2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

സ്മൃതിശേഖരം


`
സ്മൃതിശേഖരം

ഏട്ടനെന്തോ പറയാനുണ്ട്‌ . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പഞ്ഞമാസമാണ്. കാലത്തിന്റെ ദൈന്യത നിശ്വാസത്തിലൂടെ ഉള്ളിലെത്തിയെപ്പോള്‍ പുറത്തു വരാന്‍ മടിച്ചു നിന്ന ചിന്തകള്‍ ഒന്ന് കൂടി ഉള്‍വലിഞ്ഞതാവും
.
മുഖത്ത് മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം വളര്‍ച്ചയെത്തിയ താടി രോമങ്ങള്‍. അവയിലൂടെ ആകെ സഞ്ചരിച്ചു ഒടുവില്‍ എന്‍റെ കണ്ണുകള്‍ ചെറുതായി വിറയ്ക്കുന്ന ചുണ്ടുകളിലും വാക്കുകള്‍ പുറപ്പെടുവിക്കാന്‍ വിസമ്മതിക്കുന്ന തൊണ്ടക്കുഴിയിലും എത്തി നിന്നു
.
ഏട്ടന്‍ ഈ മുപ്പതാം വയസ്സിലും പുകയിലക്കറ പറ്റാതെ കാത്തു സൂക്ഷിക്കുന്ന ചുണ്ടുകള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഈയിടെയായ്‌ നേരിയൊരു അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മറ്റൊന്നുമല്ല എന്‍റെ പ്രിയതമ ഏട്ടനെ കണ്ടിട്ട് പറയുന്നു  “ ആണ്‍ പിറന്നവനാണേല്‍ ആറാം വിരല് പോലെ ആ പൂത്തിരി ഇങ്ങനെ കത്തിച്ചു പുകയ്ക്കണം എന്ന് നിര്‍ബന്ധമാണ് അല്ലെ. ഏട്ടനെ കണ്ടോ ചുണ്ടൊക്കെ നല്ല ചൊക ചൊകാന്നു...? “
 കാര്യം എന്നെ ദേഷ്യം പിടിപ്പിക്കാനും പുകവലി നിര്‍ത്തിക്കാനും ഉള്ള ദീര്‍ഘ നാളത്തെ ശ്രമത്തിനു ആക്കം കൂട്ടനുമാണ് ഉദേശിച്ചത്‌ എങ്കിലും എന്‍റെ പുരുഷത്വം അത് ഒരു വെല്ലു വിളി ആയിട്ടാണ് കണ്ടത്. ചുണ്ടിന്റെ ചോപ്പിനു ഇവള്‍ എന്ന് മുതലാണു ഇത്ര വിലകല്‍പ്പിക്കാന്‍ തുടങ്ങിയത് ? ആദ്യത്തെ ചുംബനത്തിന്റെ ഒടുവില്‍ ഒന്ന് ചുമച്ചു അവള്‍ പറഞ്ഞത് “ കിങ്ങ്സ്‌ എന്‍റെ അണ്ടകടാഹം വരെ എത്തി എന്ന് തോന്നുണു..” കോട്ടിയ മുഖം ഒന്ന് കൂടി പിടിച്ചടുപ്പിച്ചിട്ടു “ ഒന്ന് കൂടി നോക്കട്ടെ ..” എന്ന് പറഞ്ഞ്.............  ആ അവളാണ് ഇപ്പോള്‍........

“ ഡാ , ഞാനെ...ഞാന്‍ എല്ലാം പറയണ്ടെടാ..?” ...
ഏട്ടന്റെ ശബ്ദം  എന്‍റെ ചിന്താവലയത്തിലേക്ക് ആദ്യമായി കടന്നു വന്നു. മറ്റെന്തെങ്കിലും പറഞ്ഞോ ആവോ ? ഞാന്‍ കേട്ടില്ലാ ..
 ‘ഉം..എന്താന്നു ... ഞാന്‍ കേട്ടില്ല ഏട്ടാ ..’
“ ഒന്നുമില്ലെടാ. അത് പിന്നെ ആ കുട്ടിനോട് നമ്മടെ പഴേ കഥയൊക്കെ പറയണോന്നു ഒരു ചിന്ത..നെന്റെ അഭിപ്രായം ന്താ...? ഓള് അറിയെണ്ടേ ഇതെല്ലാം...നിയ്യ്‌ പറയ്‌ ...അറിയെണ്ടേ? കാര്യം ചെറുതാണെങ്കിലും ...ഇന്നിപ്പോ ഇങ്ങനെ ഒക്കെ ..വീണ്ടും കാണുംന്നു സ്വപ്നം കണ്ടതാണോ...ഇന്നാരോക്കെ കണ്ടു എന്ന് വല്ല നിശ്ചയണ്ടോ ? ഭാഗ്യക്കേടിനു നാളെ എന്‍റെ ഓളോട് ഒരാള് പറഞ്ഞ് അറിഞ്ഞാല്‍ ഞാന്‍ പിന്നെ അതിന്റെ മുഖത്തെ എങ്ങനെ നോക്കുംല്ലേ ? “
പെട്ടെന്നു ആരംഭിച്ച ആ സംഭാഷണത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായെങ്കിലും അതിലെ വികാരം അതെ അളവില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവോ എന്ന് സംശയം.  അല്‍പം കരുവാളിച്ച നെറ്റിയില്‍ ഞരമ്പ്‌ പിണഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ അറിയാം ഉള്ളിലെ യുദ്ധത്തിന്റെ പിരിമുറുക്കം നന്നേ ഉണ്ടെന്നു.
“ നിയ്യ്‌ ഒന്നും പറഞ്ഞില്ല..”
‘ ഹാ... അത് പിന്നെ ഏട്ടാ നിങ്ങള്‍ ഇങ്ങനെ ബേജാറാവാന്‍ മാത്രം ഒന്നുല്ല. ഇന്ന് ആ ചേച്ചി വന്നത് ആര് കണ്ടൂന്നാ? ആരാ ഇപ്പൊ ഇതൊക്കെ ശ്രദ്ധിക്കാന്‍? എല്ലാരും ഓരോരോ പണിയില്‍ ആയിരുന്നില്ലേ ..പോരാത്തതിന് ഇതൊരു കല്യാണവീടല്ലേ ? എത്ര പേര്‍ വരുന്നതാ ? അല്ലെങ്കില്‍ തന്നെ നിങ്ങടെ കഥ എനിക്കും നിങ്ങക്കും അല്ലാതെ ആര്‍ക്കാണു അറിയാ ? മാത്രമല്ല പറയാന്‍ മാത്രം എന്തെങ്കിലും സംഭാവിച്ചോന്നു ഏട്ടന്‍ തന്നെ ഒന്ന് ആലോചിച്ചു നോക്കു. ഒന്നുമില്ലാ.. പോയി കിടക്കു ഏട്ടാ...സ്വസ്ഥമായി ഉറങ്ങു..anyways tomorrow is a big day...’
“ നീ പറയണതാവും ശരി. ഉറങ്ങാം അല്ലെ...”
‘ഉം.. ഇങ്ങടെ ഓളെ ഒന്ന് വിളിചോളുട്ടോ ...ഇങ്ങനെ വേണ്ടാത്തെ വര്‍ത്തമാനം ഒന്നും പറയാണ്ട് കുറച്ചു മധുരമുള്ള എന്തേലും ഒക്കെ സംസാരിക്കു.അപ്പൊ കുറച്ചു ആശ്വാസം കിട്ടും ...അല്ലാണ്ട് കല്യാണത്തലേന്ന്..ഈ പഴങ്കഥ  പറയാന്‍ പോയാലെ നിങ്ങടെ കാര്യം സ്വാഹാ.....
അപ്പൊ ശരി എന്നാല്‍ ..ഗുഡ്നൈറ്റ്.’
“ഗുഡ്നൈറ്റ്”
മൊബൈലും എടുത്തു ഏട്ടന്‍ അകത്തേക്ക് നടന്നു ...കല്യാണ വീട് നേരത്ത ഉണരാന്‍ വേണ്ടി അല്പനേരത്തേക്കു മയങ്ങിതുടങ്ങിയിരിക്കുന്നു. ഉമ്മറത്ത്‌ ഇടയ്ക്കു ഒന്ന് എത്തി നോക്കുന്ന കാറ്റില്‍ നന്നേ തണുപ്പുള്ള ചാറ്റല്‍ മഴ തുള്ളികളും ഒളിച്ചിരിപ്പുണ്ട്...  ഒരു കിങ്ങ്സ്‌ കത്തിച്ചു..ചോദ്യം ചെയ്യാനുള്ളവര്‍ ഉറങ്ങി ഭാഗ്യം...ബാഗില്‍ നിന്നും ലാപ്ടോപ് പുറത്തെടുത്തു...പിന്നെ ആ പൊതിയും.. അതിനുള്ളില്‍  ഒരു എഴുത്തും ഒരു ക്ഷണക്കത്തും ഒരു ഗ്രീറ്റിംഗ് കാര്‍ഡും ഒരു മയില്‍‌പ്പീലിത്തണ്ടും..പിന്നെ ഒരു ഫോട്ടോയും...

കാലക്രമം അനുസരിച്ച്
1.ഗ്രീറ്റിംഗ് കാര്‍ഡ്‌
പുറമേ, ചുവന്ന റോസാപ്പൂക്കളുടെ ബൊക്ക തറയില്‍ മുട്ടുക്കുത്തി നില്‍ക്കുന്ന ആണ്‍കുട്ടി നീളന്‍ മുടി ഇരുവശങ്ങളിലേക്കും പിന്നിയിട്ട പെണ്‍കുട്ടിക്ക് നല്‍കുന്നു...അകമേ ചന്ദന നിറമുള്ള കാര്‍ഡിനുള്ളില്‍......
‘ wishing someone very SPECIAL a very HAPPY NEW YEAR
സ്നേഹപൂര്‍വ്വം
..............................
ഏട്ടന്റെ ജീവിതത്തിലെ ആ കാലഘട്ടത്തിനെ പറ്റി അടുക്കും ചിട്ടയുമുള്ള ഒരു ഓര്‍മ എന്റെ പക്കലില്ല . ആകെ ഓര്‍മയുള്ള സംഗതി ...സാധാരണ ഞായറാഴ്ചകളില്‍ അതിരാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു ഏട്ടനു. കളി കഴിഞ്ഞു വന്നാല്‍ നഷ്ടപെട്ട ഉറക്കം തിരിച്ചു പിടിക്കുവാനുള്ള പരിശ്രമവും ഉണ്ടാകാറുണ്ട്. എന്നാല്‍  പതിവിനു വിപരീതമായി ഏട്ടന്‍ കുളിച്ചൊരുങ്ങി പുറത്തു പോകുന്നു.ട്യുഷന്‍ ഉണ്ട് എന്നും  മറ്റോ പറഞ്ഞുവെന്നാണ് ഓര്‍മ. പിന്നീട് എപ്പോഴോ നിലാവുള്ള ഒരു രാത്രിയില്‍ തുറന്നിട്ട ജനാലയില്‍ കൂടി കടന്നു വരുന്ന നിലാവെളിച്ചത്തില്‍ കൈകളാല്‍  മുദ്ര കാണിച്ച് നിലത്ത് മാനും മുയലും ഒക്കെ നിഴലായി പ്രത്യക്ഷപ്പെടുത്തവെ അലസമായി ഏട്ടന്‍ പറഞ്ഞു ആ ഞായറാഴ്ച കുര്‍ബാനകളുടെ കുന്തിരിക്കം മണക്കുന്ന കഥകള്‍ ! കൂടുതല്‍ ചോദ്യങ്ങള്‍ എല്ലാം ആരേയും അസൂയപ്പെടുത്തുന്ന ആ ചിരി ഉപയോഗിച്ച് സമര്‍ത്ഥമായി ബ്ലോക്ക്‌ ചെയ്തു ആ രാത്രി അവസാനിപ്പിച്ചു. ഇപ്പോഴും ഞായറാഴ്‌ചകളില്‍ പള്ളിമണി മുഴങ്ങുമ്പോള്‍ ഏട്ടന്‍ തെല്ലിടെ മൗനിയാകും.
..ഓര്‍മപ്പെടുത്തലുകള്‍ അലോസരമുണ്ടാക്കുന്ന കുഞ്ഞു ഇടവേളകള്‍...


2.ഫോട്ടോ
ഊട്ടിയിലെയോ മറ്റോ ആയിരിക്കണം ഏതോ പാര്‍ക്ക്‌ബെഞ്ചില്‍ ഒരുമിച്ചിരിക്കാന്‍ ശ്രമിച്ചു അവര്‍. അവര്‍ക്കിടയില്‍ ഒരാള്‍ കൂടി ഇരിക്കാനുള്ള അത്രെയും അകലം ഉണ്ടായിരുന്നു..ചിരിക്കാന്‍ ശ്രമിച്ചിരുന്നു...കൈവിട്ടു പോകുമോ എന്ന ഭയം നഷ്ടപ്പെടുത്തിയത് ഏട്ടന്റെ ചിരിയുടെ ജീവനായിരുന്നു..ഫോട്ടോയിലെ തീയതി 12.12.03 എന്ന് രേഖപ്പെടുതിയിരുന്നതിനാല്‍ ഈ ഫോട്ടോ കത്തിനും മുന്‍പേ കാലക്രമത്തില്‍ വരുന്നു...

3.കത്ത്  
To
.................
ചക്കാലയ്ക്കല്‍ ഹൗസ്
കണിയാമ്പറ്റ,
ചീരാല്‍ പി.ഒ.
സു.ബത്തേരി
വയനാട്
4 മെയ്‌ 2004
പ്രിയപ്പെട്ട....
             വെക്കേഷന്‍ ഇത്ര നീളമുള്ളതാവുംന്നു കരുതീല.
You asked me not to write in malayalam, I oblige my queen. I have no means left to talk to you.My days lie barren. My eyes are sore. They have been punished with your absence for so long that nothing they see nowadays has got any colour of its own.Everything appears reminiscent of your colour.My love’s colour. Come back soon, along with the first shower of monsoon.
yours lovingly
.....................

കത്ത്‌ കണ്ടാല്‍ അറിയാം ഏട്ടന്‍ എഴുതിയതല്ല...അല്ല ഏട്ടന്‍ എഴുതിയതാണ്. ഏട്ടന്റെ കൈപ്പടയില്‍,ഏട്ടന്റെ ആശയങ്ങള്‍ മറ്റാരോ തര്‍ജ്ജമ ചെയ്തിരിക്കുന്നു. പാവം ഏട്ടന്‍.ആരെ കൊണ്ടോ  കഷ്ടപ്പെട്ട്  എഴുതിച്ചതാവും...സ്നേഹം ഒളിപ്പിച്ചു പിടിക്കുന്നതില്‍ ഇംഗ്ലീഷിന്റെ പങ്ക് എന്താവുംന്നു എട്ടനോട് ഈ വൈകിയ വേളയില്‍ ചോദിക്കുന്നത് ശരി അല്ലല്ലോ .. എങ്കിലും ചിരിയില്‍ ഒതുക്കിയ പ്രണയവിശേഷങ്ങളില്‍ ആ ചോദ്യത്തിന്റെ ഉത്തരം ഉണ്ടാകും .പക്ഷെ എനിക്കറിയില്ല...so അത് വിടാം.

4.ക്ഷണക്കത്ത്
‘ Praise Him with tambourine and dancing,
Praise Him with the strings and flute,
Let everything that has breath praise the LORD ‘ {Psalm 150}



We request your esteemed presence at the auspicious occasion of the marriage of our daughter
.................
with
...............
on the 24th  of April 2005, Sunday at Christ the King Church, Panamaram.........
................................................................................................................................


വരന്റെ പേര്‍ ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു...ദേഷ്യമോ നിരാശയോ ഏതായിരുന്നു മുന്നിട്ടു നിന്നിരുന്നത് എന്നറിയില്ല ...വികാരം ഏതായിരിന്നുവെങ്കിലും വെട്ടും തോറും അതിന്റെ കാഠിന്യം കുറഞ്ഞു കൊണ്ടേയിരുന്നു...ആ ചുവന്ന നേര്‍വര ഒടുവിലത്തെ അക്ഷരം മറച്ചിരുന്നില്ല..അറ്റത്ത് വെള്ളം വീണു ആ അക്ഷരത്തിന്റെ നിറം മാറിയിരുന്നു...

ഈ കഥ എനിക്ക് കുറച്ചൊക്കെ അറിയാം.സത്യത്തില്‍ ഇതാണ് എനിക്ക് ആകേ അറിയാവുന്ന കഥ.
സിനിമ കാണാം എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ കൂടെ ഇറങ്ങിത്തിരിച്ചത് .ബത്തേരി എത്തിയിട്ടും അടുത്ത ബസ്സില്‍ കേറാന്‍ പോകുമ്പോളാണു ഞാന്‍ ഏട്ടന്റെ മുഖം ശ്രദ്ധിച്ചത്..പിരിമുറുക്കം ആര്‍ക്കും വായിച്ചെടുക്കാം ആ മുഖത്തു നിന്ന്.എവിടേക്കാണ് എന്ന് ചോദിച്ചില്ല.ചോദിച്ചാല്‍ തന്നെ ആ ചോദ്യത്തിനു ഉത്തരം ലഭിക്കില്ലായെന്നു എനിക്കുറപ്പായി.
വീടിന്റെ മുന്നില്‍ പന്തലിന്നുള്ള കാലുകള്‍ നീട്ടിയിട്ടെ ഉണ്ടായിരിന്നുള്ളു..വീടിനു ചുറ്റും ഒരുപാട് പേര്‍ ഓടി നടക്കുന്നു,ഇതെല്ലാം നോക്കി നിസ്സംഗതയോടെ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അലസമായി നോട്ടം ഉയര്‍ന്നു പൊങ്ങുന്ന ഷാമിയാനയില്‍ നിന്നും ഏട്ടന്റെ മുഖത്തു എത്തിയപ്പോള്‍ മാത്രമാണ് എനിക്കെത്തിയ സ്ഥലവും അതിന്റെ അനന്തരഫലങ്ങളും എന്തായേക്കാമെന്ന് ചിന്ത വന്നത്.പോക്കെറ്റില്‍ നിന്നും എടുത്ത കടലാസ്സ് ഏട്ടന്‍ ആ പെണ്‍കുട്ടിയുടെ കൈവെള്ളയില്‍ വച്ച് കൊടുത്തു...ആ കടലാസ്സിന്റെ ഉള്ളടക്കം എന്താണെന്നു അറിയാന്‍ ഇത്ര നാള്‍ കാത്തിരിക്കേണ്ടി വന്നു എനിക്ക്...
ഒരു പെണ്ണിന്റെ കണ്ണുകള്‍ നിറയാന്‍ വളരെ കുറച്ചു സമയം മതിയെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.
തീയറ്ററിലെ ഇടവിട്ട്‌ മങ്ങുകയും തെളിയുകയും ചെയ്യുന്ന ചിത്രങ്ങളുടെ വെളിച്ചത്തില്‍ നനഞ്ഞ കവിള്‍ കാണാമായിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ കൈയില്‍ പിടിച്ചപ്പോള്‍ എന്റെ കൈയിലും വീണു ഒരു തുള്ളി...പ്രണയത്തിന്റെ പൊള്ളുന്ന ചൂട്...അന്ന് ഉറപ്പിച്ചതാണ് ഈ പരിപാടിക്കില്ല എന്ന്....എന്നിട്ടും....

5.മയില്‍പ്പീലി

ഇതിന്റെ പ്രാധാന്യമോ കാലക്രമത്തില്‍ ഇതിന്റെ സ്ഥാനമോ അറിയാന്‍ നിര്‍വാഹമില്ല.അറിയാന്‍ ശ്രമിച്ചാല്‍ ഉണങ്ങിയ വൃണങ്ങള്‍ വീണ്ടും പൊട്ടിയേക്കാം. അതു ഒഴിവാക്കുന്നതല്ലേ ഭംഗി ?
പക്ഷെ മാനം കാണിക്കാതെ കാത്തു സൂക്ഷിച്ച ആ മയില്‍പ്പീലി ഇരട്ടപെറ്റില്ല,അതില്‍ ഉറങ്ങി കിടന്ന സ്വപ്നങ്ങളും!! എന്നാലും അത് സൂക്ഷിച്ചു വച്ച് ഇന്ന് പകല്‍ ഒരു കുഞ്ഞിനേയും കൈ പിടിച്ചു വന്ന ആ സ്ത്രീയുടെ കണ്ണില്‍ നഷ്ടപെടലിന്റെ വേദന ഇപ്പോഴും തളം കെട്ടി നില്‍പുണ്ടായിരുന്നു.
സാരിയുടെ അറ്റം കൊണ്ട് കുഞ്ഞിന്റെ വിയര്‍ത്ത മുഖം തുടച്ചു കൊണ്ട് അവര്‍ എട്ടനോട് സംസാരിച്ചു..
വിളറിയ മുഖവുമായി ഏട്ടനും എന്തൊക്കെയോ മറുപടികള്‍ നല്‍കി...
ഇവരെ രണ്ടു പേരെയും മാറി മാറി നോക്കി ഞാനും നിന്നു...
‘ അമ്മെ രണ്ടു ചായ എടുത്തേ ‘ എന്നും പറഞ്ഞു ഏട്ടന്‍ പിന്നാമ്പുറത്തേക്ക് രക്ഷപ്പെട്ടു..
“ അന്ന് കല്യാണത്തിന് വീട്ടില്‍...അന്ന് കൂടെയുണ്ടായിരുന്ന ആളല്ലേ..അനിയന്‍..? “
അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ അവര്‍ ഒന്ന് ചിരിച്ചു...
“ കുട്ടീടെ അച്ഛന്‍ അറിയാണ്ട് പോന്നതാണ്...മോന്‍ ഇത് മൂപ്പര്‍ക്ക് ഒന്ന് കൊടുക്കണം...” നീട്ടി പിടിച്ച പൊതിയിലെക്കും അവരുടെ മുഖത്തും മാറി മാറി നോക്കിയപ്പോള്‍ അവര്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു “അല്ലെങ്കില്‍ വേണ്ട, ഞാന്‍ കരുതി മൂപ്പര്‍ക്കിപ്പളും...എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു..ഇനി ഇത് ഞാന്‍ സൂക്ഷിക്കുന്നതിലും കാര്യമൊന്നും....ഹ്..ഞാന്‍ ഇറങ്ങട്ടെ..”
അവര്‍ കുഞ്ഞിനേയും പിടിച്ചു നടന്നു തുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും എന്റെ നാവു ഞാന്‍ അറിയാതെ തന്നെ ശബ്ദിച്ചു
‘ ചേച്ചി ..ഒന്ന് നില്‍ക്കു...അതിങ്ങു തരു..’
“ വേണ്ട ഇനി ഇത് മൂപ്പരു കാണണ്ട...”
‘ നിങ്ങള്‍ രണ്ടാളും സൂക്ഷിക്കുന്നതില്‍ അല്ലെ തെറ്റ്‌.ഞാന്‍ സൂക്ഷിക്കുന്നതില്‍ ഇല്ലല്ലോ ?’

മുണ്ടിന്റെ മടക്കി കുത്തില്‍ ആ പൊതി തിരികെ വച്ച് കൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നപ്പോള്‍ ഏട്ടന്‍ ഉണങ്ങി തുടങ്ങിയ കാപ്പി ചെടിയുടെ ഇലകള്‍ വകഞ്ഞു മാറ്റി ബസ്‌ സ്റ്റോപ്പിലേക്ക് നടന്നകലുന്ന തന്റെ ഭൂതകാലത്തേക്ക് ഉറ്റു നോക്കി നില്‍ക്കുകയായിരുന്നു..
“ പോയി ഇല്ലേ ...നന്നായി...”
അതെ നന്നായി.....
എല്ലാം  വീണ്ടും പഴയ പോലെ പൊതിഞ്ഞു തിരികെ ബാഗില്‍ വച്ചപ്പോള്‍ മഴ തോര്‍ന്നു കഴിഞ്ഞിരുന്നു...നഷ്ടസ്വപ്നങ്ങളുടെ ആ ശേഖരം എന്റെ ഉള്ളില്‍ സമ്മിശ്ര വികാരങ്ങളുടെ വിത്തുകള്‍ പാകിയിരിക്കുന്നു..

മൊബൈല്‍ തപ്പി പിടിച്ചു സ്പീഡ്‌ ഡയല്‍ ചെയ്തു..അഞ്ചാമത്തെ റിങ്ങില്‍ ഉറക്കച്ചവടോടെ അവളുടെ ശബ്ദം കേട്ടു.. ”എന്താണ് മാഷേ വെള്ളമടിയാണോ...നേരമെത്രെയായി...”
‘നിനക്കറിയോ ..ആരും ഒന്നും മറക്കാറില്ല...’
“ ങേ ...എന്താന്നു ചെക്കാ.....ഒന്നുടെ പറയ്‌ കേട്ടില്ലാ...ഹലോ....ഹലോ.....പറയ്‌....”

‘ ഏയ്‌ ഒന്നുമില്ല.. നീ ഉറങ്ങിക്കോ ..love you...’
“ ഉം...love you too.. gudnite..”

ഒരു കിങ്ങ്സിനും കൂടി തിരി കൊളുത്തി കറുത്ത ആകാശത്തിനു നേര്‍ക്ക്‌ വെള്ളപ്പുക ഊതി വിട്ടു...

‘ ആരും... ഒന്നും.... മറക്കാറില്ല ..ശരിക്കും’

ശ്രീജിത് എസ്

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ