക്ത ഭാഗങ്ങള്‍ മാത്രം...”

‘ മനസ്സിലായി , താങ്കള്‍ക്കു വേണ്ടത് മാത്രം അല്ലെ? ആ പുസ്തകം ഞാന്‍ എഴുതിയതല്ല എന്നുള്ള വസ്തുത നിങ്ങള്‍ ഓര്‍ക്കാഞ്ഞത് അത് കൊണ്ടാവും. സത്യമാണ് എന്‍റെ ഔദ്യോഗിക ജീവിതമാണ് ഇതിന്‍റെ ഇതിവൃത്തം.പക്ഷെ എന്‍റെ മകള്‍ എഴുതിയത് കൊണ്ട് മാത്രം അത് എന്‍റെ സൃഷ്ടി എന്ന് പറയുന്നത് തെറ്റല്ലേ ? ആദ്യ പേജിലെ വരി എന്താണെന്നു താങ്കള്‍ക്ക് അറിയുമോ ? ’

“ ഓര്‍മയില്ല ..”

‘ ഞാന്‍ എഴുതുന്നു, എന്‍റെ അച്ഛന്‍റെ കഥ, എനിക്ക് വേണ്ടി , ഈ ലോകത്തിനു വേണ്ടി....
ആ വരിയില്‍ ഉണ്ട് താങ്കള്‍ നേരത്തെ ചോദിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരം.’

അതു വരെ തലയുയര്‍ത്തി നിന്ന ചെറുപ്പക്കാരന്‍ അല്പം ഒന്ന് മൗനിയായി... 
“ ക്ഷമിക്കണം.”
അയാള്‍ അത് കണ്ടതായി ഭാവിച്ചില്ല.കളിയുടെ നിയമങ്ങള്‍ അയാള്‍ക്കും വശമുണ്ടല്ലോ.വീണു പോയവനെ തിരിഞ്ഞു നോക്കുമ്പോള്‍ തെറ്റുന്നത് യുദ്ധത്തിന്‍റെ നിയമങ്ങള്‍!

 നീണ്ടു നിന്ന ആ മൗനത്തിന്‍റെ ഒടുവില്‍ ചെറുപ്പക്കാരന്‍ വിനയത്തോടെ ചോദിച്ചു 
“ സര്‍, ഒന്ന് വ്യക്തമാക്കാമോ ? ”

‘ എങ്ങനെ? മുഴുവന്‍ പറഞ്ഞു കൊണ്ടോ ? കുറച്ചു നീണ്ടു പോകില്ലേ ? ’
“ ഞാന്‍, അല്ല.... ഞങ്ങള്‍ തയ്യാര്‍.”

ചെറുപ്പക്കാരന്‍ പിന്‍ബലത്തിനു വേണ്ടി ചുറ്റും നോക്കിയപ്പോള്‍ ഏവരും അതേറ്റു പിടിച്ചു.

‘ എങ്കില്‍ പറയുക തന്നെ... ’


........................................................................................................................
ആറാമന്‍ - അവന്‍റെ പേരില്‍ എന്തിരിക്കുന്നു.അവന്‍ ഒരു പ്രതിനിധി മാത്രം.വഴി തെറ്റി പോകുന്ന അനേകായിരം ബാല്യങ്ങളില്‍ ഒന്ന് അവന്‍റെതുമായിരുന്നു.അങ്ങനെ വഴി തെറ്റി പോയ ഏതൊരു ബാലകനും പറയാനുള്ള ദൈന്യതയുടെ കഥകള്‍ അവനുമുണ്ടാവാം. അടിച്ചമര്‍ത്തപ്പെട്ടവനോ നീതി നിഷേധിക്കപെട്ടവനോ ആവാം.നിരാലംബനും നിരാശ്രയനും ആവാം.വിശപ്പ്‌ മാറ്റാന്‍ ഭക്ഷണം നല്‍കാന്‍ കഴിയാതെ നിരാശയില്‍ നിന്ന് ഉടലെടുത്ത ശകാരങ്ങള്‍ മാത്രം വിളമ്പിയ അമ്മയുണ്ടാവാം അവനു.ചുവന്നു കലങ്ങിയ കണ്ണുകളും മൂന്നാം കിട ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമോ അതിലും കുറഞ്ഞ വാറ്റ്‌ ചാരയമോ കുടിച്ചു രാത്രികളില്‍ മിഠായി പൊതിക്ക് പകരം തളര്‍ന്നു കരഞ്ഞു ഉറങ്ങാന്‍ ഉതകുന്ന ചൂരല്‍കഷായം സമ്മാനിച്ചിരുന്ന ഒരച്ഛനുമുണ്ടാവാം.ആകെ ഭക്ഷിക്കാന്‍ കിട്ടുന്ന ഇത്തിരി ചോറിലും കൈയ്യൂക്ക് കൊണ്ട് ആധിപത്യം നേടുന്ന ഒരു ചേട്ടനോ എന്തിനും ഏതിനും കണ്ണ് നിറയ്ക്കുന്ന ഒരു കുഞ്ഞനിയത്തിയോ അനിയനോ ഉണ്ടാവാം. ഇവരെ എല്ലാം ഉപേക്ഷിച്ചു, അവന്‍റെ ഭാഷ്യത്തില്‍ രക്ഷപെട്ടു ഈ മഹാനഗരത്തില്‍ അവനും ഒരു നാള്‍ എത്തി ചേര്‍ന്നിരിക്കണം.കഷ്ടപാടും ദുരിതങ്ങളും ഇവിടെയും അവനു സന്തതസഹചാരികളായിരുന്നിരിക്കണം.എല്ലാ മഹാനഗരങ്ങളുടെയും ഐകഭാവമായ ആ കറുത്ത മുഖം അവന്‍റെ മുന്നിലും ഒരു നാള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കാം.വിശപ്പിന്‍റെ കാഠിന്യത്തില്‍ ആ വഴി തന്നെയാണ് സുഗമം എന്നും അവന്‍ തിരിച്ചറിഞ്ഞിരിക്കാം.പ്രായത്തിനു മുതിര്‍ന്ന കൂട്ടുകാര്‍ ഒരു കൗമാരക്കാരനെ എങ്ങനെ ഒക്കെ സ്വാധീനിക്കാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?പുതിയ ലോകത്തിന്‍റെ ചൂടും തണുപ്പും ലഹരിയും എല്ലാം അവന്‍റെ സിരകളില്‍ അതി വേഗത്തില്‍ പായുന്ന രക്തം നിറച്ചു,എല്ലുകള്‍ക്ക് ബലവും ശബ്ദത്തിനു കനവും കൂടി വന്നപ്പോള്‍ ഒരു യുഗം പിറന്നത്രേ! എന്നിരുന്നാലും തിന്മയുടെ വഴികളില്‍ കാതങ്ങള്‍ താണ്ടിയിട്ടും ഭൂമിയില്‍ അന്നേവരെ ഒരു ജീവനും അവന്‍ നിമിത്തം പൊലിഞ്ഞിരുന്നില്ല.ഒടുവില്‍ അതും സംഭവിച്ചു.അവനെ ആറാമന്‍ ആക്കിയ ആ രാത്രിയും വന്നു.

രാത്രികള്‍ ഉണരുന്നത് തിന്മ അരങ്ങു വാഴുമ്പോള്‍ ആയിരിക്കണം.വീടണയാന്‍ വൈകിപോയ ഒരു മാന്‍പേട.ഒപ്പമുണ്ടായിരുന്ന ഇണയെ തളര്‍ത്തിയാല്‍ മാന്‍പേട വശംവദ ആയാലോ ?ഇനി ആയില്ലെങ്കിലും സാരമില്ല.ചോര വീഴാതെ കൊല്ലണം എന്നാര്‍ ശഠിച്ചു ?
അവര്‍ ആറുപേര്‍ ഉണ്ടായിരുന്നത്രെ.അവര്‍ എന്തല്ലാമോ ചെയ്തു.ഊഴം കാത്തു നിന്നവര്‍ ക്ഷമ നശിച്ചു പിന്നെയും എന്തൊക്കെയോ ചെയ്തു.ഭോഗത്തിനൊടുവില്‍ സ്ത്രീത്വം നശിക്കട്ടെ എന്ന് കരുതിയാണോ എന്തോ അവന്‍ ആറാമന്‍,അതും ചെയ്തു. കൗമാരത്തിന്‍റെ ആവേശത്തോടെ, യുവത്വതിലേക്ക് കയറാന്‍ പോകുന്നതിന്‍റെ ആഘോഷമെന്നോണം. അവനില്‍ എവിടെയോ ബാക്കി നിന്ന ബാല്യത്തിന്‍റെ അവസാന കണികയിലെ നിഷ്കളങ്കമായ കുസൃതി എന്നോണം- അതും ചെയ്തു.അവനും അവന്‍റെ കൂട്ടാളികളും നാം എല്ലാവരും തന്നെ പിറന്ന ഗര്‍ഭപാത്രത്തിലേക്ക് ഒരു ഇരുമ്പ് ദണ്ഡു ആഴ്ത്തി.ഏവരും ആര്‍ത്തു ചിരിച്ചു.ഭാരത കഥയില്‍ ആകവേ സ്ത്രീത്വത്തിനു മേല്‍ ഏല്‍ക്കുന്ന കളങ്കങ്ങള്‍ രാജസദസ്സില്‍ പോലും ആഘോഷിക്കപ്പെട്ടു.അപ്പോള്‍ പിന്നെ ഈ കാട്ടാള സദസ്സില്‍ വിഭിന്നമായ ഒരു സംസ്കാരം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാവില്ലേ.
ഉപേക്ഷിക്കപ്പെട്ട സ്ത്രീ ശരീരത്തില്‍ നിനും ജീവന്‍ വിട്ടു പോകാന്‍ മടിച്ചു. പൊരുതി, അനവധി നാള്‍. ഒടുവില്‍ നാടെങ്ങും പ്രതീകാരത്തിന്  മൗനമായി ആഹ്വാനം കൊടുത്തുകൊണ്ട് ആ ജീവന്‍ തിരി താഴ്ത്തി.

ആറാമന്‍ ആ രാത്രി സ്വസ്ഥമായി ഉറങ്ങി.വേട്ടയാടി ഭക്ഷിച്ചതിന്‍റെ ഗര്‍വ്വില്‍ സൂര്യന്‍ ഉദിച്ചതും ചക്രവാളങ്ങള്‍ രോഷഗ്നിയില്‍ പുകഞ്ഞു തുടങ്ങിയതും അറിയാതുറങ്ങി.ഉണര്‍ന്നപ്പോള്‍ വീണ്ടും യുഗപ്പിറവി. പുതിയ ലോകം. അവന്‍റെ ചോരയ്ക്ക് വേണ്ടി ലോകര്‍ അലറികൊണ്ട്  നാലുപാടും ഓടുന്നു.ആറാമന്‍ ചിരിച്ചു. ഇവര്‍ക്കെല്ലാം ഒരുമിച്ചു ഭ്രാന്തായോ ? ആദ്യമായാണോ ഈ നാട്ടില്‍ ഒരു പെണ്ണ് കൊല്ലപ്പെടുന്നത് ? അവന്‍റെ സമപ്രയക്കാരുടെ മുന്നില്‍ അവന്‍ തന്‍റെ ധീര കൃത്യം പലകുറി വിവരിച്ചു ആദരം നേടി.ഒടുവില്‍ ഒളിച്ചു കളി അവസാനിച്ചു.ആറാമനും ശേഷിച്ച അഞ്ചു പേരും നിയമത്തിന്‍റെ നീണ്ട കരങ്ങളില്‍ നിന്ന് രക്ഷപെട്ടില്ല. വൈകിയാണെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച നിയമപാലകര്‍ക്ക് സ്തുതി!

അന്വേഷണ ചുമതല കിട്ടിയ നാള്‍ മുതല്‍ ആറാമന്‍ മാത്രമായിരുന്നു എന്നെ അത്ഭുതപ്പെടുതിയത്.കുറ്റബോധം ആ കണ്ണുകളിലെ ഇല്ല.കുട്ടിത്തം ഉണ്ട് താനും.
ചോദ്യം ചെയ്യലും മറ്റു തുടര്‍നടപടികളും വീഡിയോ ടേപ്പില്‍ പകര്‍ത്തണം എന്ന് നിര്‍ദേശമുണ്ടായിരുന്നു.ആ മുറിയില്‍ ഞാനും ആറാമനും, എനിക്ക് പിന്നിലായി വാതിലിനടുത്ത് ഒരു കോണ്‍സ്റ്റബിളും. എന്‍റെ ചോദ്യങ്ങള്‍ക്കും അതിനു ആറാമന്‍ നല്‍കുന്ന മറുപടികളും കേട്ട് മൂക സാക്ഷിയായി , ശ്രോതാവ് മാത്രമായി ആ മനുഷ്യന്‍ നിന്നു.
ചോദ്യങ്ങള്‍ എല്ലാം അതീവ ലാഘവത്തോടെ അവന്‍  നേരിട്ടു. പുഞ്ചിരിയോടെ.പുച്ഛമില്ലായിരുന്നു.നിറയെകുട്ടിത്തം.കുറ്റബോധമില്ല.എന്നാല്‍ അഭിമാനമോ സന്തോഷമോ നിഷ്കളങ്കമായ എന്തോ ഒന്ന് അവന്‍റെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടിരുന്നു.എന്തിനതു ചെയ്തു എന്ന ചോദ്യത്തിന് അവന്‍റെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. ’ ഒരു രസത്തിന്...’ അവന്‍റെ അമ്മയോ പെങ്ങളോ ആയിരുന്നു ആ പെണ്‍കുട്ടി എങ്കില്‍ എന്നാരാഞ്ഞപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു ‘ അതിനവര്‍ രണ്ടു പേരും അല്ലായിരുന്നല്ലോ...’ ആ ചിരിയുടെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ വല്ലാതെ ഉലച്ചു.

 “അത് കഴിഞ്ഞു എപ്പോഴെങ്കിലും സങ്ങടമോ കുറ്റബോധമോ തോന്നിയോ ?” 

അവന്‍ വീണ്ടും ചിരിച്ചു... ' സങ്ങടമോ..എന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമല്ലോ...കഴിക്കാന്‍ ബിരിയാണി... ഇതൊക്കെ നല്ലതല്ലേ ..പണിയും എടുക്കണ്ട...പിന്നെ എന്നെ കൊന്നു കളയില്ല എന്ന് ഇന്നലെ ഭക്ഷണം തന്ന പോലീസുകാരന്‍ പറഞ്ഞു...പിന്നെ എന്ത് പേടിക്കനാണ് ?’...ആദ്യമായി കുട്ടിത്തത്തിനു പിന്നില്‍ മറഞ്ഞിരുന്ന ചെന്നായ വെളിയില്‍ വന്നപ്പോള്‍ അറിയാതെ ചോദിച്ചു പോയി...” നിനക്ക് പേടി തോന്നിയില്ലേ ? അറപ്പ് തോന്നിയില്ലെ? രക്തം കണ്ടിട്ട് പോലും ?”
‘ ഞാന്‍ ഇതിനു മുന്‍പും രക്തം കണ്ടതാ, ഒത്തിരി.ആ പെണ്ണിന്‍റെ കരച്ചില്‍ കണ്ടു എല്ലാരും ചിരിച്ചു.അപ്പോള്‍ ഞാനും ചിരിച്ചു.പിന്നെ അവള്‍ക്ക് ബോധം പോയി....’എല്ലാം കേട്ട് തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ...
 ശക്തമായി വാദിച്ചിട്ടും അവനു മാത്രം നിയമം ഇളവുകള്‍ വാരി ചൊരിഞ്ഞു.അവന്‍ ഭൂമിയില്‍ വന്നിട്ട് പതിനെട്ടു വര്‍ഷങ്ങള്‍ തികഞ്ഞില്ലത്രേ.അക്കാരണത്താല്‍ അവനു കാരാഗൃഹവാസം മാത്രമേ പറഞ്ഞിട്ടുള്ളെന്നു.അതും മറ്റുള്ളവര്‍ക്കൊപ്പം അല്ല.അവനെക്കാള്‍ ചെറിയ തെറ്റുകള്‍ ചെയ്തു മറ്റു കുട്ടികളോടൊപ്പം.ഭാരതം വീണ്ടും കരഞ്ഞു.ഒടുവില്‍ കോടതിവളപ്പിലെ തിക്കിലും തിരക്കിലും പെട്ട് കാക്കിയിട്ട ഒരാളുടെ നിറതോക്കില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിയ വെടിയുണ്ടയില്‍ ആറാമന്‍ ലോകത്തിനു മുന്നില്‍ മരിച്ചു വീണു.
കോടതി വളപ്പിലെ കശപിശ സ്വാഭാവികമായും അന്വേഷിക്കപ്പെടേണ്ടതാണെന്നും വന്നപ്പോള്‍ വീണ്ടും കരുക്കള്‍ എന്‍റെ മുന്‍പിലെത്തുകയായിരുന്നു.ആ ഒരാള്‍ ആരാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ വെടിയുണ്ട അബദ്ധത്തില്‍ പൊട്ടിയതല്ല എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.അതാണ്‌  വിചാരണയും കുറ്റപത്രം സമര്‍പ്പിക്കലും സത്യാവസ്ഥ അറിഞ്ഞിട്ടു മതിയെന്ന് തീരുമാനിച്ചത്.ഔപചാരികമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും മുന്‍പ് സ്വകാര്യമായി അന്വേഷിക്കാമെന്ന് ഉറച്ചത് അതുകൊണ്ട് തന്നെ ആയിരുന്നു.
ഒട്ടും ബുധിമുട്ടെണ്ടി വന്നില്ല .സമ്മര്‍ദ്ദമൊന്നുമില്ലാതെ തന്നെ ആ മനുഷ്യന്‍ , മുപ്പതു കൊല്ലം രാഷ്ട്രത്തെ സേവിച്ച ആ പോലീസുകാരന്‍, കരഞ്ഞു കൊണ്ട് സമ്മതിച്ചു.
‘ അറിഞ്ഞു ചെയ്തതു തന്നെയാണ്.അത്രയ്ക്കൊന്നും ആലോചിക്കാനുള്ള സമയം ഇല്ലായെന്നു തോന്നി. റിട്ടയര്‍ ചെയ്യാന്‍ കഷ്ടി ഒരു വര്‍ഷമേ ഉള്ളൂ.ഒരു മകളുണ്ട്.പഠിപ്പിച്ചു വളര്‍ത്തിയിട്ടുണ്ട്.അവള്‍ ജീവിച്ചു കൊള്ളും.ഭാര്യ മരിച്ചു പോയി. പെന്‍ഷന്‍ കിട്ടി ജീവിക്കേണ്ട അവസ്ഥ മകള്‍ക്കില്ല. പക്ഷെ ഇവനെ പോലെ ഒരു ഹിംസ്രജന്തുവിനെ കൊന്നില്ലെങ്കില്‍, നാളെ എന്‍റെ തന്നെ മകളെയോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെയോ അവന്‍..അത് വേണ്ട എന്ന് തോന്നി. സര്‍ അവനോടു സംസാരിച്ചതും അവന്‍ പറഞ്ഞതും ഒക്കെ ഞാനും കേട്ടതല്ലേ.കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ഒരുപാടു പേരെ ഞാന്‍ കണ്ടതാണ്,പല പല കുറ്റങ്ങള്‍ ചെയ്തവര്‍..വളരെ കുറച്ചു പേര്‍ മാത്രമാണ് എന്നെ വല്ലാതെ പരിഭ്രമിപ്പിച്ചിട്ടുള്ളത്...അതും ഈ പ്രായത്തില്‍ ഉള്ളവര്‍ അതിലും ചുരുങ്ങും...സര്‍ ശ്രദ്ധിച്ചുവോ എന്ന് അറിയില്ല.അവനിലെ കുട്ടി മരിച്ചിട്ടില്ലായിരുന്നു.കുട്ടികളുടെ സഹജമായ വികൃതിത്തരങ്ങള്‍ ആണ് അവനില്‍ ഉള്ളത്, പക്ഷെ അവന്‍റെ പ്രവര്‍ത്തികള്‍ മുതിര്‍ന്നവരുടെതും ആയി പോയപ്പോള്‍, ആ കുട്ടിത്തം പ്രവചനാതീതമായ ഭീകരമായ ചിന്തകളിലേക്കും കൃത്യങ്ങളിലേക്കും അവനെ കൊണ്ടെത്തിച്ചെതാണ്...ഒരു ഉറുമ്പിനെ കൊല്ലുമ്പോള്‍ ഉണ്ടാകുന്ന അതെ സന്തോഷവും ലഹരിയും തന്നെ ആണ് അവനു ഒരു മനുഷ്യനെ കൊല്ലുമ്പോഴും കിട്ടുക....അതു എന്ത് മാത്രം ഭയാനകമാണെന്ന് സാറിന് ...... ആ തിരക്കില്‍ അവന്‍ അലിഞ്ഞില്ലാതവുമെന്നു എനിക്ക് തോന്നിപ്പോയി,അവന്‍ എന്‍റെ കണ്മുന്‍പില്‍ നിന്ന് മറഞ്ഞാല്‍ എന്‍റെ മകള്‍ എനിക്ക് നഷ്ടപ്പെടും എന്ന് പോലും എനിക്ക് തോന്നി...ഇത്ര കാലം റൈഫിള്‍ എന്തിയ എനിക്ക് പിഴവ് പറ്റില്ല സര്‍.നിറതോക്കാണെങ്കിലും അതിലെ ലോക്ക് കൈ അറിയാതെ മാറില്ല എന്ന് സാറിന് അറിയാമല്ലോ...തിക്കും തിരക്കും എന്നെ രക്ഷിക്കുമെന്ന് കരുതിയിട്ടല്ല...ശ്രമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.....
നിറയൊഴിക്കുമ്പോള്‍ നിങ്ങള്‍ കണ്ണുകള്‍ അടച്ചിരുന്നു അല്ലെ ?”
‘ സാറിനു അതെങ്ങനെ മനസ്സിലായി...?
 “എനിക്ക് തോന്നി ?”
‘ അവന്‍റ മുഖത്തു നോക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കു.....
സര്‍ നടപടി എടുത്തോളൂ. എന്നെ തൂക്കിലേറ്റിയാലും സങ്കടമില്ല.എപ്പോളാണ് ബാകി കാര്യങ്ങള്‍ എന്നുള്ളത് അറിഞ്ഞാല്‍ കൊള്ളായിരുന്നു. മകളെ ഒന്ന് കാണണം.’
“ വേണ്ട. താങ്കള്‍ക്ക് പോകാം. നമ്മള്‍ ഇതിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ല. നമ്മള്‍ കണ്ടിട്ടും ഇല്ല. മേലാവില്‍ എഴുതി കൊടുക്കേണ്ടത് എന്താണെന്നു എനിക്കറിയാം ധൈര്യമായി പൊക്കോളു. ”
‘ സര്‍ , അത് ..’
“ എനിക്കും ഒരു മകളുണ്ടടോ.. ആ വേദന എനിക്കും മനസ്സിലാവും....”

..................................................................................................................................അന്ന് എന്‍റെ മകള്‍ കുട്ടിയായിരുന്നു.എങ്കിലും ഉറങ്ങി കിടന്ന അവളുടെ കാല്‍ക്കല്‍ കിടന്നു ഞാന്‍ കരഞ്ഞു. കരഞ്ഞു കൊണ്ട് തന്നെ  എന്തല്ലമോ പറഞ്ഞു. എന്‍റെ കുറ്റസമ്മതം. അവള്‍ ഉണര്‍ന്നപ്പോള്‍ ചോദിച്ചു. അച്ഛന്‍ രാത്രി എന്തെല്ലാമോ എന്നോട് പറഞ്ഞില്ലേ എന്ന്... ഉവ്വെന്നു മൂളി.വളര്‍ന്നു വലുതാകുമ്പോള്‍ ഒരിക്കല്‍ കൂടി പറയാമെന്നു വാക്ക് കൊടുത്തു......അവള്‍ വളര്‍ന്നപ്പോള്‍... ഓര്‍മ്മകളും വളര്‍ന്നു...ഓര്‍ത്തു വച്ച് അവള്‍ എന്നോട് അത് ചോദിക്കുകയും ചെയ്തു...ഞാന്‍ പറഞ്ഞു എല്ലാം...
എപ്പോഴോ അവള്‍ക്കു തോന്നിയിരിക്കണം അച്ഛന്‍റെ രഹസ്യം ലോകം അറിയണമെന്ന്...അനുവാദം ചോദിച്ചിരുന്നു, നിഷേധമൊന്നും പറഞ്ഞില്ല, പക്ഷെ ആറാമനെ കൊന്നയാളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന ഉടമ്പടി മേല്‍...’

“ സര്‍ പക്ഷെ ഇപ്പോള്‍...പിന്നെ...?”
‘ അദ്ദേഹം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എന്‍റെ രഹസ്യം എന്തൊക്കെ ഭൂതങ്ങളെ അഴിച്ചു വിട്ടാലും ഞാന്‍ മാത്രം ഭവിഷ്യത്തുക്കള്‍ അനുഭവിച്ചാല്‍ മതി എന്നത് കൊണ്ട് തന്നെ ആണ് ഇപ്പോള്‍ ....ഇനി  എന്ത് വിവാദങ്ങളും നിങ്ങള്‍ക്ക് ഉണ്ടാക്കാം..എന്നെ കല്ലെറിയാം , കൊന്നു കളയാം...എന്തും ചെയ്യാം...ഇനി എന്തെങ്കിലും അറിയേണ്ടതുണ്ടോ...?’
“ ഇല്ല സര്‍....”
‘ നമുക്ക് നിര്‍ത്താം..’
ഏവരും എഴുന്നേറ്റു...വാതില്‍ക്കലേക്ക് നടക്കവേ  ചെറുപ്പക്കാരന്‍ അഭിമുഖമായി വന്നു നിന്നു .
“ സര്‍, ക്ഷമിക്കണം, ഞാന്‍ എന്തൊക്കെയോ പറഞ്ഞു, വേദനിപ്പിച്ചു.ക്ഷമിക്കണം. “
‘ താങ്കളെ പറഞ്ഞിട്ട് കാര്യമില്ല. ഈ തലമുറയുടെ കുറ്റമാണ്.താങ്കള്‍ക്ക് അത് മനസിലാവില്ല...’
“  തലമുറയുടെ തെറ്റല്ല സര്‍. ചോദ്യം ചോദിക്കുക എന്നത് എന്‍റെ കര്‍മമാണ്.ഈ നിമിഷത്തിലും ഞാന്‍ അങ്ങ് ചെയ്തത് ശരി ആണെന്ന്  പറയില്ല.അതിലും ഒരു ശരി ഉണ്ടാകാം.അതു പക്ഷെ ആപേക്ഷികമാണ്. എനിക്കതേ അഭിപ്രായം എന്നെങ്കിലും വരുമെന്നും ഉറപ്പില്ല.പക്ഷെ  സര്‍ എനിക്കും ചിലതൊക്കെ മനസ്സിലാവും ...ചില കാര്യങ്ങളൊക്കെ..എല്ലാ തലമുറകളിലും വേരോടുന്ന ചില ബന്ധങ്ങള്‍ മാറില്ലല്ലോ.അതു കൊണ്ട്.കാരണം....എനിക്കും ഒരു ..."

 മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ചെറുപ്പക്കാരന്‍റെ തോളില്‍ ഒന്ന് തട്ടി ,ചിരിച്ചു കൊണ്ട് അയാള്‍ നടന്നു, ആറാമന്മാര്‍ ഇനിയും മരിച്ചിട്ടില്ലാത്ത പുറം ലോകത്തിലേക്ക്‌.............

2012 ഡിസംബർ 9, ഞായറാഴ്‌ച

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

തിരിച്ചറിവുകള്‍





തിരിച്ചറിവുകള്‍

ഇത്തവണ എങ്ങനെ തുടങ്ങണമെന്ന് ഒരു എത്തും പിടിയും ഇല്ല.എവിടെ നിന്ന് തുടങ്ങണം എന്നതിനും പ്രത്യേകിച്ച് വ്യവസ്ഥ ഒന്നുമില്ല താനും.കുറച്ചു സത്യങ്ങള്‍ പറഞ്ഞാല്‍ അത് കഥയാവില്ലായെന്നു ഒരു സുഹൃത്ത് പറഞ്ഞു.ശരിയാണ് ...ഗദ്യരൂപത്തില്‍ എന്തെഴുതിയാലും അത് കഥയാവില്ലല്ലോ ? വകഭേദങ്ങള്‍ ഉണ്ടല്ലോ ഏതിലും...

ഈ അടുത്തിടെ വായിച്ചു തീര്‍ത്ത ഇംഗ്ലീഷ് നോവലാണ് വീണ്ടും അസ്വസ്ഥതയുടെ മുഖഭാവമുള്ള കുഞ്ഞു മുള്ളുകള്‍ വിതറിയത്‌.............................
ചിന്തകളില്‍ …. ഉണര്‍വ്വില്‍,...മയക്കത്തില്‍...നനുത്ത മുള്ളുകള്‍ ...അവ ആഴ്ന്നിറങ്ങില്ല….തൊലിപ്പുറത്ത് നീറ്റല്‍ നല്‍കുന്ന.....ചെറിയ വരമ്പുകള്‍ പോലെ തിണര്‍ത്തു പൊങ്ങുന്ന വേദനകള്‍ !! അത്രയും മാത്രമേ ആ മുള്ളുകള്‍ നല്‍കാറുള്ളൂ..പക്ഷെ രക്തം പൊടിഞ്ഞേക്കാം.... പുറത്തു മാത്രമല്ല...ആ ചുവന്ന വരമ്പുകള്‍ കണ്ടു ഉള്ളിലും ചാലുകള്‍ കീറും...

ആ നോവല്‍ എന്നെ അത്രയൊന്നും സ്വാധീനിച്ചില്ല.. ...പക്ഷെ ചില വരികള്‍.. ഓര്‍മകളുടെ തട്ടിന്‍പുറത്തു നിന്നും ഏറ്റവും അടിയില്‍ പൂഴ്ത്തി വച്ചിരുന്ന കുറച്ചു........
.തട്ടി മറിഞ്ഞു വീണപ്പോള്‍..അതൊരു പേമാരിയായി...കരി,മാറാല ,ചിതല്‍...എല്ലാം ഉണ്ടായിരുന്നു...സ്വസ്ഥത കളയുന്ന എല്ലാം...
പണ്ടെങ്ങോ തറവാട്ടിലെ അടുപ്പില്‍ പുകയൂതിയപ്പോള്‍ ....അത് പോലൊരു നീറ്റല്‍... ...അക്ഷരങ്ങള്‍ രണ്ടായി കാണാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മനസ്സിലായത്‌ ..നിറഞ്ഞതു എന്‍റെ കണ്ണുകള്‍ ആണെന്ന്....

കഥാന്ത്യം നായിക മരിക്കുന്നതിനാണോ ഈ കണ്ണ് നീര്‍...? അല്ല...തീര്‍ച്ചയായും അല്ല...പക്ഷെ നിറഞ്ഞ കണ്ണുകള്‍ തുടച്ചില്ല..കണ്ണുനീര്‍ വറ്റിയുമില്ല...കാലം തെറ്റി പെയ്ത മഴ പോലെ...ഭൂതകാലത്തില്‍ തൂവേണ്ട സങ്കടങ്ങള്‍ ആ രാത്രി പെയ്തൊഴിഞ്ഞു...

നഷ്ടപെട്ടത് എത്ര വലുതാണെന്നും...ആ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്നും മനസ്സിലായത് ഇപ്പോള്‍ മാത്രമാണ്...

പകരം വെക്കാന്‍ പറ്റുമത്രേ ...ചിലര്‍ പറഞ്ഞു...അല്ല ഒരുപാടുപേര്‍  പറഞ്ഞു...മുറിവുകള്‍ ഉണങ്ങുമത്രേ..പലരും പറഞ്ഞു...പക്ഷെ അവ ഉപേക്ഷിച്ചു പോകുന്ന പാടുകളോ ?...എന്നും ഓര്‍മപ്പെടുത്താന്‍ ഉള്ള ശേഷിപ്പുകള്‍....

ഒരു പാട് നല്ല നിമിഷങ്ങള്‍,..ഒരുപാടു നല്ല വാക്കുകള്‍,..നല്ല പാഠങ്ങള്‍,...ഓര്‍ത്തോര്‍ത്തു പുഞ്ചിരിക്കാനും...കണ്ണീര്‍ പൊഴിക്കാനും..ഒത്തിരി ഓര്‍മ്മകള്‍...എല്ലാം എനിക്ക് നല്‍കിയ എന്‍റെ ആ നല്ല കാലത്തിനു.. “എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈത്യന്യമേ”...നിനക്കായി -

എന്‍റെ ജീവിതത്തിലേക്ക് കുറച്ചു നാളുകള്‍ക്ക് മാത്രമായി കടന്നു വന്ന എന്‍റെ...നിന്നെ ഞാന്‍ ‘ ഐസ്’ എന്ന് വിളിച്ചു...അല്പം മാത്രം മുകളില്‍ കാണുന്ന മഞ്ഞു മല പോലെ ..നിന്‍റെ മനസ്സും മുഴുവന്‍ കണ്ടില്ല...എങ്കിലും നീ പകര്‍ന്നു തന്നതിനെല്ലാം നന്ദി ...എന്‍റെ വിരല്‍ തുമ്പിലെ പിടി വിട്ടു താണ്ടിയ വഴിയെല്ലാം നീ തിരിച്ചു നടന്നു പോയതിലുള്ള പരിഭവം മാത്രമേ ഉള്ളില്‍ ഉള്ളു...വെറുക്കാനും മറക്കാനും ഉള്ള കഴിവുകള്‍ നീ കവര്‍ന്നു പോയല്ലോ...തിരികെ നടക്കാനുള്ള ശക്തി ഇല്ല..മുന്നോട്ടു പോകുവാന്‍ ഉള്ള വഴിയും അറിയില്ല...പകുതിയില്‍ നിന്ന് പോയ യാത്രയുടെ ഓര്‍മ്മകള്‍ തേടിപ്പിടിച്ചു കൊണ്ട് ഇനിയും എത്ര കാലം ഈ വഴിവക്കില്‍ തന്നെ നില്‍കുമെന്നും അറിയില്ല..

ആ ഒരു രാത്രിയുടെ അന്ത്യത്തില്‍ എന്‍റെ കണ്ണ് നീര്‍ വറ്റുന്നിടത്ത് നിന്നും ഞാന്‍ വീണ്ടും നടന്നു തുടങ്ങട്ടെ...വഴിയില്‍ വീണു പോകുകില്‍ കൈ താങ്ങായി വരുവതാരായാലും നീ അല്ല എന്ന അറിവ് ഞാന്‍ ഉള്‍കൊള്ളുന്നു...നന്ദി.....

A tribute to ‘ I too had a love story ’ felt like penning down how i felt after reading this book. Tears are tagged to every love story..in one form or the other...a realization which stirred my soul...

2012 ഓഗസ്റ്റ് 29, ബുധനാഴ്‌ച

സ്മൃതിശേഖരം


`
സ്മൃതിശേഖരം

ഏട്ടനെന്തോ പറയാനുണ്ട്‌ . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പഞ്ഞമാസമാണ്. കാലത്തിന്റെ ദൈന്യത നിശ്വാസത്തിലൂടെ ഉള്ളിലെത്തിയെപ്പോള്‍ പുറത്തു വരാന്‍ മടിച്ചു നിന്ന ചിന്തകള്‍ ഒന്ന് കൂടി ഉള്‍വലിഞ്ഞതാവും
.
മുഖത്ത് മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം വളര്‍ച്ചയെത്തിയ താടി രോമങ്ങള്‍. അവയിലൂടെ ആകെ സഞ്ചരിച്ചു ഒടുവില്‍ എന്‍റെ കണ്ണുകള്‍ ചെറുതായി വിറയ്ക്കുന്ന ചുണ്ടുകളിലും വാക്കുകള്‍ പുറപ്പെടുവിക്കാന്‍ വിസമ്മതിക്കുന്ന തൊണ്ടക്കുഴിയിലും എത്തി നിന്നു
.
ഏട്ടന്‍ ഈ മുപ്പതാം വയസ്സിലും പുകയിലക്കറ പറ്റാതെ കാത്തു സൂക്ഷിക്കുന്ന ചുണ്ടുകള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഈയിടെയായ്‌ നേരിയൊരു അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മറ്റൊന്നുമല്ല എന്‍റെ പ്രിയതമ ഏട്ടനെ കണ്ടിട്ട് പറയുന്നു  “ ആണ്‍ പിറന്നവനാണേല്‍ ആറാം വിരല് പോലെ ആ പൂത്തിരി ഇങ്ങനെ കത്തിച്ചു പുകയ്ക്കണം എന്ന് നിര്‍ബന്ധമാണ് അല്ലെ. ഏട്ടനെ കണ്ടോ ചുണ്ടൊക്കെ നല്ല ചൊക ചൊകാന്നു...? “
 കാര്യം എന്നെ ദേഷ്യം പിടിപ്പിക്കാനും പുകവലി നിര്‍ത്തിക്കാനും ഉള്ള ദീര്‍ഘ നാളത്തെ ശ്രമത്തിനു ആക്കം കൂട്ടനുമാണ് ഉദേശിച്ചത്‌ എങ്കിലും എന്‍റെ പുരുഷത്വം അത് ഒരു വെല്ലു വിളി ആയിട്ടാണ് കണ്ടത്. ചുണ്ടിന്റെ ചോപ്പിനു ഇവള്‍ എന്ന് മുതലാണു ഇത്ര വിലകല്‍പ്പിക്കാന്‍ തുടങ്ങിയത് ? ആദ്യത്തെ ചുംബനത്തിന്റെ ഒടുവില്‍ ഒന്ന് ചുമച്ചു അവള്‍ പറഞ്ഞത് “ കിങ്ങ്സ്‌ എന്‍റെ അണ്ടകടാഹം വരെ എത്തി എന്ന് തോന്നുണു..” കോട്ടിയ മുഖം ഒന്ന് കൂടി പിടിച്ചടുപ്പിച്ചിട്ടു “ ഒന്ന് കൂടി നോക്കട്ടെ ..” എന്ന് പറഞ്ഞ്.............  ആ അവളാണ് ഇപ്പോള്‍........

“ ഡാ , ഞാനെ...ഞാന്‍ എല്ലാം പറയണ്ടെടാ..?” ...
ഏട്ടന്റെ ശബ്ദം  എന്‍റെ ചിന്താവലയത്തിലേക്ക് ആദ്യമായി കടന്നു വന്നു. മറ്റെന്തെങ്കിലും പറഞ്ഞോ ആവോ ? ഞാന്‍ കേട്ടില്ലാ ..
 ‘ഉം..എന്താന്നു ... ഞാന്‍ കേട്ടില്ല ഏട്ടാ ..’
“ ഒന്നുമില്ലെടാ. അത് പിന്നെ ആ കുട്ടിനോട് നമ്മടെ പഴേ കഥയൊക്കെ പറയണോന്നു ഒരു ചിന്ത..നെന്റെ അഭിപ്രായം ന്താ...? ഓള് അറിയെണ്ടേ ഇതെല്ലാം...നിയ്യ്‌ പറയ്‌ ...അറിയെണ്ടേ? കാര്യം ചെറുതാണെങ്കിലും ...ഇന്നിപ്പോ ഇങ്ങനെ ഒക്കെ ..വീണ്ടും കാണുംന്നു സ്വപ്നം കണ്ടതാണോ...ഇന്നാരോക്കെ കണ്ടു എന്ന് വല്ല നിശ്ചയണ്ടോ ? ഭാഗ്യക്കേടിനു നാളെ എന്‍റെ ഓളോട് ഒരാള് പറഞ്ഞ് അറിഞ്ഞാല്‍ ഞാന്‍ പിന്നെ അതിന്റെ മുഖത്തെ എങ്ങനെ നോക്കുംല്ലേ ? “
പെട്ടെന്നു ആരംഭിച്ച ആ സംഭാഷണത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായെങ്കിലും അതിലെ വികാരം അതെ അളവില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവോ എന്ന് സംശയം.  അല്‍പം കരുവാളിച്ച നെറ്റിയില്‍ ഞരമ്പ്‌ പിണഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ അറിയാം ഉള്ളിലെ യുദ്ധത്തിന്റെ പിരിമുറുക്കം നന്നേ ഉണ്ടെന്നു.
“ നിയ്യ്‌ ഒന്നും പറഞ്ഞില്ല..”
‘ ഹാ... അത് പിന്നെ ഏട്ടാ നിങ്ങള്‍ ഇങ്ങനെ ബേജാറാവാന്‍ മാത്രം ഒന്നുല്ല. ഇന്ന് ആ ചേച്ചി വന്നത് ആര് കണ്ടൂന്നാ? ആരാ ഇപ്പൊ ഇതൊക്കെ ശ്രദ്ധിക്കാന്‍? എല്ലാരും ഓരോരോ പണിയില്‍ ആയിരുന്നില്ലേ ..പോരാത്തതിന് ഇതൊരു കല്യാണവീടല്ലേ ? എത്ര പേര്‍ വരുന്നതാ ? അല്ലെങ്കില്‍ തന്നെ നിങ്ങടെ കഥ എനിക്കും നിങ്ങക്കും അല്ലാതെ ആര്‍ക്കാണു അറിയാ ? മാത്രമല്ല പറയാന്‍ മാത്രം എന്തെങ്കിലും സംഭാവിച്ചോന്നു ഏട്ടന്‍ തന്നെ ഒന്ന് ആലോചിച്ചു നോക്കു. ഒന്നുമില്ലാ.. പോയി കിടക്കു ഏട്ടാ...സ്വസ്ഥമായി ഉറങ്ങു..anyways tomorrow is a big day...’
“ നീ പറയണതാവും ശരി. ഉറങ്ങാം അല്ലെ...”
‘ഉം.. ഇങ്ങടെ ഓളെ ഒന്ന് വിളിചോളുട്ടോ ...ഇങ്ങനെ വേണ്ടാത്തെ വര്‍ത്തമാനം ഒന്നും പറയാണ്ട് കുറച്ചു മധുരമുള്ള എന്തേലും ഒക്കെ സംസാരിക്കു.അപ്പൊ കുറച്ചു ആശ്വാസം കിട്ടും ...അല്ലാണ്ട് കല്യാണത്തലേന്ന്..ഈ പഴങ്കഥ  പറയാന്‍ പോയാലെ നിങ്ങടെ കാര്യം സ്വാഹാ.....
അപ്പൊ ശരി എന്നാല്‍ ..ഗുഡ്നൈറ്റ്.’
“ഗുഡ്നൈറ്റ്”
മൊബൈലും എടുത്തു ഏട്ടന്‍ അകത്തേക്ക് നടന്നു ...കല്യാണ വീട് നേരത്ത ഉണരാന്‍ വേണ്ടി അല്പനേരത്തേക്കു മയങ്ങിതുടങ്ങിയിരിക്കുന്നു. ഉമ്മറത്ത്‌ ഇടയ്ക്കു ഒന്ന് എത്തി നോക്കുന്ന കാറ്റില്‍ നന്നേ തണുപ്പുള്ള ചാറ്റല്‍ മഴ തുള്ളികളും ഒളിച്ചിരിപ്പുണ്ട്...  ഒരു കിങ്ങ്സ്‌ കത്തിച്ചു..ചോദ്യം ചെയ്യാനുള്ളവര്‍ ഉറങ്ങി ഭാഗ്യം...ബാഗില്‍ നിന്നും ലാപ്ടോപ് പുറത്തെടുത്തു...പിന്നെ ആ പൊതിയും.. അതിനുള്ളില്‍  ഒരു എഴുത്തും ഒരു ക്ഷണക്കത്തും ഒരു ഗ്രീറ്റിംഗ് കാര്‍ഡും ഒരു മയില്‍‌പ്പീലിത്തണ്ടും..പിന്നെ ഒരു ഫോട്ടോയും...

കാലക്രമം അനുസരിച്ച്
1.ഗ്രീറ്റിംഗ് കാര്‍ഡ്‌
പുറമേ, ചുവന്ന റോസാപ്പൂക്കളുടെ ബൊക്ക തറയില്‍ മുട്ടുക്കുത്തി നില്‍ക്കുന്ന ആണ്‍കുട്ടി നീളന്‍ മുടി ഇരുവശങ്ങളിലേക്കും പിന്നിയിട്ട പെണ്‍കുട്ടിക്ക് നല്‍കുന്നു...അകമേ ചന്ദന നിറമുള്ള കാര്‍ഡിനുള്ളില്‍......
‘ wishing someone very SPECIAL a very HAPPY NEW YEAR
സ്നേഹപൂര്‍വ്വം
..............................
ഏട്ടന്റെ ജീവിതത്തിലെ ആ കാലഘട്ടത്തിനെ പറ്റി അടുക്കും ചിട്ടയുമുള്ള ഒരു ഓര്‍മ എന്റെ പക്കലില്ല . ആകെ ഓര്‍മയുള്ള സംഗതി ...സാധാരണ ഞായറാഴ്ചകളില്‍ അതിരാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു ഏട്ടനു. കളി കഴിഞ്ഞു വന്നാല്‍ നഷ്ടപെട്ട ഉറക്കം തിരിച്ചു പിടിക്കുവാനുള്ള പരിശ്രമവും ഉണ്ടാകാറുണ്ട്. എന്നാല്‍  പതിവിനു വിപരീതമായി ഏട്ടന്‍ കുളിച്ചൊരുങ്ങി പുറത്തു പോകുന്നു.ട്യുഷന്‍ ഉണ്ട് എന്നും  മറ്റോ പറഞ്ഞുവെന്നാണ് ഓര്‍മ. പിന്നീട് എപ്പോഴോ നിലാവുള്ള ഒരു രാത്രിയില്‍ തുറന്നിട്ട ജനാലയില്‍ കൂടി കടന്നു വരുന്ന നിലാവെളിച്ചത്തില്‍ കൈകളാല്‍  മുദ്ര കാണിച്ച് നിലത്ത് മാനും മുയലും ഒക്കെ നിഴലായി പ്രത്യക്ഷപ്പെടുത്തവെ അലസമായി ഏട്ടന്‍ പറഞ്ഞു ആ ഞായറാഴ്ച കുര്‍ബാനകളുടെ കുന്തിരിക്കം മണക്കുന്ന കഥകള്‍ ! കൂടുതല്‍ ചോദ്യങ്ങള്‍ എല്ലാം ആരേയും അസൂയപ്പെടുത്തുന്ന ആ ചിരി ഉപയോഗിച്ച് സമര്‍ത്ഥമായി ബ്ലോക്ക്‌ ചെയ്തു ആ രാത്രി അവസാനിപ്പിച്ചു. ഇപ്പോഴും ഞായറാഴ്‌ചകളില്‍ പള്ളിമണി മുഴങ്ങുമ്പോള്‍ ഏട്ടന്‍ തെല്ലിടെ മൗനിയാകും.
..ഓര്‍മപ്പെടുത്തലുകള്‍ അലോസരമുണ്ടാക്കുന്ന കുഞ്ഞു ഇടവേളകള്‍...


2.ഫോട്ടോ
ഊട്ടിയിലെയോ മറ്റോ ആയിരിക്കണം ഏതോ പാര്‍ക്ക്‌ബെഞ്ചില്‍ ഒരുമിച്ചിരിക്കാന്‍ ശ്രമിച്ചു അവര്‍. അവര്‍ക്കിടയില്‍ ഒരാള്‍ കൂടി ഇരിക്കാനുള്ള അത്രെയും അകലം ഉണ്ടായിരുന്നു..ചിരിക്കാന്‍ ശ്രമിച്ചിരുന്നു...കൈവിട്ടു പോകുമോ എന്ന ഭയം നഷ്ടപ്പെടുത്തിയത് ഏട്ടന്റെ ചിരിയുടെ ജീവനായിരുന്നു..ഫോട്ടോയിലെ തീയതി 12.12.03 എന്ന് രേഖപ്പെടുതിയിരുന്നതിനാല്‍ ഈ ഫോട്ടോ കത്തിനും മുന്‍പേ കാലക്രമത്തില്‍ വരുന്നു...

3.കത്ത്  
To
.................
ചക്കാലയ്ക്കല്‍ ഹൗസ്
കണിയാമ്പറ്റ,
ചീരാല്‍ പി.ഒ.
സു.ബത്തേരി
വയനാട്
4 മെയ്‌ 2004
പ്രിയപ്പെട്ട....
             വെക്കേഷന്‍ ഇത്ര നീളമുള്ളതാവുംന്നു കരുതീല.
You asked me not to write in malayalam, I oblige my queen. I have no means left to talk to you.My days lie barren. My eyes are sore. They have been punished with your absence for so long that nothing they see nowadays has got any colour of its own.Everything appears reminiscent of your colour.My love’s colour. Come back soon, along with the first shower of monsoon.
yours lovingly
.....................

കത്ത്‌ കണ്ടാല്‍ അറിയാം ഏട്ടന്‍ എഴുതിയതല്ല...അല്ല ഏട്ടന്‍ എഴുതിയതാണ്. ഏട്ടന്റെ കൈപ്പടയില്‍,ഏട്ടന്റെ ആശയങ്ങള്‍ മറ്റാരോ തര്‍ജ്ജമ ചെയ്തിരിക്കുന്നു. പാവം ഏട്ടന്‍.ആരെ കൊണ്ടോ  കഷ്ടപ്പെട്ട്  എഴുതിച്ചതാവും...സ്നേഹം ഒളിപ്പിച്ചു പിടിക്കുന്നതില്‍ ഇംഗ്ലീഷിന്റെ പങ്ക് എന്താവുംന്നു എട്ടനോട് ഈ വൈകിയ വേളയില്‍ ചോദിക്കുന്നത് ശരി അല്ലല്ലോ .. എങ്കിലും ചിരിയില്‍ ഒതുക്കിയ പ്രണയവിശേഷങ്ങളില്‍ ആ ചോദ്യത്തിന്റെ ഉത്തരം ഉണ്ടാകും .പക്ഷെ എനിക്കറിയില്ല...so അത് വിടാം.

4.ക്ഷണക്കത്ത്
‘ Praise Him with tambourine and dancing,
Praise Him with the strings and flute,
Let everything that has breath praise the LORD ‘ {Psalm 150}



We request your esteemed presence at the auspicious occasion of the marriage of our daughter
.................
with
...............
on the 24th  of April 2005, Sunday at Christ the King Church, Panamaram.........
................................................................................................................................


വരന്റെ പേര്‍ ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു...ദേഷ്യമോ നിരാശയോ ഏതായിരുന്നു മുന്നിട്ടു നിന്നിരുന്നത് എന്നറിയില്ല ...വികാരം ഏതായിരിന്നുവെങ്കിലും വെട്ടും തോറും അതിന്റെ കാഠിന്യം കുറഞ്ഞു കൊണ്ടേയിരുന്നു...ആ ചുവന്ന നേര്‍വര ഒടുവിലത്തെ അക്ഷരം മറച്ചിരുന്നില്ല..അറ്റത്ത് വെള്ളം വീണു ആ അക്ഷരത്തിന്റെ നിറം മാറിയിരുന്നു...

ഈ കഥ എനിക്ക് കുറച്ചൊക്കെ അറിയാം.സത്യത്തില്‍ ഇതാണ് എനിക്ക് ആകേ അറിയാവുന്ന കഥ.
സിനിമ കാണാം എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ കൂടെ ഇറങ്ങിത്തിരിച്ചത് .ബത്തേരി എത്തിയിട്ടും അടുത്ത ബസ്സില്‍ കേറാന്‍ പോകുമ്പോളാണു ഞാന്‍ ഏട്ടന്റെ മുഖം ശ്രദ്ധിച്ചത്..പിരിമുറുക്കം ആര്‍ക്കും വായിച്ചെടുക്കാം ആ മുഖത്തു നിന്ന്.എവിടേക്കാണ് എന്ന് ചോദിച്ചില്ല.ചോദിച്ചാല്‍ തന്നെ ആ ചോദ്യത്തിനു ഉത്തരം ലഭിക്കില്ലായെന്നു എനിക്കുറപ്പായി.
വീടിന്റെ മുന്നില്‍ പന്തലിന്നുള്ള കാലുകള്‍ നീട്ടിയിട്ടെ ഉണ്ടായിരിന്നുള്ളു..വീടിനു ചുറ്റും ഒരുപാട് പേര്‍ ഓടി നടക്കുന്നു,ഇതെല്ലാം നോക്കി നിസ്സംഗതയോടെ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അലസമായി നോട്ടം ഉയര്‍ന്നു പൊങ്ങുന്ന ഷാമിയാനയില്‍ നിന്നും ഏട്ടന്റെ മുഖത്തു എത്തിയപ്പോള്‍ മാത്രമാണ് എനിക്കെത്തിയ സ്ഥലവും അതിന്റെ അനന്തരഫലങ്ങളും എന്തായേക്കാമെന്ന് ചിന്ത വന്നത്.പോക്കെറ്റില്‍ നിന്നും എടുത്ത കടലാസ്സ് ഏട്ടന്‍ ആ പെണ്‍കുട്ടിയുടെ കൈവെള്ളയില്‍ വച്ച് കൊടുത്തു...ആ കടലാസ്സിന്റെ ഉള്ളടക്കം എന്താണെന്നു അറിയാന്‍ ഇത്ര നാള്‍ കാത്തിരിക്കേണ്ടി വന്നു എനിക്ക്...
ഒരു പെണ്ണിന്റെ കണ്ണുകള്‍ നിറയാന്‍ വളരെ കുറച്ചു സമയം മതിയെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.
തീയറ്ററിലെ ഇടവിട്ട്‌ മങ്ങുകയും തെളിയുകയും ചെയ്യുന്ന ചിത്രങ്ങളുടെ വെളിച്ചത്തില്‍ നനഞ്ഞ കവിള്‍ കാണാമായിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ കൈയില്‍ പിടിച്ചപ്പോള്‍ എന്റെ കൈയിലും വീണു ഒരു തുള്ളി...പ്രണയത്തിന്റെ പൊള്ളുന്ന ചൂട്...അന്ന് ഉറപ്പിച്ചതാണ് ഈ പരിപാടിക്കില്ല എന്ന്....എന്നിട്ടും....

5.മയില്‍പ്പീലി

ഇതിന്റെ പ്രാധാന്യമോ കാലക്രമത്തില്‍ ഇതിന്റെ സ്ഥാനമോ അറിയാന്‍ നിര്‍വാഹമില്ല.അറിയാന്‍ ശ്രമിച്ചാല്‍ ഉണങ്ങിയ വൃണങ്ങള്‍ വീണ്ടും പൊട്ടിയേക്കാം. അതു ഒഴിവാക്കുന്നതല്ലേ ഭംഗി ?
പക്ഷെ മാനം കാണിക്കാതെ കാത്തു സൂക്ഷിച്ച ആ മയില്‍പ്പീലി ഇരട്ടപെറ്റില്ല,അതില്‍ ഉറങ്ങി കിടന്ന സ്വപ്നങ്ങളും!! എന്നാലും അത് സൂക്ഷിച്ചു വച്ച് ഇന്ന് പകല്‍ ഒരു കുഞ്ഞിനേയും കൈ പിടിച്ചു വന്ന ആ സ്ത്രീയുടെ കണ്ണില്‍ നഷ്ടപെടലിന്റെ വേദന ഇപ്പോഴും തളം കെട്ടി നില്‍പുണ്ടായിരുന്നു.
സാരിയുടെ അറ്റം കൊണ്ട് കുഞ്ഞിന്റെ വിയര്‍ത്ത മുഖം തുടച്ചു കൊണ്ട് അവര്‍ എട്ടനോട് സംസാരിച്ചു..
വിളറിയ മുഖവുമായി ഏട്ടനും എന്തൊക്കെയോ മറുപടികള്‍ നല്‍കി...
ഇവരെ രണ്ടു പേരെയും മാറി മാറി നോക്കി ഞാനും നിന്നു...
‘ അമ്മെ രണ്ടു ചായ എടുത്തേ ‘ എന്നും പറഞ്ഞു ഏട്ടന്‍ പിന്നാമ്പുറത്തേക്ക് രക്ഷപ്പെട്ടു..
“ അന്ന് കല്യാണത്തിന് വീട്ടില്‍...അന്ന് കൂടെയുണ്ടായിരുന്ന ആളല്ലേ..അനിയന്‍..? “
അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ അവര്‍ ഒന്ന് ചിരിച്ചു...
“ കുട്ടീടെ അച്ഛന്‍ അറിയാണ്ട് പോന്നതാണ്...മോന്‍ ഇത് മൂപ്പര്‍ക്ക് ഒന്ന് കൊടുക്കണം...” നീട്ടി പിടിച്ച പൊതിയിലെക്കും അവരുടെ മുഖത്തും മാറി മാറി നോക്കിയപ്പോള്‍ അവര്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു “അല്ലെങ്കില്‍ വേണ്ട, ഞാന്‍ കരുതി മൂപ്പര്‍ക്കിപ്പളും...എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു..ഇനി ഇത് ഞാന്‍ സൂക്ഷിക്കുന്നതിലും കാര്യമൊന്നും....ഹ്..ഞാന്‍ ഇറങ്ങട്ടെ..”
അവര്‍ കുഞ്ഞിനേയും പിടിച്ചു നടന്നു തുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും എന്റെ നാവു ഞാന്‍ അറിയാതെ തന്നെ ശബ്ദിച്ചു
‘ ചേച്ചി ..ഒന്ന് നില്‍ക്കു...അതിങ്ങു തരു..’
“ വേണ്ട ഇനി ഇത് മൂപ്പരു കാണണ്ട...”
‘ നിങ്ങള്‍ രണ്ടാളും സൂക്ഷിക്കുന്നതില്‍ അല്ലെ തെറ്റ്‌.ഞാന്‍ സൂക്ഷിക്കുന്നതില്‍ ഇല്ലല്ലോ ?’

മുണ്ടിന്റെ മടക്കി കുത്തില്‍ ആ പൊതി തിരികെ വച്ച് കൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നപ്പോള്‍ ഏട്ടന്‍ ഉണങ്ങി തുടങ്ങിയ കാപ്പി ചെടിയുടെ ഇലകള്‍ വകഞ്ഞു മാറ്റി ബസ്‌ സ്റ്റോപ്പിലേക്ക് നടന്നകലുന്ന തന്റെ ഭൂതകാലത്തേക്ക് ഉറ്റു നോക്കി നില്‍ക്കുകയായിരുന്നു..
“ പോയി ഇല്ലേ ...നന്നായി...”
അതെ നന്നായി.....
എല്ലാം  വീണ്ടും പഴയ പോലെ പൊതിഞ്ഞു തിരികെ ബാഗില്‍ വച്ചപ്പോള്‍ മഴ തോര്‍ന്നു കഴിഞ്ഞിരുന്നു...നഷ്ടസ്വപ്നങ്ങളുടെ ആ ശേഖരം എന്റെ ഉള്ളില്‍ സമ്മിശ്ര വികാരങ്ങളുടെ വിത്തുകള്‍ പാകിയിരിക്കുന്നു..

മൊബൈല്‍ തപ്പി പിടിച്ചു സ്പീഡ്‌ ഡയല്‍ ചെയ്തു..അഞ്ചാമത്തെ റിങ്ങില്‍ ഉറക്കച്ചവടോടെ അവളുടെ ശബ്ദം കേട്ടു.. ”എന്താണ് മാഷേ വെള്ളമടിയാണോ...നേരമെത്രെയായി...”
‘നിനക്കറിയോ ..ആരും ഒന്നും മറക്കാറില്ല...’
“ ങേ ...എന്താന്നു ചെക്കാ.....ഒന്നുടെ പറയ്‌ കേട്ടില്ലാ...ഹലോ....ഹലോ.....പറയ്‌....”

‘ ഏയ്‌ ഒന്നുമില്ല.. നീ ഉറങ്ങിക്കോ ..love you...’
“ ഉം...love you too.. gudnite..”

ഒരു കിങ്ങ്സിനും കൂടി തിരി കൊളുത്തി കറുത്ത ആകാശത്തിനു നേര്‍ക്ക്‌ വെള്ളപ്പുക ഊതി വിട്ടു...

‘ ആരും... ഒന്നും.... മറക്കാറില്ല ..ശരിക്കും’

ശ്രീജിത് എസ്