2014, ജൂൺ 11, ബുധനാഴ്‌ച

നിത്യം നിശ്ചലം

നിത്യം നിശ്ചലം

കൊല്ലവര്‍ഷം 1099 ഇടവം
മാനസസരോവരം

ഹൈമവതഭൂവിനെ എത്തി നോക്കുന്ന ഒറ്റമരത്തിലെ ശാഖകള്‍ എല്ലാം കൈലാസനാഥന്‍റെ നെറ്റിത്തടത്തിലും ഭുജങ്ങളിലും പൂശിയ വെണ്‍ ചാരത്തിന്‍റെ നിറമുള്ള മഞ്ഞിന്റെ ഉടയാട പുതച്ചിരുന്നു.പറന്നു അവശനായി ഒരു പക്ഷി ശാഖകളില്‍ ഒന്നില്‍ വന്നിരുന്നപ്പോള്‍ മരം പെയ്യുകയും തുള്ളികള്‍ താഴെ എത്തുന്നതിനും മുന്‍പ് തന്നെ മഞ്ഞായി തീരുകയും പടലങ്ങളായി നിലത്ത് വീഴുകയും ചെയ്തു.മുന്‍പ് വീണു കിടന്നിരുന്ന അനേകം തലങ്ങളില്‍ ഏറ്റവും മുകള്‍തട്ടിലേതു മാത്രമായി അവ ഒതുങ്ങി പോവുകയും ചെയ്തു.അങ്ങനെ തണുത്തുറഞ്ഞു പോയ തുള്ളികളില്‍ ഒന്നു അങ്ങ് താഴെ സമതലങ്ങളും പീഡഭൂമികളും കടന്നു ആഴിയോടു ചേരുന്ന ഭൂതലത്തില്‍, ഒരു ഗ്രാമത്തില്‍, മഴയത്ത്, കണ്ണീരും മഴവെള്ളവും കൂടികലര്‍ന്നു,സര്‍വ്വചരാചരങ്ങളോടും യാത്രാനുമതി തേടുകയായിരുന്ന ഒരു വൃദ്ധന്റെ കണ്ണില്‍ നിന്നും പൊഴിഞ്ഞതായിരുന്നു.
**************************************************************************************
കൊല്ലവര്‍ഷം 1099 ഇടവം
ഞാങ്ങാട്ടിരി
 “ അമ്മേ ഇനീം താ ...” ഒഴിയാറായ കലത്തിലെ കഷണങ്ങളില്‍ കണ്ണുംനട്ട്  കൊതിയോടെ ദാമു ചോദിച്ചപ്പോള്‍ ചിരുതേയി ഭര്‍ത്താവിനെ നോക്കി. നാണുവിന് വിശപ്പടങ്ങിയിരുന്നില്ല. എങ്കിലും തലയാട്ടി, മകന്റെ വിശപ്പടക്കാന്‍ ആംഗ്യം കാണിച്ചപ്പോള്‍, പുറത്തു പെയ്യുന്ന മഴയുടെ തണുവില്‍ ഘനീഭവിച്ചൊരു നിശ്വാസം ചിരുതേയിയില്‍ നിന്ന് പുറപ്പെട്ടുവെന്നും ,അത് തന്നില്‍ നിരാശ കൊണ്ട് വിശപ്പിന്‍റെ പുതിയ വിത്തുകള്‍ കൂടി മുളപ്പിക്കുന്നുവെന്നും നാണു അറിഞ്ഞു. ഇലക്കുമ്പിള്‍ എടുക്കാന്‍ തുടങ്ങിയ നാണുവിനെ തടഞ്ഞു കൊണ്ട്, കേളു സ്വന്തം ഇലയില്‍ നിന്നും ശേഷിച്ച കിഴങ്ങിന്‍ കഷണം ദാമുവിന്റെ ഇലയില്‍ വച്ചു കൊടുത്തു . ഒന്നും മിണ്ടാതെ, കോലായില്‍ നിന്നു, വൈക്കോല്‍ ഇഴകളില്‍ നിന്നും ധാരയായി ഇടമുറിയാതെ വീണു കൊണ്ടിരുന്ന മഴ വെള്ളത്തില്‍ കൈ കഴുകി ഉമ്മറത്തു ഇരുണ്ട കോണില്‍ ഇരുപ്പായി കേളു. കുറ്റബോധത്തിന്റെ കാണാക്കരങ്ങള്‍ കണ്ഠനാളത്തില്‍ അമര്‍ന്നപ്പോള്‍ നാണുവിന് അല്പം മുന്‍പു അനുഭവപ്പെട്ട വിശപ്പ്‌ ഇരുട്ടില്‍ അലിഞ്ഞുപോയി.ദാമുവിന്റെ മുഖത്തെ സന്തോഷം കണ്ടു ചിരുതേയിയുടെ പാതിനിറഞ്ഞ വയറും നിറഞ്ഞു.
“തേയി, അച്ഛനു കഴിക്കാന്‍ കൊടുത്തിരുന്നില്ലേ ”.ഉമ്മറത്തു നിന്നും കേളുവിന്റെ ശബ്ദം കടന്നു വന്നപ്പോള്‍ ചിരുതേയി എപ്പോഴും ചെയ്യാറുള്ളത് പോലെ ചാടി എണീറ്റു പടിവാതിലോളം ചെന്ന് തലപുറത്തിടാതെ മറുപടി നല്‍കി “ ഉവ്വ് അച്ഛാ ...മുത്തശ്ശന്‍ ഉറങ്ങി.”
അമര്‍ത്തി മൂളിക്കൊണ്ട് കേളു മഴയുടെ പരിവേദനങ്ങള്‍ കേള്‍ക്കുന്നതു തുടര്‍ന്നു.മഴ കരഞ്ഞു കൊണ്ടേ ഇരുന്നു.... അകത്ത് ഈര്‍പ്പമുള്ള നിലത്ത് കണ്ണുകളടച്ചു ഉറക്കം നടിച്ചു കേളുവിന്റെ അച്ഛന്‍, നാണുവിന്‍റെ മുത്തശ്ശന്‍, മഴയ്ക്കും മേലെ ഉയര്‍ന്നു കേള്‍ക്കുന്ന ദൈന്യതയുടെ താളപ്പിഴകളും ശ്രവിച്ചു കിടന്നിരുന്നു! വാര്‍ദ്ധക്യത്തിന്റെ നീണ്ട ഇടനാഴികളില്‍ എങ്ങും ഇതേവരെ നഷ്ടപ്പെടാത്ത കേള്‍വിശക്തിയും തിമിരം കാര്‍ന്നു തിന്നാത്ത കണ്ണുകളും ഉള്ള ദാമുവിന്റെ മുതുമുത്തശ്ശന്‍ !!  
 *********************************************************************************
“ ദാമ്വേ...” മുതുമുത്തശ്ശന്‍ വിളിച്ചപ്പോള്‍ ദാമു മുത്തശ്ശന്റെ പുറകില്‍, തൊടി അവസാനിക്കുന്നിടത്ത്, പാറക്കൂട്ടങ്ങള്‍ അതിര്‌ കാക്കുന്ന മുളങ്കാടിനു അരികില്‍, അടുക്കുകല്ലുകള്‍ കൊണ്ട് മറകെട്ടിയ, അവനു പേരറിയാത്ത എന്തോ ഒന്നിലേക്ക് പടര്‍ന്നു കയറിയ വള്ളിക്കാടുകളെ വെട്ടി മാറ്റുന്ന അച്ഛനെ സഹായിക്കുകയായിരുന്നു.മൂന്നു നാലു വട്ടം വിളിച്ചു മടുത്തപ്പോഴാണ് തേയി ദാമുവിനെ ഉമ്മറത്ത്‌ നിന്നെ ഉറക്കെ വിളിച്ചത്. അധികം വെളിച്ചമില്ലാത്ത ആ മുറിയില്‍ ചെളി പറ്റിയ കാലുകളുമായി, തന്റെ മുതുമുത്തശ്ശന്‍റെ നരച്ച താടിയില്‍ വിരലോടിച്ചു കൊണ്ട് ദാമുവും , കൊച്ചു മകനെ ഇറുക്കി പിടിച്ചു കൊണ്ട് അയാളും ഇരുന്നു. “ പൊന്നുമോന്‍ എവിടെയായിരുന്നു” ?
‘താഴെ തൊടിയില്‍’ ..
“അവിടെന്താ”
‘ ആവോ അച്ഛനും മുത്തശ്ശനും കൂടി കാട് വെട്ടുന്നു ...’
“ അതെന്തിനാ ഇപ്പൊ”
‘ വല്ല്യ മുതശ്ശനു വേണ്ടീട്ടാത്രേ’
“നിക്കു വേണ്ടീട്ടോ” ?
‘ ഉം ..ഒരു കുഴീണ്ട് അവ്ടെ..ന ന .. മറന്നു ..അങ്ങാടി ..’
“നന്നങ്ങാടി”
‘ ആ അതന്നെയാ ...വല്ല്യ മുത്തശ്ശനു തപസ്സു ചെയ്യാനാ കുഴീന്നാ  അച്ഛന്‍ പറഞ്ഞതു.. എന്തിനെ തപസ്സു ചെയ്യണത്...എന്ത് വരാ വാങ്ങ്വ..’
“ ദാമുനു പട്ടിണി കിടക്കാതിരിക്കാനുള്ള വിദ്യ ചോയിക്കാം ..മതിയോ”
‘മതി,മതി എന്നിട്ടെപ്പള വല്ല്യ മുത്തശ്ശന്‍ തിരിച്ചു വര്വ..’
“ വരാന്‍ പറ്റുമോന്നു അറിയില്ല മോനെ...ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു ....അതോണ്ട് വരലോന്നും ഉണ്ടാവില്ലാട്ടോ...”
‘ ഇതെന്തോക്കെയാ വല്ല്യ മുത്തശ്ശന്‍ പറയണേ ..നിക്കൊന്നും മനസ്സിലാവണില്ല’
“ നിയ്യ്‌ പോയി കളിച്ചോ ഞാന്‍ ഒരല്പം കിടക്കട്ടെ ...ക്ഷീണംണ്ട്..”
നിഷ്കളങ്കതയും അഞ്ജതയും യാത്രയുടെ തുടക്കത്തിലേ നഷ്ടമായതിനെക്കുറിച്ച് ഓര്‍ത്തു ആ വാര്‍ദ്ധക്യം നരച്ച കണ്‍പീലികള്‍ നനച്ചു.
***************************************************************

“ മഴ കനപ്പെട്ടു വരുന്നതല്ലേയുള്ളൂ അച്ഛാ..വൃത്തിയാക്കിയ കുഴീല്‍ വെള്ളം നിറഞ്ഞു നില്‍ക്കുണു...എന്താ ചെയ്യാ ? നാണുവിന്‍റെ കുറ്റിത്തലമുടിയില്‍ നിന്നും തോര്‍ത്തുമുണ്ടിലേക്ക് ഇറ്റു വീഴുന്ന തുള്ളികള്‍ ചെറു ചാലുകളായി ഉമ്മറത്തെ ചാണകം മെഴുകിയ തറയില്‍ ആരും പേരുകളിടാന്‍ ശ്രമിച്ചിട്ടില്ലാത്ത രൂപങ്ങളായി തീരുന്നതും നോക്കി കേളു നിശബ്ദനായി ഇരുന്നു. അല്പം ചരിഞ്ഞു മുട്ടിന്മേല്‍ കൈയ്യൂന്നി ശിരസ്സിനെ താങ്ങിപ്പിടിച്ചു നാഴികകളായി അതെ ഇരുപ്പാണ് കേളു!
അച്ഛന്‍റെ മറുപടി കിട്ടാത്തതില്‍ വിഷണ്ണനായി നാണു ചാരി നിന്നിരുന്ന തൂണിന്റെ ചുവട്ടില്‍ കുന്തിച്ചിരുന്നു.തോര്‍ത്തു മുണ്ടിന്‍റെ കോന്തല പിഴിഞ്ഞു കൊണ്ട് നാണു വീണ്ടും, പകുതി അച്ഛനോടും പകുതി അനന്തതകളില്‍ ഇരുന്നു ഗ്രഹങ്ങള്‍ തിരിപ്പിക്കുന്ന മുപ്പത്തിമുക്കോടി അധിപതികള്‍ക്കും കേള്‍ക്കാനെന്നവണ്ണം പറഞ്ഞു “ മുക്കി കൊല്ലാന്‍ ആവില്ലല്ലോ.അതല്ലല്ലോ നാട്ടുനടപ്പും. വേണ്ടീട്ടല്ലല്ലോ ? അറുതിയില്‍ എന്ത് ചെയ്യുംന്നു ഒരു രൂപവും ഇല്ല .. മഴക്കാലം തീരണ വരെ, ഉള്ളത് എല്ലാര്‍ക്കും കൂടി അങ്ങട്......ബാക്കിയാവാന്‍ വിധിയുള്ളവനെ ഈശന്‍ കാക്കും അല്ലെ അച്ഛാ ....അങ്ങനെ നിരീക്കാംല്ലെ അച്ഛാ...”
മൗനമായി തലയാട്ടികൊണ്ട് കേളു  മണിക്കൂര്‍കൊണ്ട് നിറഞ്ഞു വരുന്ന തൊടിയിടെ അതിരുകളിലേക്ക് മിഴികള്‍ പറിച്ചു നട്ടു.
അസ്വസ്ഥനായി അകത്തേക്ക് കടന്നപ്പോള്‍ വാതിലിന്റെ മറവില്‍ കാത്തു നിന്നിരുന്ന ചിരുതേയി നാണുവിനെ കൈനീട്ടിപ്പിടിച്ചു. ‘ ഞാന്‍ അപ്പളെ പറഞ്ഞതല്ലേ, ഇതൊന്നും വേണ്ടാന്നു ? നാളെ ദാമുവോ ഓന്റെ കുട്ട്യോളോ ആണ് ഇങ്ങനെ  ചെയ്യാച്ചാലോ ? കഷ്ടല്ലേ ? ഒരു നേരം കഴിച്ചില്ലെങ്കിലും സാരല്ല്യ ഞാന്‍ വേണാച്ചാല്‍ വെള്ളം കുടിച്ചിട്ടായാലും കഴിയാം. അതിനു ഇവിടെ ബുദ്ധിമുട്ട് ഇല്യാലോ ..?
തേയിയുടെ ഇടറിയ വാക്കുകള്‍ ദാമുവിനെ പൊത്തിപ്പിടിച്ചു കിടന്നിരുന്ന അവന്‍റെ വല്യ മുത്തശ്ശനു പക്ഷെ ആശ്വാസം പകര്‍ന്നില്ല എന്നു മാത്രമല്ല മറിച്ചു അസ്വസ്ഥമായ ഒട്ടനവധി ചിന്തകളിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയാണ് ചെയ്തത്.
ഉറങ്ങി എണീറ്റ ദാമുവിന് വല്യ മുത്തശ്ശനെ വീട്ടിനുള്ളിലും പുറത്ത്‌ തൊടിയിലും, അവന്‍റെ കുഞ്ഞു കണ്ണുകള്‍ക്ക് ചെല്ലുന്നിടങ്ങളില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.തൊടിയുടെ അതിരുകള്‍ നിശ്ചയിച്ചിരുന്ന പാറക്കൂട്ടങ്ങളെയും അവനു കാണാന്‍ ആവുന്നുണ്ടായിരുന്നില്ല.ഉറക്കെ ഉറക്കെ  കരയുകയായിരുന്ന മഴ അവന്‍റെ ദൃഷ്ടിയില്‍ നിന്നും സകലതും മറച്ചു...നന്നങ്ങാടിയില്‍ നിറഞ്ഞ വെള്ളത്തിന് മേലെ ഒഴുകി നടന്നിരുന്ന നിറം മങ്ങിയ ഒരു പഴയ തോര്‍ത്തുമുണ്ടും അക്കൂട്ടത്തില്‍പെടുന്നു...
****************************************************************
 1188 കര്‍ക്കിടകം
ഞാങ്ങാട്ടിരി
“ ഏട്ടാ അവിടിപ്പോള്‍ ചൂടോ തണുപ്പോ ?” സീതയുടെ കൈയ്യില്‍ അലക്കിത്തേച്ചപ്പോള്‍ എന്നോ ചുരുങ്ങിപ്പോയ നിറം മങ്ങിയ സ്വെറ്റര്‍ കണ്ടപ്പോള്‍ ദാമോദരന് ഒരു വ്യാഴവട്ടക്കാലം മുന്‍പു അരങ്ങേറിയ മുധുവിധുനാളുകളുടെ കുളിരേതും അനുഭവപ്പെട്ടില്ല. ഉള്ളിലെ നെരിപ്പോടില്‍, കനലുകള്‍ കോലിട്ടിളക്കി, പുതിയ നാമ്പുകള്‍ വളരുന്നതും ആളുന്നതും അറിഞ്ഞു, നിമിഷം തോറും കൂടുതല്‍ അസ്വസ്ഥനായി തീരുകയായിരുന്നു ദാമോദരന്‍ !
വേവലാതികള്‍ വരച്ചു ചേര്‍ത്ത നെറ്റിയിലെ ചെറു ചുളിവുകള്‍ക്ക് മീതേ ഞരമ്പു തെളിഞ്ഞുനില്‍ക്കുന്നത് കണ്ടു സീത ചോദ്യത്തിന്‍റെ ഉത്തരം തേടാതെ ദാമോദരന്റെ അരികില്‍ ചെന്നു നെറ്റിയില്‍ കൈവച്ചു, കുറഞ്ഞു തുടങ്ങിയ മുടിയിഴകളെ പതുക്കെ തലോടി. ”അച്ഛന്‍ സമ്മതിക്കും ഏട്ടാ.അന്ന് ചെറുതായി സൂചിപ്പിച്ചപ്പോള്‍ വേണ്ടാന്നു പറഞ്ഞത് അമ്മ ഉണ്ടായിരുന്നതു കൊണ്ടാവും. ഇപ്പോള്‍ അച്ഛന്‍ ഒറ്റയ്ക്കായില്ലേ.ഇനിപ്പോ നമ്മളല്ലേ ഉള്ളൂ.അച്ഛന്‍ സമ്മതിക്കും. ഏട്ടന്‍ സംസാരിച്ചാല്‍ മതി.അച്ഛനും കാണണതല്ലേ ഈ അടര്‍ന്നു വീഴാറായ ചുമരുകളും ജനാലകളും ഒക്കെ. ഈയിടെയായി അച്ഛന്‍ തന്നെ പറയാറുണ്ട്‌ ജനാലകള്‍ തുറന്നടയുമ്പോള്‍ കരച്ചില്‍ മാതിരിയാ ശബ്ദംന്നു.. അങ്ങടും ഇങ്ങടും ആയി നാലഞ്ചുദിവസം ട്രെയിനില്‍ അല്ലെ ? സമാധാനമായി അച്ഛനോട് സംസാരിക്കു.എന്‍റെ പണ്ടങ്ങള്‍ കൂടി കൂടീട്ടാണ് അഡ്വാന്‍സ്‌ കൊടുത്തെന്നു പറയ്‌, അച്ഛന്‍ എന്തായാലും സമ്മതിക്കും ”
ദാമോദരന്‍ ജോലി ചെയ്തിരുന്ന നഗരത്തിലേക്ക് കുടുംബസമേതം മാറി താമസിക്കാന്‍ ആലോചിച്ചു തുടങ്ങിയിട്ട് നാളേറെയായി. മക്കളുടെ പഠനത്തെപ്പറ്റിയും  മറ്റും ചിന്തിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ തന്നെ ആയി.വളരെ സാധാരണ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ ആണ് തന്റേതെന്ന് ദാമോദരന് നല്ല ബോധ്യം ഉണ്ട്.അങ്ങനെ ശീലിപ്പിച്ചതില്‍ അച്ഛന്റെ പങ്കു വളരെ വലുതാണ്‌.ദാമോദരന്റെ അച്ഛന്‍ നാരായണനു ശീലങ്ങളുടെ ഇത്തിരിവട്ടത്തില്‍ കഴിഞ്ഞു കൂടിയപ്പോള്‍ ലോകം തന്നെ ചെറുതായി തോന്നിപ്പോയിരുന്നു.അതിന്റെ പാര്‍ശ്വഫലമായിട്ട് മകന്റെ ആഗ്രഹം തന്റെ ലോകത്തിന്‍റെ പറിച്ചു നടലായി മാത്രമേ അദ്ധേഹത്തിനു കാണാന്‍ കഴിഞ്ഞുള്ളൂ.സപ്തതിയോടു അടുക്കുന്ന ആ വൃദ്ധകര്‍ഷകനു സ്വയം ഒരു ചെടിയായി കരുതാന്‍ ആയിരുന്നു ഇഷ്ടം. പുതിയ സ്ഥലത്ത് ഇനി എത്ര നാളത്തേക്ക് എന്നറിയില്ലെങ്കിലും, കഴിഞ്ഞു കൂടേണ്ട നാളുകളില്‍ വളവും വെള്ളവും ലഭിക്കാതെ വലയുമെന്നും ഒടുവില്‍ അകാലത്തില്‍ കരിഞ്ഞു പോവുകയും ചെയ്യുമെന്ന് കരുതിയുമാവാം നാരായണന്‍ മുന്‍പ്‌ ഒരിക്കല്‍ ദാമോദരന്‍ തന്‍റെ ആശ അറിയിച്ചപ്പോള്‍ ചെവികൊള്ളാതിരുന്നത്.ഇപ്പോള്‍ അമ്മയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുവാനായി നടത്തുന്ന കാശി യാത്രയുടെ മദ്ധ്യേ നാരായണന്റെ മനസ്സ് മാറ്റാന്‍ ദാമോദരനു ഊര്‍ജ്ജം പകരുകയായിരുന്നു സീത.നാരായണനില്‍ ഒരച്ഛനെ മാത്രം കണ്ടു ശീലിച്ച ദാമോദരനു പലതും പല സമയത്തും തുറന്നു സംസാരിക്കാന്‍ പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. പേരക്കൊമ്പിന്റെ പാടുകളിലും ഉപദേശങ്ങളിലും  സ്നേഹത്തെക്കാള്‍ ഉപരി തന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിപ്രഭാവമായി അച്ഛനെ പ്രതിഷ്ഠിച്ചു പോന്ന ദാമോദരന്‍ എന്നും, ഒരു ഉപഗ്രഹമായി നാരായണന്‍ എന്ന സൂര്യനും ചുറ്റും വലംവച്ച്  കൊണ്ടേ ഇരുന്നു, ഇത്രെയും കാലം. ഇനിയും അത് തുടരുന്നതില്‍ യഥാര്‍ത്ഥത്തില്‍ ദാമോദരനു വിരോധമില്ലയിരുന്നു. സീതയ്ക്കും.പക്ഷേ ഇടയ്ക്കെങ്കിലും സ്വന്തം അച്ചു തണ്ടിലും ചുറ്റണം എന്നും, അങ്ങനെ ചെയ്യുന്നത് കൊണ്ട് ഭ്രമണപഥം തെറ്റുകയില്ലെന്നും തിരിച്ചറിഞ്ഞതു ഈയിടെക്കു ആണെന്നും മാത്രം.

­­­­­­­­­­­­­­­­­­­­­­­­­റെയില്‍വേ സ്റ്റേഷനില്‍നിന്നും അവിചാരിതമായാണ് മലയാളം സംസാരിക്കുന്ന  ഒരു ഗൈഡിനെ ലഭിച്ചത്. ശ്രേയസ്സ് എന്ന് സ്വയം പരിചയപ്പെടുത്തി മിതമായ നിരക്കില്‍ കച്ചവടം പറഞ്ഞുറപ്പിച്ച യുവാവ് ! അയാളുടെ ചുറുചുറുക്കിനും യുവത്വത്തിനും മീതെ ശാന്തതയുടെ പരിവേഷവും ഉള്ളതായി ദാമോദരനു തോന്നി.രണ്ടു ദിവസം ട്രെയിനില്‍ അച്ഛനോടു സംസാരിക്കാന്‍ ശ്രമിച്ചതാണ് ദാമോദരന്‍, പക്ഷേ എപ്പോഴും സംഭവിക്കാറുള്ളതു പോലെ ഇത്തവണയും...
അസ്സിഘട്ടിന്റെ പടവുകളില്‍ പൂജാരി ഹിന്ദിയില്‍ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ മാതൃഭാഷ അല്ലാതെ ഒരു വാക്കു അറിയാത്ത അച്ഛന്‍ അനുസരണയോടെ അതെല്ലാം ചെയ്യുന്നത് കണ്ടപ്പോള്‍ ദാമോദരനു അത്ഭുതം തോന്നി.ചെറിയ അമര്‍ഷവും. നഗരത്തിലെ രീതികളും ആയി അച്ഛന്‍ പൊരുത്തപ്പെടില്ലത്രേ,മാറ്റങ്ങള്‍ അച്ഛന് ഇഷ്ടമില്ലത്രേ, എന്നിങ്ങനെ എന്തെല്ലാം വാദങ്ങള്‍ നിരത്തി .....
കലങ്ങിയ വെള്ളത്തിന്‍റെ നിറം അല്ലായിരുന്നു ഗംഗയ്ക്ക് അപ്പോള്‍. പടിയിറങ്ങിയവര്‍ അവശേഷിപ്പിച്ച് പോയ സ്വപ്നങ്ങള്‍, ഭസ്മത്തിന്‍റെ അനേകായിരം ധൂളിയായി, ഒട്ടനവധി ചുഴികളില്‍ വട്ടം തിരിഞ്ഞു,ഓളങ്ങളില്‍ മുഴുവനായും അലിയുവാന്‍ കഴിയാതെ നുരകളായി ചാഞ്ചാടിയപ്പോള്‍, കാളിയന്‍ കറുപ്പിച്ച യമുനയെക്കാള്‍ തെല്ലൊന്നു മയപ്പെടുത്തിയ നരച്ച  നിറമായിതീര്‍ന്നിരുന്നു ഗംഗയ്ക്കും. കഴിഞ്ഞകാലങ്ങളില്‍ വസന്തങ്ങളും ഉണ്ടായിരുന്നു എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ട് നുരകള്‍ക്കൊപ്പം പല വര്‍ണ്ണങ്ങളില്‍ വലംവെച്ചിരുന്ന പൂക്കളും.
വെയിലിനു ചൂടേറിയപ്പോള്‍ തണല്‍പ്പറ്റി നിന്നിരുന്ന ശ്രേയസ്സിന്റെ അരികില്‍ ചെന്നിരുപ്പായി ദാമോദരന്‍. പുകച്ചുരുളുകള്‍ തെളിഞ്ഞ ആകാശത്തിലേക്കു നിര്‍ബാധം ഊതിവിടുന്ന ശ്രേയസ്സ് അയാള്‍ക്ക് പകുതി കത്തിയ ചുരുട്ട് നീട്ടി. വേണ്ടായെന്നു തലയാട്ടിയപ്പോള്‍ പ്രലോഭനത്തിന്റെ പുതിയ സമവാക്യമായി ശ്രേയസ്സ് കൂട്ടിച്ചേര്‍ത്തു “ നല്ലതാണ്. കാശിനാഥന്‍റെ പ്രസാദം തന്നെയാണ്.വിദേശികള്‍ വരെ ഇവിടെ എത്തുന്നത് ഇതിനായാണ് .” വികൃതമായ ചിരിയോടൊപ്പം വെള്ളപ്പുകയുടെ കനമില്ലാത്ത പുതിയ ചീളുകള്‍ ദാമോദരന്റെ മൂക്കിലേക്ക് തുളച്ചു കയറി. ചുമച്ചു കൊണ്ട് മുഖം തിരിച്ച ദാമോദരന്റെ അരികില്‍ നിന്ന് അല്പം നീങ്ങിയിരുന്നു കൊണ്ട് ശ്രേയസ്സ് ക്ഷമാപണം നടത്തി “ സോറി . ഐ തോട്ട് യു സ്മോക്ട്...”

എന്തെല്ലാമോ പുലമ്പിക്കൊണ്ട് പകുതി അരിശത്തിലും പകുതി ദേഷ്യത്തിലും കരഞ്ഞു കൊണ്ട് ഒരു സ്ത്രീ അരികിലുടെ കടന്നു പോയപ്പോള്‍ രണ്ടു പേരും ആ ദിശയിലേക്ക് നോക്കി. എന്താണെന്ന മുഖഭാവവുമായി നോക്കിയിരുന്ന ദാമോദരനോട് ശ്രേയസ്സ് മുഖ കൊടുക്കാതെ മറുപടി നല്‍കി “ ഇതിവിടെ സ്ഥിരമാണ്.നോക്കിയാല്‍ കാണാം അങ്ങുമിങ്ങും ഇങ്ങനെ ഒറ്റയ്ക്ക് വേവലാതിപ്പെട്ടു ഓടി നടക്കുന്ന വൃദ്ധരെ.ഈ തിരക്കില്‍ കൈവിട്ടു പോയവരല്ല ഇവര്‍.കൈയ്യൊഴിയപ്പെട്ടവരാണു.കാശി ആത്മാക്കള്‍ക്ക്‌ ശാന്തി ലഭിക്കുന്ന പുണ്യസ്ഥലം മാത്രമല്ല.ജീവിച്ചിരിക്കുന്ന ഒരുപറ്റം പേരുടെ അശാന്തിയുടെ വിളനിലവും മറ്റുചിലരുടെ അശാന്തിയുടെ പട്ടടയുമാണ്.ശ്രദ്ധിച്ചു നോക്കു, എത്ര പേരാണ് ഇങ്ങനെയെന്ന് ?” ഉച്ചാരണത്തിലെ പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ സാധാരണ അന്യഭാഷക്കാരുടെ മലയാളപദസമ്പത്തിനെക്കാള്‍ ഒരു പടി മേലെ തന്നെ ആയിരുന്നു ശ്രേയസ്സിനുണ്ടായിരുന്നത്.പക്ഷെ വിഷയത്തിന്‍റെ തീവ്രതയില്‍ ആണ്ടുപോയ ദാമോദരന് അത്ഭുതംകൂറാന്‍ ചുറ്റും ഒരുപാടു കാഴ്ചകള്‍ വേറെ ഉണ്ടായിരുന്നു.അയാള്‍ നോക്കിയ ദിക്കില്‍ എല്ലാം ശ്രേയസ്സിന്‍റെ വാക്കുകള്‍ക്ക് ജീവന്‍ വച്ച് ,ചലിക്കുന്ന, ജീവനുള്ള ചിത്രങ്ങളായി അലഞ്ഞു നടന്നു. മനസ്സില്‍ ഇന്നോളം ഉടലിടാതിരുന്ന ചിന്തകള്‍ പലതും ഉരുവാകുന്നതും ഞെട്ടലോടെ ദാമോദരന്‍ അറിഞ്ഞു......

******************************************************************************

ആള്‍ത്തിരക്ക്‌ മൂലം ആദ്യ ദിനത്തില്‍ അനുഭവപ്പെട്ട ഉഷ്ണം കഴിഞ്ഞ കുറെ മണിക്കൂറുകളായി ഇഴമുറിയാതെ പെയ്യുന്ന മഴയില്‍ അലിഞ്ഞു തീര്‍ന്നിരിക്കുന്നു. കടും വേനലിന്‍റെ കനലുകള്‍ നിരത്തിയിട്ടിരുന്ന വഴികളില്‍ എല്ലാം കുളിരുകോരി നനച്ചു കൊണ്ട് ട്രെയിനിനൊപ്പം കാര്‍മേഘങ്ങളും അനുഗമിച്ചുപ്പോന്നു. യാത്രക്കാരില്‍ ഭൂരിപക്ഷം പേരും ശാന്തരായിരുന്നു. വേവുന്ന ചിന്തകളിലും മഴനാമ്പുകള്‍  കിനിഞ്ഞിറങ്ങി ഇടക്കാലാശ്വാസം പകര്‍ന്നിരിക്കണം.മരുപ്പച്ചകള്‍ മിഥ്യകള്‍ അല്ല എന്ന് വെളിപ്പെടുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒന്നാണ് കടന്നു പോകുന്ന നിമിഷം എന്ന് തിരിച്ചറിയാത്ത ഒരാളെങ്കിലും ഇല്ലാതെ വരില്ലല്ലോ. ആ നിര്‍ഭാഗ്യവാന്‍ ദാമോദരന്‍ ആയിരുന്നു. ശ്വാസവായുവിലെ ഈര്‍പ്പം പോലും പക്ഷെ അയാളുടെ ഉള്ളു തണുപ്പിച്ചില്ല.സുഖമുള്ള ആ കാലാവസ്ഥയിലും അയാള്‍ വിയര്‍ത്തു, അടിമുടി ,ഇടതടവില്ലാതെ.... ചെയ്തു പോയ കര്‍മ്മത്തിന്റെ ഫലം എന്താകുമെന്ന് ഇത്രകണ്ട് ആലോചിക്കേണ്ടി വരുമെന്ന് അറിവുണ്ടായിരുന്നെങ്കില്‍ ചെയ്യില്ലായിരുന്നു.കണ്ണുകള്‍ പുകയുവാന്‍ തുടങ്ങിയിട്ട് ദിവസം ഒന്ന് കഴിഞ്ഞിരിക്കുന്നു.മായ്ക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ട കാഴ്ചകള്‍ ഒന്നൊന്നായി ശബ്ദത്തിന്‍റെ അകമ്പടിയോടെ കണ്മുന്നിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു.” ദാമ്വേ...പൊന്നുമോനെ പതുക്കെ ഓടു കുട്ടാ... .ഇനിയെന്താ കുട്ടന് വേണ്ടീതു പറയ്‌...എന്‍റെ മോനു പഠിച്ചു പഠിച്ചു ഒരു.... നിനക്കിഷ്ടാണെങ്കില്‍ അത് പറയാലോ,എനിക്കറിയാവുന്ന കുട്ടിയല്ലേ അവള്...എന്‍റെ ചെറുമകനാ..ഉസ്കൂളില്‍ ചേര്‍ക്കാന്‍ പുവ്വാ...അമ്മയ്ക്കും എനിക്കും ഇഷ്ടല്ല ...ഞങ്ങളില്ല എങ്ങോട്ടും ...” ഇറുക്കിയിറുക്കി കണ്ണുകള്‍ അടച്ചിട്ടും തികട്ടി വരുന്ന ഓര്‍മകളെ ആട്ടിപ്പായിക്കാന്‍ കഷ്ടപ്പെടുകയായിരുന്ന ദാമോദരനെ ഞെട്ടിച്ചു കൊണ്ട് മൊബൈല്‍ ചിലച്ചു..
“ എന്താണ് ഏട്ടാ ഇന്നലെ വിളിക്കാഞ്ഞേ...ഞാന്‍ വിളിച്ചിട്ടും കിട്ടിണില്ലാരുന്നല്ലോ.. അച്ഛന്‍ എവടെ ? സംസാരിച്ചോ അച്ഛനോട് ? സമ്മതിച്ചില്ലേ അച്ഛന്‍ ? എന്താ ഒന്നും മിണ്ടാത്തെ ? ഏട്ടാ ..ഏട്ടാ ...”
സീതയുടെ ആകാംഷ പരിഭ്രമത്തിന് വഴിമാറിയപ്പോള്‍ ദാമോദരന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു തുറന്നു .പുകഞ്ഞിരുന്ന കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്ന നീര്‍ക്കണങ്ങള്‍ മടിത്തട്ടില്‍ വീണു പൊട്ടി ചിതറി. “ ഞാന്‍ വിളിക്കാം സീതേ...ഞാന്‍ വിളിക്കാം ....” കോള്‍ അവസാനിപ്പിച്ചു ധൃതിയില്‍ വാതിലിനു അരികിലേക്ക് ചെന്ന ദാമോദരനെ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുവാന്‍ തുടങ്ങിയ മഴ എതിരേറ്റു. കണ്ണീരും മഴയും ഒന്നായി തീര്‍ന്ന ആ നിമിഷവും ജീവിതത്തിലെ ഒരു മരുപ്പച്ച ആണ് എന്നയാള്‍ ഇത്തവണ തിരിച്ചറിഞ്ഞിരിക്കണം !!
****************************************************************************

“ എന്‍റെ ദാമു അങ്ങെനെ ചെയ്യോ ? അവനെ ഞാന്‍ വളര്‍ത്തീതാണ്. നിന്നെ പോലെ ഒന്നുമല്ല. ഒരു തുള്ളി കള്ളു പോലും ഇറക്കീട്ടില്ല ഇതേ വരെ.അറിയോ? അവനു വഴി തെറ്റീട്ടുണ്ടാവും... ..അതുമല്ലെങ്കില്‍ അവനെന്തെങ്കിലും.. ഈശ്വര എന്‍റെ കുട്ടീനെ..... ഇല്ല ഇനി ഉപേക്ഷിച്ചതായാലും . . അവനു എന്നോട് പറയാമായിരുന്നു ...വീടും പുരയിടവും വിട്ടു കളയാന്‍ എനിക്ക് ഇഷ്ടക്കേട് ഉണ്ടായിരുന്നാച്ചാലും അവനിത്ര കണ്ടു ദണ്ണം ഉണ്ടാരുന്നെന്കില്‍ പണ്ടേ ഞാന്‍...പൊക്കോട്ടെ ..സ്വസ്ഥമായി ഇരിക്കട്ടെ .. “ ഒരു പകല്‍ ഇരുണ്ടു വെളുക്കെ പറഞ്ഞിട്ടും തീരാത്ത സങ്കടത്തില്‍ വീണ്ടും വീണ്ടും പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു നാരായണന്‍. ഒരുപാടു ആവര്‍ത്തി കേട്ടിട്ടും അല്പം പോലും ദേഷ്യം പ്രകടിപ്പിക്കാതെ ശാന്തനായി, കോരിച്ചൊരിയുന്ന മഴയിലേക്ക് പുകച്ചുരുളുകള്‍ പുറന്തള്ളിക്കൊണ്ട് ശ്രേയസ്സ് അയാള്‍ക്കരികില്‍ ഇരുന്നു.
ചാരനിറത്തില്‍ ശാന്തമായി ഒഴുകിയിരുന്ന ഗംഗ ഇപ്പോള്‍ കലങ്ങി,മണ്ണിന്‍റെ നിറമാര്‍ന്നു, അസ്സിഘട്ടിലെ പടികള്‍ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരുന്നു. പരിഭവങ്ങള്‍ പറഞ്ഞു തീരാതെ എന്ന പോലെ മഴ തോര്‍ന്നില്ല.പറഞ്ഞു പറഞ്ഞു മഴയോട് കിടപിടിക്കാന്‍ ആവില്ലായെന്നു കണ്ടു നാരായണന്‍ മൗനം പൂണ്ടു.
അവസാനത്തെ ചുരുട്ടും തീര്‍ന്നപ്പോള്‍ ശ്രേയസ്സ് നാരായണന് മുന്നില്‍ കുന്തിച്ചിരുന്നു. “ ഭായ്സാബ്‌, ഞാന്‍ ശരിക്കും ഗൈഡ് ഒന്നും അല്ല.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ...വേണമെങ്കില്‍ നാടോടി എന്ന് വിളിക്കാം. ഇവിടെ വന്നിട്ട് ഏകദേശം ഒരു മാസം കഴിയുന്നു. നിത്യവൃത്തിക്ക് വേണ്ടിയുള്ള കാശിനു വേണ്ടി ഈ പണി ഏറ്റെടുത്തു എന്നെ ഉള്ളൂ. യാത്ര ചെയ്യാന്‍ ഉള്ളത് ബാങ്കില്‍ ഉണ്ട് .”
നാരായണന്‍ ഒന്നും മനസ്സിലാവാതെ അയാള്‍ക്ക് മുന്നിലിരുന്നു.
“ അതെ ഞാന്‍ മുന്‍പ് ജോലി ചെയ്തിരുന്നു. ജോലി എന്ന് പറഞ്ഞാല്‍ ഗവേഷണം . ശാസ്ത്രഞ്ജന്‍ ആവാന്‍ ശ്രമിച്ചു എന്ന് പറയുന്നതാവും ശരി. ശാസ്ത്രത്തിന് ആതീതമായ കാര്യങ്ങള്‍ ഉണ്ടെന്നും അവ അനാവരണം ചെയ്യാന്‍ ലോകം കാണണം എന്നും തോന്നി . അത് കൊണ്ട് ഇറങ്ങി പുറപ്പെട്ടുവന്നെ ഉള്ളൂ. അടുത്ത യാത്രയ്ക്ക് സമയമായി എന്ന് തോന്നുന്നു. വെള്ളം പൊങ്ങി വരുന്നു. മഴ കുറയാന്‍ പോകുന്നുമില്ല.” ചോദ്യ ഭാവത്തില്‍ നോക്കിയ നാരായണന് ഉറപ്പു നല്‍കി കൊണ്ട് അയാള്‍ തുടര്‍ന്നു “ കാലാവസ്ഥ ഭൗമശാസ്ത്രം ഇത്യാദികളുമായി ബന്ധമുള്ള വ്യക്തിയാണ് ഞാന്‍ എന്ന് മനസ്സിലാക്കി കൊള്ളൂ.അടുത്ത യാത്ര ഇനിയും ഉയരത്തിലേക്കാണ്. ഒപ്പം കൂടുന്നതില്‍ എനിക്ക് വിരോധമില്ല.” പ്രതീക്ഷയോടെ അയാള്‍ ചോദിച്ചപ്പോള്‍ നാരായണനു സങ്കടം ഏറിയതേ ഉള്ളൂ! മേഘങ്ങള്‍ കരഞ്ഞു കൊണ്ടേ ഇരുന്നു...

*************************************************************************

 അസ്സിഘട്ടിന്റെ പടവുകളില്‍ ഇനി ഓളപ്പരപ്പിനു മുകളില്‍ എഴുന്നു നില്‍ക്കുന്നവ ഒന്നോ രണ്ടോ മാത്രം. പൂക്കള്‍ക്ക് പകരം ഒഴുകി അകലുന്നത് പശുക്കളും മരിച്ചവരും ജീവിച്ചിരിക്കുന്നവരും ആയ മനുഷ്യരും തന്നെ ആണ് ഇപ്പോള്‍. അലമുറകള്‍ എല്ലാം മഴയുടെ നിതാന്ത താളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ദാമോദരന്റെ കണ്ണെത്തുന്ന ദൂരത്തെങ്ങും അയാള്‍ അന്വേഷിച്ചു തളര്‍ന്ന രൂപം കണ്ടെത്താനായില്ല. അവസാനമായി കണ്ടത് ഇവിടെ വച്ചാണ്.... അത്രമാത്രം. ഒഴുകി അകലുന്ന ഒരു കസവ് വേഷ്ടി മുന്‍പ് കണ്ടത് തന്നെയോ എന്ന് ഉറപ്പിക്കാനകാതെ ദാമോദരന്‍ കണ്ണ് നിറച്ചു. തണുത്ത മഴയും ചെറുചൂടുള്ള കണ്ണീരും ഒരിക്കല്‍ കൂടി കലര്‍ന്നു. ചൂടിന്റെ നോവേറ്റുവാങ്ങി ബാഷ്പമായി തീര്‍ന്ന തുള്ളികളില്‍ ഒന്ന് ശക്തിയായി വീശി അകലുന്ന കാറ്റില്‍ മേലേക്ക് ഉയര്‍ന്നു പോയി...സമതലങ്ങളും ചെറുമലനിരകളും കടന്നു മേലേക്ക് ... താഴ്വരയിലേക്ക് എത്തി നോക്കുന്ന ഒറ്റമരത്തിന്റെ ശാഖകളില്‍ മഞ്ഞായി ഉറഞ്ഞു പോകുകയും ചെയ്തു...
*****************************************************************************************************
1188 കര്‍ക്കിടകം
മാനസസരോവരം

“എന്ത് തണുപ്പാണ്.” ഒറ്റമരത്തിന്റെ ചില്ലകളില്‍ ഒന്നില്‍ പിടിച്ചപ്പോള്‍ സൂര്യന്‍റെ ചൂടേറ്റ് മഞ്ഞുരുകി ഉണ്ടായി താഴേക്ക്‌ ഞാന്നു കിടന്നിരുന്ന ഒരു തുള്ളി വെള്ളം നെറ്റിമേല്‍ വീണപ്പോള്‍ കൊച്ചു കുട്ടിയെപ്പോലെ സന്തോഷിച്ചു കൊണ്ട് നാരായണന്‍ പറഞ്ഞു.
“ ഇവിടെ എന്നും തണുപ്പായിരുന്നു. ഒരു നൂറു കൊല്ലം മുന്‍പും. “
ശ്രേയസ്സിന്‍റെ പരാമര്‍ശത്തിന്റെ പൊരുള്‍ മനസ്സിലാവാതെ നാരായണന്‍ താഴ്വരയിലേക്ക് തന്നെ നോക്കി നിന്നു.
അയാള്‍ക്കൊപ്പം വന്നു നിന്നു കൊണ്ട് ശ്രേയസ്സ് കുറച്ചു കൂടി വിശദമാക്കി “ താഴെ പ്രളയം ആണ്. അല്ലെ ? ഇവിടെ മഞ്ഞും. ഒരു നൂറ്റാണ്ട് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ ഒരു തൊണ്ണൂറു വര്‍ഷം മുന്‍പ് നിങ്ങളുടെ നാട്ടിലും പ്രളയം ആയിരുന്നു .താഴത്തൊക്കെ അന്ന് പ്രളയം ആയിരുന്നു. പക്ഷെ അന്നും ഇന്നും നാളെയും ഇവിടെ മഞ്ഞു മാത്രമേ ഉണ്ടായിരിക്കൂ. കാലം മാറുന്നില്ല. ”
“കൊള്ളാം. ഇതാണോ ശാസ്ത്രഞ്ജന്‍ കണ്ടു പിടിച്ചത് ? “ ചെറുപ്പത്തിലെന്നോ മറന്നു വച്ച കുസൃതിയോടെ നാരായണന്‍ അയാളോട് ചോദിച്ചു,
“ ഇത് മാത്രമല്ല. ഒരു സിദ്ധാന്തം കൂടിയുണ്ട്. ആദ്യത്തേതിനു തെളിവ് നിരത്താന്‍ സാധിച്ചു. പക്ഷെ രണ്ടാമത്തേതിന് ...” ശ്രേയസ്സിന്‍റെ  മുഖത്ത് നിരാശ തെളിഞ്ഞു.
കളങ്കമില്ലാത്ത ആകാംഷയോടെ നാരായണന്‍ ചോദിച്ചു “ എന്താണ് രണ്ടാമത്തെ  സിദ്ധാന്തം ? ”

ദൂരങ്ങളിലേക്ക് ദൃഷ്ടി ഉറപ്പിച്ചു കൊണ്ട്‌ ശ്രേയസ്സ് വിഷാദത്തോടെ പറഞ്ഞു “ കാലത്തിനു മാത്രമല്ല മനുഷ്യനും മാറ്റമില്ല . പക്ഷെ അത് തെളിയിക്കാന്‍ എനിക്ക് ഈ ജന്മം മതിയാവുമെന്നു തോന്നുന്നില്ല” കൈയ്യെത്തും ദൂരത്തു ജീവിക്കുന്ന ഉദാഹരണങ്ങള്‍ കണ്ടിട്ടും തിരിച്ചറിയാന്‍ ആവാതെ വിദൂരതയില്‍ ഉത്തരം തേടി അവര്‍ രണ്ടു പേരും താഴ്വരയെ ഇളവെയില്‍ പൊന്നാട അണിയിക്കുന്നതും  നോക്കി നിന്നു !  

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഒരു അപഗ്രഥനത്തിന്‍റെ അനുരണനങ്ങള്‍

ഒരു അപഗ്രഥനത്തിന്‍റെ അനുരണനങ്ങള്‍

 

‘അല്പംകൂടി മുന്നോട്ടു പോകാം . ഇത്രയും ദൂരം വന്നില്ലേ ? ഇനി ഒരല്പം കൂടി.പ്ലീസ് ...’

മിഥില ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിലും പോകണം എന്നു തന്നെ ആയിരുന്നല്ലോ അയാളുടെ മനസ്സില്‍. എങ്കിലും തന്നിഷ്ടപ്രകാരം ചെയ്തതല്ലായെന്നു നടിക്കവേ,  മറിച്ചു, വിട്ടു കൊടുത്തതാണെന്നും ബോധിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷാതിരേകത്തില്‍ ചുണ്ടിന്റെ ഒരറ്റം വക്രിച്ചു.അത്രെയും മതിയല്ലോ.

‘എന്താണ് ഒരു കള്ളച്ചിരി?’ തല അല്പം ചരിച്ചു സീറ്റിലേക്ക്‌ ഒന്ന് കൂടി ചാഞ്ഞുകൊണ്ട് മിഥില ചോദിച്ചു.

ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ചുമല്‍ കുലുക്കിയപ്പോള്‍ അവളുടെ ഇളം പിങ്ക് നിറത്തില്‍ ഓമനിച്ചു വളര്‍ത്തിയ നഖങ്ങളുടെ മൂര്‍ച്ച അറിയാന്‍ കഴിഞ്ഞു അയാള്‍ക്ക്‌..

‘എന്നാല്‍ ഞാന്‍ പറയട്ടെ?’ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവള്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.

“ഉം ..?” അത്രെയൊന്നും ആത്മവിശ്വാസമില്ലാതെ അയാള്‍ മൂളി.

‘ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കിലും വണ്ടി മുന്നോട്ടു തന്നെ പോകുമായിരുന്നില്ലേ?’ മിഥിലയുടെ ഈ ചോദ്യം അയാളെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്..

“ആം ഐ ദാറ്റ്‌ ട്രാന്‍സ്പാരെന്‍റ് ? ”

‘കുറച്ചു’. കുസൃതിയും ഗൗരവവും ഇടകലര്‍ന്ന അവളുടെ ഉത്തരം അയാള്‍ക്ക് സാന്ത്വനം എകിയില്ല.മനസ്സില്‍ തോന്നിയത് തന്നെയാണ് ഇത്തവണ നാവില്‍ നിന്നും പുറത്തു ചാടിയത്.

“കടന്നുകയറ്റം.”

 ‘ആയിക്കോട്ടെ.പുറമ്പോക്ക് കൈയ്യേറി കുടികിടപ്പവകാശം നേടി കഴിഞ്ഞില്ലേ! ഇനി ഇറക്കി വിടാന്‍ വകുപ്പില്ല.’ മിഥിലയുടെ കുറ്റമറ്റ പ്രധിരോധത്തിന്റെ ഏറ്റവും വലിയ ആയുധമാകുന്നു ഈ നര്‍മം!


“പുറമ്പോക്ക്‌”... അനവസരങ്ങളില്‍ അയാളുടെ മനസ്സ് ഉടക്കാറുള്ളത് ഇപ്പോഴും ഇത്തരത്തിലുള്ള വാക്ശകലങ്ങളിലാണ്.

‘ഇനി അതിന്മേല്‍ കേറി പിടിക്കണ്ട. പുറമ്പോക്കില്‍ ആണ് ശംഖുപുഷ്പവും ഓര്‍ക്കിഡും ഒക്കെ പൂക്കുന്നത്.അതോര്‍ത്താല്‍ മതി’.മിഥിലയ്ക്കു ദേഷ്യം വരുമ്പോള്‍ എന്ത് കൊണ്ടോ യുക്തിബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട് എല്ലായപ്പോഴും.


“ശംഖുപുഷ്പവും ഓര്‍ക്കിഡും. രണ്ടിനും നിലവാരം ഒന്ന് തന്നെ അല്ലല്ലോ.ഭീമമായ അന്തരം ഇല്ലേ?” അയാള്‍ക്ക്‌ തര്‍ക്കിച്ചു ജയിച്ചു പരിചയം ഒട്ടുമില്ല. എങ്കിലും ശ്രമിക്കാതെ വയ്യല്ലോ.

‘ആ അന്തരം സൃഷ്ടിച്ചത് അവ സ്വയം അല്ലല്ലോ.’ വിരലുകള്‍ ഒരു നര്‍ത്തകിയെ പോലെ വശ്യമായി ചലിപ്പിച്ചു കൊണ്ട് മിഥില അയാളുടെ വാദം ഒരിക്കല്‍ കൂടി ഖണ്ഡിച്ചു.


“അന്തരം ഉണ്ടെന്നു സമ്മതിച്ചല്ലോ. ഭാഗ്യം !” മിഥില അല്പമൊന്നു അയഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിച്ചു കൊണ്ടാണ് അയാള്‍ അത് പറഞ്ഞത്.


മിഥില കൈമുട്ട് ഡാഷ്ബോര്‍ഡില്‍ കുത്തി അയാളെ നോക്കി ഇരുപ്പായി.അല്‍പനേരം അയാളെ ഉറ്റുനോക്കുന്നത് അവളുടെ പതിവാണ്. ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട് അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കാറിന്‍റെ വേഗത കുറച്ചു.

‘ വാക്കുകളെ , ആശയങ്ങളെ ഖണ്ഡിക്കുക എന്നതല്ല എന്‍റെ തൊഴില്‍.കുഴഞ്ഞു മറിഞ്ഞ നിന്‍റെ ചിന്തകളെ ശ്രദ്ധാപൂര്‍വ്വം വായിച്ചു,നിന്‍റെ കണ്ണുകള്‍ കൊണ്ട് കണ്ടു , നിന്‍റെ മനസ്സ്‌ കൊണ്ട് ചിന്തിച്ചു , നീ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ നിന്‍റെ വീക്ഷണങ്ങള്‍ക്ക് എന്‍റെ നാവിന്‍ തുമ്പിലൂടെ മറുജന്മം നല്‍കുക.ഈ പരിഭാഷ പ്രക്രിയയുടെ നീണ്ട യാത്രകളില്‍ നിന്‍റെ ബോധമനസ്സിനെ ശിഥിലമാവാതെ സൂക്ഷിക്കേണ്ടതുണ്ട്.അതിനു നിന്നെ ചൊടിപ്പിച്ചു കൊണ്ടേ ഇരിക്കെണ്ടതുണ്ട്.’


സ്ടിയറിങ്ങില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് അയാള്‍ മിഥിലയെ ഒന്ന് പാളി നോക്കി.ഉള്ളിലെ ചോദ്യങ്ങള്‍ ഇടമുറിയാതെ അയാളില്‍ നിന്നും ഒഴുകാന്‍ തുടങ്ങി.

“ഈര്‍പ്പമല്ലേ സ്ഥായിഭാവം എന്‍റെ ഉള്ളറകളുടെ ? ചോരയും മാംസവും നീ കാണുന്നുണ്ടാവില്ല അല്ലെ ? അവയൊക്കെ പിന്നെയും ആഴങ്ങളില്‍ അല്ലെ ?പക്ഷെ ഇരുണ്ട തുരങ്കം ആണ് നീ അലയുന്ന എന്‍റെ മനസ്സ് എന്ന് ഞാന്‍ അറിയുന്നു.ഈര്‍പ്പമുള്ള കരിങ്കല്‍ ചുമരുകളില്‍ നിന്‍റെ കൈത്തലം ഞാന്‍ അറിയുന്നു. കൈയിലെ മണ്‍വിളക്കിന്‍റെ വെളിച്ചം മതിയാവുന്നില്ല എന്ന നിന്‍റെ ആവലാതിയും, നിന്‍റെ തന്നെ താളം തെറ്റിയ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി ആ നാളം ആളുന്നതും ഞാന്‍ അറിയുന്നു.ആ മാത്രകളില്‍ നിന്‍റെ വലംകൈ തിരി നാളം പൊതിയുമ്പോള്‍ അന്യമാവുന്ന നിന്‍റെ സ്പര്‍ശം ഞാന്‍ കാത്തുസൂക്ഷിക്കുന്ന അന്ധകാരത്തിനു കട്ടി കൂട്ടുന്നതും ഞാന്‍..........”


മിഥില ഒന്നും പറയാനില്ലാത്തതു പോലെ വീണ്ടും അയാളെ നോക്കി.സംസാരിച്ചു തുടങ്ങിയപ്പോള്‍ മിഥിലയുടെ വാക്കുകളില്‍ വേര്‍തിരിക്കാനാവാത്ത സമ്മിശ്രവികാരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു.

‘ അതെ വിളക്കിന്‍റെ നാളം ഉലയുമ്പോള്‍ നിന്‍റെ ഈര്‍പ്പമുള്ള ചുമരുകള്‍ പൊള്ളുന്നതും അവ അകലുന്നതും വഴിയുടെ  വിസ്തൃതി വര്‍ദ്ധിക്കുന്നതും എന്‍റെ തന്നെ ചുവടുകള്‍ പിഴയ്ക്കുന്നതും ഞാനും അറിയുന്നു.’


“ മുറിവുകളെ താലോലിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ എന്ന്‍ കരുതുന്നുവോ ? ”


‘ അങ്ങനെ സാധാരണ മനുഷ്യര്‍ ചെയ്യാറില്ലല്ലോ.അതെ ഗണത്തില്‍ തന്നെ നിന്നെ കണക്കാക്കാന്‍ ആണ് എനിക്ക് ഇഷ്ടം.’ സുന്ദരമായി ചിരിച്ചു കൊണ്ട് മിഥില അയാളോട് ചേര്‍ന്നിരുന്നു.


 “ ഇഷ്ടം ഒന്ന് മാത്രമാണ് അല്ലെ ആ ഒരു നിഗമനത്തിന്റെ പ്രേരണ ? മറ്റുള്ളവര്‍ അങ്ങനെ കാണില്ല എന്നും നീ പറയാതെ പറയുന്നു.”
അയാളിലെ ആതാമാവിശ്വാസത്തിന്റെ ചുവരുകളിലെ വലിയ വിള്ളലില്‍ തട്ടി ശബ്ദം ഇടറിയതാണോ?


.‘ ഇത്തരത്തില്‍ ഉള്ള വാദഗതികളെ വഴി തിരിച്ചു വിടേണ്ട കടമ എനിക്കുണ്ട്. പക്ഷെ എന്ത് കൊണ്ടോ ആ ഒരു സിദ്ധി നഷ്ടപെടുന്നു.ഇടയ്ക്കെങ്കിലും! നിന്‍റെ കാര്യത്തില്‍ മാത്രം.You know, may be I have taken your case to a very personal level.’ മിഥിലയുടെ അസ്വസ്ഥത വാക്കുകളില്‍ പ്രകടമായിരുന്നു.കാഠിന്യം കുറയ്ക്കാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണമായി വിജയിക്കാന്‍ സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.


“Uncertain ?” ഒരു ചെറിയ വിജയം അയാളുടെ ചോദ്യത്തില്‍ തെളിഞ്ഞു കത്തി.



‘ വഴി മുട്ടി പോകുമ്പോള്‍ ഞാന്‍ എന്നെ ആശ്വസിപ്പിക്കാന്‍ കണ്ടു പിടിക്കുന്ന വികലന്യായീകരണങ്ങള്‍! ’മിഥില മുഖം തിരിച്ചു ഇരുപ്പായി.


മുളങ്കാടുകള്‍ ഇടതൂര്‍ന്നു വളരുന്ന പ്രദേശം എത്തിയിരിക്കുന്നു.കാര്‍ അറിയാതെ നിര്‍ത്തി പോയതാണോ അയാള്‍ ? അറിയില്ല. ചോദ്യം ചോദിക്കുവാന്‍ മിഥില ബുധിമുട്ടിയതുമില്ല.ഓരോ മുളങ്കൂട്ടത്തിനും ഇടയിലുള്ള തുറസ്സുകളില്‍ ഒന്നില്‍ അവള്‍ നിന്നു.ഇഷ്ടമില്ലാതിരുന്നിട്ടും അനുഗമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവള്‍ പോയില്ലായിരുന്നുവെങ്കിലും നിശ്ചയമായും ഇവിടെ ഇറങ്ങേണ്ടി വരുമായിരുന്നു.ആയിരം വട്ടം മനസ്സില്‍ പറഞ്ഞുറപ്പിചാലും മനസ്സ് അയാളെ അനുസരിക്കാറില്ലല്ലോ,പലപ്പോഴും.അത് കൊണ്ട്....


പൂത്തു കഴിഞ്ഞ് മുളകള്‍ വാര്‍ദ്ധക്യത്തിന്‍റെ വ്യാകുലതകളില്‍ ഉഴറി ഓരോ കാറ്റിലും പരസ്പരം പൊത്തിപ്പിടിച്ചും കൈകള്‍ കോര്‍ത്തും അവരുടെ ദീനരോദനം കേള്‍ക്കുമ്പോള്‍ .... സംഗീതം അല്ല അയാള്‍ക്ക്‌ കേള്‍ക്കാന്‍ ആവുന്നത്...മുങ്ങുന്ന കപ്പല്‍...ഒടിയുന്ന പാമരങ്ങള്‍,ഇരച്ചു കയറുന്ന വെള്ളത്തിന്‍റെ ശക്തിയില്‍ എല്ലുകള്‍ നുറുങ്ങുന്ന പലകകള്‍..മരണം അടുത്ത് നില്‍ക്കുന്നതു പോലെ ....


പണ്ട് അയാളുടെ അച്ഛന്‍റെ നാട്ടില്‍, ഒട്ടനവധി ചുഴികളുമായി കുത്തിയൊഴുകുന്ന തോടിനു ഒരുപാട് മുകളില്‍, നീണ്ട ഇടവേളകളില്‍ മാത്രം ട്രെയിന്‍ കടന്നു പോകുമായിരുന്ന പഴയ മേല്‍പ്പാലം.അതിനു ഇപ്പൊഴുള്ള പാലങ്ങള്‍ പോലെ കൈവരികള്‍ ഇല്ലായിരുന്നു. പാലങ്ങള്‍ക്ക് നടുവില്‍ പഴയ ഇരുമ്പ് തകിടുകള്‍. തുരുമ്പിച്ചവ ! നിറയെ തുളകളും അറ്റം പൊളിഞ്ഞതുമായി ചവിട്ടുമ്പോള്‍ ഞെരിഞ്ഞമര്‍ന്ന് നിലവിളിക്കുന്നവ.. എന്നോ ഒരിക്കല്‍ ആരോ...ലഹരിയുടെ പിടിയില്‍ സ്വന്തം കാല്‍പാദങ്ങളുടെ നിയന്ത്രണം നഷ്ടപെട്ട ഏതോ ഹതഭാഗ്യന്‍ താഴെ നിലവെള്ളത്തില്‍ വീണു ഒഴുകിപ്പോയെന്നു കേട്ട നാള്‍ മുതല്‍ ശബ്ദിക്കുന്ന ആ തുരുമ്പ് കഷണങ്ങള്‍ മരണത്തിന്റെ മാറ്റൊലികളായി മനസില്‍ പതിഞ്ഞിരിക്കുന്നു ... ഇപ്പോള്‍ അതോര്‍മ്മ വരാന്‍ ....മരണത്തിന്‍റെ മണമുള്ള മുളകള്‍...നിലത്ത് വീണു കരിഞ്ഞു കിടക്കുന്ന  മുളയരികള്‍...വരാന്‍ പോകുന്ന ദുരന്തത്തിന്‍റെ സന്ദേശവാഹകര്‍ ആയിരുന്നവര്‍ ...അവര്‍ക്കും മരണത്തിന്‍റെ മണമാണ്...അതായിരിക്കും.


മേലേ തലപ്പിനു മുകളില്‍ ത്രികോണാകൃതിയില്‍ ആകാശത്തിന്‍റെ കുഞ്ഞു തുണ്ട് ! അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ കണ്ണുകള്‍ അടഞ്ഞു പോകുന്നു ...തല കറങ്ങുന്നു ...

‘ എന്ത് പറ്റി ?’ മിഥില അയാളെ താങ്ങി നിലത്തിരുത്തി
.
‘വീണ്ടും   മരണമാണോ വിഷയം ?’

 അയാളുടെ ചുരുണ്ട  മുടിയില്‍ വിരലുകള്‍ ഓടിച്ചു കൊണ്ട്... അയാളുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ പിടയുന്ന ചിത്രങ്ങളെ സ്വന്തം മനസ്സില്‍  പുനസൃഷ്ടിച്ചു കൊണ്ട് അവള്‍ പറഞ്ഞു ‘  lie down. take a deep breath. count to ten.slowly ...slowly...relax.’


കരിഞ്ഞ പുല്ലും ഇലകളും വിരിച്ച നിലത്ത്, മിഥിലയുടെ മടിയില്‍ കിടക്കുമ്പോള്‍ അയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ വെളിച്ചം എത്തി നോക്കുന്നുണ്ടായിരുന്നു. അല്പം ഒന്ന് മുന്നോട്ടു കുനിഞ്ഞു മുടിയിഴകള്‍ കൊണ്ട് അവള്‍ അയാളുടെ  ആകാശം മറച്ചു.അപ്പോള്‍ അയാള്‍ കഷ്ടപ്പെട്ട് ചിരിച്ചു.


‘ അമ്മയെ ഓര്‍ത്തു അല്ലെ? ’അയാളുടെ മുഖത്തെ ശാന്തത കണ്ടപ്പോള്‍ മിഥില ചോദിച്ചു.


അതെ എന്ന അര്‍ത്ഥത്തില്‍ മൂളിയപ്പോള്‍ കണ്ണുകള്‍ അടഞ്ഞു പോയിരുന്നു

 ...തഴമ്പില്ലാത്ത മൃദുലമായ വിരലുകള്‍ നെറ്റിയില്‍ തലോടുന്നുണ്ടായിരുന്നു ....

ഒന്ന് കൂടി അയാളെ മുറുകെ പിടിച്ചു കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി...

‘ ഇന്നു അവസാനത്തെ session കഴിയും അറിയാല്ലോ ? ഇനി ഇത് പോലൊരു യാത്ര ഉണ്ടാവില്ല.പഠിപ്പിക്കുക മനസ്സിനെ ഇതെല്ലാം. എന്‍റെ എന്നല്ല ആരുടെ അഭാവവും ലോകത്തെ ഒരു മാത്ര പോലും പിടിച്ചു നിര്‍ത്തില്ല. ചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും.ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. നമ്മള്‍ നിന്നു പോയാല്‍ നില്‍ക്കുന്നത് നമ്മള്‍ മാത്രം. ആരോക്കെ വീണുപോയാലും നടക്കണം ...കഴിയുമെങ്കില്‍ മുന്നോട്ടു തന്നെ ....അധികം attached ആവരുത് ഒന്നിനോടും... കിട്ടാതെ വരുമ്പോള്‍ മുറിവുകള്‍ ഉണ്ടാകും ...ചോര പോലെ വേദന നിര്‍ബാധം ഒഴുകുകയും ചെയ്യും ! താമരയിലയില്‍ ഇറ്റിയ വെള്ളം പോലെ ...ഉള്ളില്‍ എന്ത് തന്നെ ആയാലും ചുറ്റുമുള്ള സകലതിനേയും പ്രതിഫലിപ്പിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുക..ഉരുണ്ടു കളിക്കുക...ഇടയ്ക്കു തെന്നി തെറിച്ചു മറ്റൊരു ഇലയിലേക്ക് ..അങ്ങനെ അങ്ങനെ...ഇല ഒരിക്കലും നമ്മുടെ സ്വന്തം അല്ല എന്നറിയുക ...ഇലയോടുള്ള സ്നേഹം വേദനയിലെ അടങ്ങു...ഇങ്ങനയൊക്കെ ചിന്തകളെ പരിമിതമാക്കാന്‍ , പരിവര്‍ത്തനം ചെയ്യാന്‍ നിനക്കു പരിപൂര്‍ണമായി  സാധിക്കും എന്ന് എനിക്കും നിശ്ചയമില്ല...എനിക്ക് തന്നെ സാധിക്കും എന്ന് പോലും....എങ്കിലും am atleast trying ...you should also sooner or later..unless its too late...therein lies your solace...’ 


“അഭയം എന്നൊന്നുണ്ടോ മിഥിലെ ? എന്നെങ്കിലും നീന്തി കടക്കാന്‍ കഴിയുന്ന വ്യാപ്തിയെ ഉള്ളോ ഈ ഓളപ്പരപ്പിനു ?” അയാള്‍ക്ക്‌ ഭയപ്പാട് ഏറിയതെ ഉള്ളു.
മിഥില വാക്കുകള്‍ തിരഞ്ഞു...മൗനം നിമിഷാര്‍ദ്ധത്തില്‍ അവസാനിക്കുകയും ചെയ്തു.


‘ ആരു പറഞ്ഞു അഭയം ഇല്ലാന്ന് ? ഇപ്പോള്‍ തന്നെ എന്‍റെ മടിത്തട്ടില്‍ അമ്മയുടെ ഓര്‍മകളുമായി നീ ചുരുണ്ട് കൂടിയില്ലേ ?
ഇവിടെ ഓര്‍മകളില്‍ ആണ് നീ അഭയം കണ്ടെത്തിയത്. മറ്റൊരിക്കല്‍ ലക്ഷ്യമില്ലാതെ കാലുകള്‍ നീട്ടി വച്ച് നടക്കുന്നതിലായിരിക്കാം ...അല്ലെങ്കില്‍ ഹെഡ്ഫോണിലെ ഒരു പാട്ട് കേള്‍ക്കുന്നതില്‍ ...അതുമല്ലെങ്കില്‍ വിശന്ന വയറിലേക്ക് ഒരു ഉരുള ചോറ് എത്തുമ്പോള്‍ ആയിരിക്കാം...വേറൊരിക്കല്‍ ഇന്നത്തെ പോലെ ഒരു ലോങ്ങ്‌ ഡ്രൈവ് ..അങ്ങനെ എന്തുമാവാം! എന്തും ...’


“ ആവോ! എനിക്കുറപ്പില്ല !! ഇനി ഞാന്‍ അങ്ങെനെ ഒന്നും ..മറ്റുള്ളവരെ അന്ധാളിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്നാണോ ?” എണീറ്റിരുന്ന് കൊണ്ട് അയാള്‍ സ്വന്തം ചിന്തകളിലെ ഒരിക്കലും അടങ്ങാത്ത അപായചിന്ഹ്നങ്ങളെ അന്വേഷിച്ചു .



‘ തീര്‍ച്ചയായും. ഇനി നിനക്ക് ധൈര്യമായി ഇന്റര്‍നാഷണല്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാം...സായിപ്പുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങോ ..ഒക്കെ ആവാം.
നോക്കൂ..നിന്‍റെ മുഖത്ത് തെറിച്ചു വീണ രക്തത്തുള്ളി നിന്‍റെ ഉള്ളിലാണ് വീണത്‌. അത് ഉണങ്ങിയപ്പോള്‍ നിനക്ക് അനുഭവപ്പെട്ടത് മരണത്തിന്‍റെ മണമാണെന്നു തീര്‍ച്ചപ്പെടുത്തിയതും നീ തന്നെ.തീര്‍ച്ചയായും നിനക്ക് ദുസ്വപ്നങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള റോഡിനെ നീ ഇപ്പോഴും വെറുക്കുന്നില്ല, ഭയക്കുന്നുമില്ല. അതിനര്‍ത്ഥം ആ സത്യങ്ങള്‍ നിന്‍റെ മനസ്സിനെ നീ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ ആണ്. കുറ്റം റോഡിന്‍റെതല്ലാ എന്നു നീ എന്നേ അംഗീകരിച്ചിരിക്കുന്നു. അത് പോലെ ഇതും...രണ്ടു തവണയും മരണം നിന്നെ തള്ളിപ്പറഞ്ഞത് നിന്‍റെ തെറ്റല്ല..ഓരോ കോണിലും നിനക്ക് ചുറ്റും മരണം ഒളിച്ചിരിക്കുന്നുമില്ല...രണ്ടു അനുഭവങ്ങള്‍ക്കും ഇടയിലെ കാലദൈര്‍ഘ്യം ആണ് നിന്നെ തളര്‍ത്തിയത്...സ്വപ്രയത്നത്തിലൂടെ ഒരുവിധം കരകയറിയ നിന്നെ വീണ്ടും അതെ നിലയില്‍ നീ കണ്ടപ്പോള്‍ സ്വാഭാവികമായും നിരാശ മനസ്സിനെ മുഴുവനായും കീഴടക്കി ...അത്രെയുമേ സംഭവിച്ചുള്ളൂ ...’ അയാളുടെ വിരലുകളെ സ്വന്തം വിരലുകളുമായി കൂട്ടിയിണക്കി മിഥില അയാള്‍ക്ക്‌ ഉറപ്പു നല്‍കാനെന്ന പോലെ ചേര്‍ന്ന് നിന്നു.



“മതി. ഇതെല്ലാം ഞാന്‍ ഒരുപാട് തവണ കേട്ടതാണല്ലോ.പക്ഷെ ഇത് പറയൂ, ഇത്രയും നാളില്‍ നമുക്കിടയില്‍ സംഭവിച്ചതൊക്കെ .. അതിനെ എങ്ങനെ ന്യായീകരിക്കും ?” മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത മനസ്സുമായി അയാള്‍ വീണ്ടും ഇരുളിലേക്ക് നടന്നുകൊണ്ടിരുന്നു.



‘ അങ്ങനെ ചെയ്യുന്നതിന്‍റെ ആവശ്യം എന്ത്. സ്നേഹം ഒരു വ്യക്തിയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു വികാരമല്ല എന്നു ഞാന്‍ മുന്‍പും പറഞ്ഞിട്ടില്ലേ ? നീ തെറ്റെന്നു കാണുന്നതു തെറ്റാണു എന്നു എന്താണ് ഉറപ്പു ? തെറ്റും ശരിയും ആത്യന്തികമായി ആപേക്ഷികം ആണ്.ഇതിനു മുന്‍പു ഞാന്‍ കണ്‍സള്‍ട്ട് ചെയ്ത 38 പേരോടും ഞാന്‍ ഇങ്ങനെ തന്നെ അല്ലായിരുന്നു എന്നു നിനക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ ? ’
അത് പറയുമ്പോള്‍ മിഥിലയുടെ കണ്ണുകള്‍ അയാള്‍ക്ക് കാണാന്‍ ആവുന്നുണ്ടായിരുന്നില്ല.പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്ന  അവളുടെ രൂപത്തിന് ഒരു ആവരണം പോലെ,മുളങ്കാടുകള്‍ക്ക്‌ അപ്പുറം നിശബ്ദം ഒഴുകുന്ന നീര്‍ച്ചാലില്‍ വീണു പ്രതിഫലിക്കുന്ന നനഞ്ഞ സൂര്യ രശ്മികള്‍ ഉണ്ടായിരുന്നു.

 
“പോകാം. രാത്രി 10 മണിക്ക്‌ മുന്‍പു ചെക്ക്‌ ഇന്‍ ചെയ്യേണ്ടതല്ലേ ?”



തിരിച്ചു പോക്ക് ഏറെക്കുറെ നിശബ്ദമായിരുന്നു. അവരുടെ ആദ്യത്തെ യാത്ര പോലെ തന്നെ.



പിരിമുറുക്കങ്ങള്‍ നിരാശയിലേക്കും നിരാശ കമ്പനിയെ നഷ്ടങ്ങളിലെക്കും നയിക്കുന്നുവെന്നതിനാലും മേലാളര്‍ കീഴാളര്‍ക്ക് അനുവദിച്ചു നല്‍കിയ സൗകര്യത്തിന്റെ ആനുകൂല്യത്തിലാണ് മിഥിലയെ ആദ്യമായി കാണാന്‍ സാധിച്ചത്.കമ്പനിയുടെ ഈ നഗരത്തിലെ ശാഖയിലെ അവസാനത്തെ കേസ് എന്ന നിലയില്‍ ഒട്ടും താല്പര്യത്തോടെ അല്ല മിഥില അന്ന് മുന്‍പില്‍ ഇരുന്നത്..പക്ഷെ ഇന്ന് ....ഒന്നിലധികം തവണ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ ഒന്നിലധികം തവണ താളം തെറ്റിയ മനസ്സും വീണു കിട്ടിയത് അവളുടെ കരിയര്‍ ഗ്രോത്തിനു സഹായിക്കും അത്രേ ...ക്ലിനികേല്‍ സൈക്കോളജിയുടെ ഔന്നത്യങ്ങള്‍ കയറാന്‍ സഹായിച്ചേക്കാവുന്ന ഏണിപ്പടി !! ഇതൊക്കെ അവള്‍ പറയുന്നുവെന്നത് ശരി. പക്ഷെ ലോകത്ത്‌ ആര്‍ക്കും ആരോടും ശാശ്വതമായ ബന്ധങ്ങളില്ല എന്ന് തനിക്ക് പറഞ്ഞു തരാന്‍ വേണ്ടിയാണോ... അതോ ഇനി ശരിക്കും  എല്ലാവരും പരസ്പരപൂരകങ്ങളായി സഹവര്‍ത്തിക്കുന്നുവെന്നെ ഉള്ളോ ? 

അവളുടെ ഉള്ളിലെ കണ്ണാടിയില്‍ അവള്‍ അയാളുടെ  രൂപം തന്നെ ആണ് പ്രതിഫലിപ്പിക്കുന്നത്. അയാളുടെ ഉള്ളിലെ ഇരുട്ടിനെക്കള്‍ കട്ടിയുള്ള വെളിച്ചമാണു അവളുടെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നത്...ഒന്നും കാണാനാവാത്തത്ര തെളിച്ചം ....


ജീവനുള്ള ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു അവസ്ഥ അല്ല സ്നേഹം എന്നാണ് അവള്‍ പറഞ്ഞത്. അനേകം വ്യക്തികളെ ഒരേ സമയം...പല നിറങ്ങള്‍ നല്‍കണം എന്നു മാത്രം ...ചില നിറങ്ങള്‍ ഒരേ  നിറത്തിന്റെ പല തലങ്ങള്‍ എന്ന മട്ടിലും ...ഒരുപാട് നിര്‍വ്വചനങ്ങള്‍ !!  അങ്ങനെ നിര്‍വ്വചനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവള്‍ പോകുകയാണ് മറ്റൊരു നഗരത്തിലേക്ക് ...അവളുടെ കുടുംബമുള്ള സ്ഥലത്തേക്ക് ....





‘ ഇവിടെ മതി ...’ നാലുകൂട്ടപ്പെരുവഴിയില്‍ നിന്നു മിഥില അത്രെയും നാള്‍ താമസിച്ചിരുന്ന തെരുവിലേക്ക് കാര്‍ പ്രവേശിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
ഡോര്‍ അടച്ചു അയാള്‍ക്ക്‌ മുഖം തരാതിരിക്കാന്‍ എന്നോണം ധൃതിയില്‍ നടക്കാന്‍ തുടങ്ങിയ അവളോട്‌ അയാള്‍ ചോദിച്ചു
“ ഇനി കാണുമോ ? ”

‘ ഇല്ല .പോക്കോളു. ’ സ്വരത്തില്‍ യാതൊരു ഭാവഭേദവുമില്ലാതെ മിഥില മറുപടി പറഞ്ഞു.


“ പോകാം. സത്യം പറയൂ . എന്നോട് പറഞ്ഞതൊക്കെയും ...കഴിഞ്ഞ 38 പേരില്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ ? ”
അവസാനമില്ലാത്ത ചോദ്യങ്ങളില്‍ അവസാനത്തേത് എന്ന്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ ചോദിച്ചപ്പോള്‍ മിഥില മുന്‍പ് എപ്പോഴും ചെയ്യുന്നതു പോലെ അയാളെ സൂക്ഷിച്ചു നോക്കി...എന്ത് പറയണം എന്ന് ആലോചിക്കുവാന്‍ അവള്‍ ശൂന്യമായ നോട്ടം സാധാരണയില്‍ അധികം അയാളില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തി.അവസാനത്തെ അപഗ്രഥനം ...


‘ നിനക്ക് അങ്ങനെ തോന്നുന്നുവോ ? ’



“ എനിക്കു അങ്ങനെ കരുതാന്‍ ആണ് ....”


പ്രതീക്ഷകള്‍ എന്ന പ്രതിഭാസം ഉള്ളില്‍ ഇന്നും ജീവനോടെ നിലകൊള്ളുന്നുതു തിരിച്ചറിഞ്ഞ അയാള്‍ ഒരു ചെറു ചിരി കൂട്ടിച്ചേര്‍ത്തു  ആ ഉത്തരത്തിനു ഒപ്പം


‘ പോകട്ടെ ? ’ മിഥില അനുവാദത്തിനു കാത്തു നില്കാതെ നടന്നു തുടങ്ങിയപ്പോള്‍ അയാളും കാര്‍ മുന്നോട്ടെടുത്തു .



റിയര്‍വ്യൂ മിററില്‍ അകലുന്ന രൂപത്തിന്‍റെ നിറഞ്ഞ കണ്ണുകളില്‍ അയാളുടെ ഉത്തരം തുളുമ്പി നിന്നിരുന്നു


.