2013, ഫെബ്രുവരി 10, ഞായറാഴ്‌ച

ആറാമന്‍


ആറാമന്‍

“ നീതിപീഠത്തിന്‍റെ ഉന്നത പദവിയിലിരുന്ന താങ്കളെ പോലൊരു വ്യക്തി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമല്ലേ ഇത്.”

 മുഖം ക്ഷൗരം ചെയ്തു പച്ചയായ്‌ സൂക്ഷിച്ച ചെറുപ്പക്കാരന്‍റെ ചോദ്യം വന്നപ്പോള്‍ അയാള്‍ കണ്ണുകള്‍ ഒരു നിമിഷം മെല്ലെ അടച്ചു.പ്രതീക്ഷിച്ച ചോദ്യം.മനസ്സ്‌ ഏകാഗ്രമാക്കി മുന്നോട്ട് ആഞ്ഞു ഇളകിയിരുന്നു.

‘ അതെ. ഞാന്‍ പഠിച്ച നിയമസംഹിതയില്‍ അങ്ങനെ ഒരു തെറ്റിന് ശിക്ഷ ലഭിക്കാം. ലഭിക്കണം ! ’

“ അപ്പോള്‍ തെറ്റാണന്ന് സമ്മതിക്കുന്നു അല്ലെ? എങ്കില്‍ ഈ വൈകിയ വേളയില്‍ ഇത്തരം വെളിപെടുത്തലുകള്‍ നടത്തിയത് മാധ്യമശ്രദ്ധ പിടിച്ചു പറ്റാനുള്ള വിലകുറഞ്ഞ നാടകമാണെന്ന് ഞങ്ങള്‍ ആരോപിച്ചാല്‍ താങ്കള്‍ നിഷേധിക്കുമോ ? ”

*ഡാ കൊച്ചനെ, ഞങ്ങള്‍ വേണ്ട ഞാന്‍ മതി.അല്ലേലും ഈ ചെക്കന്‍ ആ പത്രത്തില്‍ നിന്നല്ലേ? അവന്‍റെ ഒടുക്കലത്തെ നാക്ക്! നാളത്തെ ഇഷ്യൂവില്‍ അവന്‍റെയും പിന്നെ മുകളിലെ താപ്പാനകളുടെയും ഭാവന കൂടി വിടര്‍ന്നാല്‍ പിന്നെ നോക്കണ്ടാ, ഒരു പത്തു കോളം വാര്‍ത്തയ്ക്കുള്ളതായി! *

 ആരോ പിന്‍നിരയില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ ആ മുറിയില്‍ ഒറ്റയ്ക്കല്ല എന്ന ബോധ്യം വന്നത്. തന്‍റെ ഒപ്പവും കുറച്ചു പേരുണ്ട് എന്നത് അയാളെ തെല്ലൊന്നു സന്തോഷിപ്പിച്ചു.
മുനിരയിലും പിന്‍നിരയിലും ഇരുന്ന വിവിധ പത്രങ്ങളില്‍ നിന്നുള്ള ലേഖകരുടെ ശബ്ദം ഉയര്‍ന്നിട്ടും ചെറുപ്പക്കാരന്‍ അക്ഷോഭ്യനായി തന്നെ തുടര്‍ന്നു.

“ താങ്കള്‍ ഉത്തരം നല്‍കിയെ തീരു. എന്തിന്നാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പുസ്തകം ഇറക്കിയത് ? അതില്‍ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിക്കാനും. ആളുകള്‍ വായിക്കണം എന്ന് നിര്‍ബന്ധമുള്ള വ്യക്തികള്‍ മാത്രമല്ലെ ഈ എഴുതിക്കൂട്ടുന്നതൊക്കെ ഒരു പുസ്തക രൂപേണ വിപണിയിലെത്തിക്കാന്‍ ശ്രമിക്കൂ? വിവാദം ഉണ്ടാക്കാന്‍ പ്രാപ്തിയുള്ള എന്തെങ്കിലും ആണ് വില്‍പ്പനയ്ക്ക് എത്തുന്നതെങ്കില്‍ മാത്രമേ ലാഭം കിട്ടുകയുള്ളൂ.ഈ പ്രകടനത്തിനു പിന്നിലെ ദുരുദ്ദേശം ഇതല്ലേ ?  താങ്കള്‍ ചെയ്ത കാര്യം ശരിയാണ് എന്ന ഉത്തമ ബോധ്യതിന്‍റെ വെളിച്ചത്തില്‍ ഈ സംഭവം ഇത്ര കാലം മറച്ചു പിടിക്കുന്നതില്‍ വിജയിച്ചുവല്ലോ . ഇനിയും അങ്ങനെ തന്നെ ആവട്ടെ എന്ന് കരുതുന്ന ഒരു വ്യക്തിയില്‍  നിന്ന് താങ്കള്‍ എപ്പോള്‍  വ്യതിചലിച്ചുവോ അപ്പോള്‍ മുതല്‍ ന്യായാധിപന്‍ അപരാധിയായിരിക്കുന്നു.പ്രശസ്തിക്കു വേണ്ടിയുള്ള ധൃതിയില്‍ കൈമോശം വന്നത് പഴയ ന്യായാധിപന്‍റെ പേരും തന്നെ.”

കൊടുങ്കാറ്റു പോലെ വന്നലച്ച വാക്കുകളുടെ മൂര്‍ച്ച അയാളുടെ കണ്ണില്‍ നേര്‍ത്ത ചുവന്ന വരകളായി,നനവിന്‍റെ തെളിമയായി.മറുപടി പറയാന്‍ ഉള്ള ആദ്യ ശ്രമം ഒരു ഗദ്ഗദത്തില്‍ ഒതുങ്ങി.സംയമനം പാലിച്ചു അല്പം വെള്ളം കുടിച്ചു അയാള്‍ ചെറുപ്പക്കാരനെ അലിവോടെ നോക്കി.

‘ ഫേസ്ബുക്കില്‍ ജനിച്ചു ട്വിറ്ററില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയുടെ ചിന്തകളുടെ വേഗതയിലും അതിന്റെ മൂര്‍ച്ചയിലും എനിക്ക് അത്ഭുതം തോന്നുന്നു.വിമര്‍ശനാത്മകത നല്ലതു തന്നെ. പക്ഷെ ഈ വയസ്സനോട് അല്പം കരുണയും മനുഷ്യത്തവും കാണിക്കുന്നതില്‍ തെറ്റില്ല.സുഹൃത്തേ താങ്കള്‍ ആ പുസ്തകം വായിച്ചുവോ ?’

“ ഉവ്വ്.മുഴുവന്‍ വായിച്ചില്ല.പ്രസക്ത ഭാഗങ്ങള്‍ മാത്രം...”

‘ മനസ്സിലായി , താങ്കള്‍ക്കു വേണ്ടത് മാത്രം അല്ലെ? ആ പുസ്തകം ഞാന്‍ എഴുതിയതല്ല എന്നുള്ള വസ്തുത നിങ്ങള്‍ ഓര്‍ക്കാഞ്ഞത് അത് കൊണ്ടാവും. സത്യമാണ് എന്‍റെ ഔദ്യോഗിക ജീവിതമാണ് ഇതിന്‍റെ ഇതിവൃത്തം.പക്ഷെ എന്‍റെ മകള്‍ എഴുതിയത് കൊണ്ട് മാത്രം അത് എന്‍റെ സൃഷ്ടി എന്ന് പറയുന്നത് തെറ്റല്ലേ ? ആദ്യ പേജിലെ വരി എന്താണെന്നു താങ്കള്‍ക്ക് അറിയുമോ ? ’

“ ഓര്‍മയില്ല ..”

‘ ഞാന്‍ എഴുതുന്നു, എന്‍റെ അച്ഛന്‍റെ കഥ, എനിക്ക് വേണ്ടി , ഈ ലോകത്തിനു വേണ്ടി....
ആ വരിയില്‍ ഉണ്ട് താങ്കള്‍ നേരത്തെ ചോദിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരം.’

അതു വരെ തലയുയര്‍ത്തി നിന്ന ചെറുപ്പക്കാരന്‍ അല്പം ഒന്ന് മൗനിയായി... 
“ ക്ഷമിക്കണം.”
അയാള്‍ അത് കണ്ടതായി ഭാവിച്ചില്ല.കളിയുടെ നിയമങ്ങള്‍ അയാള്‍ക്കും വശമുണ്ടല്ലോ.വീണു പോയവനെ തിരിഞ്ഞു നോക്കുമ്പോള്‍ തെറ്റുന്നത് യുദ്ധത്തിന്‍റെ നിയമങ്ങള്‍!

 നീണ്ടു നിന്ന ആ മൗനത്തിന്‍റെ ഒടുവില്‍ ചെറുപ്പക്കാരന്‍ വിനയത്തോടെ ചോദിച്ചു 
“ സര്‍, ഒന്ന് വ്യക്തമാക്കാമോ ? ”

‘ എങ്ങനെ? മുഴുവന്‍ പറഞ്ഞു കൊണ്ടോ ? കുറച്ചു നീണ്ടു പോകില്ലേ ? ’
“ ഞാന്‍, അല്ല.... ഞങ്ങള്‍ തയ്യാര്‍.”

ചെറുപ്പക്കാരന്‍ പിന്‍ബലത്തിനു വേണ്ടി ചുറ്റും നോക്കിയപ്പോള്‍ ഏവരും അതേറ്റു പിടിച്ചു.

‘ എങ്കില്‍ പറയുക തന്നെ... ’


........................................................................................................................
ആറാമന്‍ - അവന്‍റെ പേരില്‍ എന്തിരിക്കുന്നു.അവന്‍ ഒരു പ്രതിനിധി മാത്രം.വഴി തെറ്റി പോകുന്ന അനേകായിരം ബാല്യങ്ങളില്‍ ഒന്ന് അവന്‍റെതുമായിരുന്നു.അങ്ങനെ വഴി തെറ്റി പോയ ഏതൊരു ബാലകനും പറയാനുള്ള ദൈന്യതയുടെ കഥകള്‍ അവനുമുണ്ടാവാം. അടിച്ചമര്‍ത്തപ്പെട്ടവനോ നീതി നിഷേധിക്കപെട്ടവനോ ആവാം.നിരാലംബനും നിരാശ്രയനും ആവാം.വിശപ്പ്‌ മാറ്റാന്‍ ഭക്ഷണം നല്‍കാന്‍ കഴിയാതെ നിരാശയില്‍ നിന്ന് ഉടലെടുത്ത ശകാരങ്ങള്‍ മാത്രം വിളമ്പിയ അമ്മയുണ്ടാവാം അവനു.ചുവന്നു കലങ്ങിയ കണ്ണുകളും മൂന്നാം കിട ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമോ അതിലും കുറഞ്ഞ വാറ്റ്‌ ചാരയമോ കുടിച്ചു രാത്രികളില്‍ മിഠായി പൊതിക്ക് പകരം തളര്‍ന്നു കരഞ്ഞു ഉറങ്ങാന്‍ ഉതകുന്ന ചൂരല്‍കഷായം സമ്മാനിച്ചിരുന്ന ഒരച്ഛനുമുണ്ടാവാം.ആകെ ഭക്ഷിക്കാന്‍ കിട്ടുന്ന ഇത്തിരി ചോറിലും കൈയ്യൂക്ക് കൊണ്ട് ആധിപത്യം നേടുന്ന ഒരു ചേട്ടനോ എന്തിനും ഏതിനും കണ്ണ് നിറയ്ക്കുന്ന ഒരു കുഞ്ഞനിയത്തിയോ അനിയനോ ഉണ്ടാവാം. ഇവരെ എല്ലാം ഉപേക്ഷിച്ചു, അവന്‍റെ ഭാഷ്യത്തില്‍ രക്ഷപെട്ടു ഈ മഹാനഗരത്തില്‍ അവനും ഒരു നാള്‍ എത്തി ചേര്‍ന്നിരിക്കണം.കഷ്ടപാടും ദുരിതങ്ങളും ഇവിടെയും അവനു സന്തതസഹചാരികളായിരുന്നിരിക്കണം.എല്ലാ മഹാനഗരങ്ങളുടെയും ഐകഭാവമായ ആ കറുത്ത മുഖം അവന്‍റെ മുന്നിലും ഒരു നാള്‍ അനാവരണം ചെയ്യപ്പെട്ടിരിക്കാം.വിശപ്പിന്‍റെ കാഠിന്യത്തില്‍ ആ വഴി തന്നെയാണ് സുഗമം എന്നും അവന്‍ തിരിച്ചറിഞ്ഞിരിക്കാം.പ്രായത്തിനു മുതിര്‍ന്ന കൂട്ടുകാര്‍ ഒരു കൗമാരക്കാരനെ എങ്ങനെ ഒക്കെ സ്വാധീനിക്കാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?പുതിയ ലോകത്തിന്‍റെ ചൂടും തണുപ്പും ലഹരിയും എല്ലാം അവന്‍റെ സിരകളില്‍ അതി വേഗത്തില്‍ പായുന്ന രക്തം നിറച്ചു,എല്ലുകള്‍ക്ക് ബലവും ശബ്ദത്തിനു കനവും കൂടി വന്നപ്പോള്‍ ഒരു യുഗം പിറന്നത്രേ! എന്നിരുന്നാലും തിന്മയുടെ വഴികളില്‍ കാതങ്ങള്‍ താണ്ടിയിട്ടും ഭൂമിയില്‍ അന്നേവരെ ഒരു ജീവനും അവന്‍ നിമിത്തം പൊലിഞ്ഞിരുന്നില്ല.ഒടുവില്‍ അതും സംഭവിച്ചു.അവനെ ആറാമന്‍ ആക്കിയ ആ രാത്രിയും വന്നു.

രാത്രികള്‍ ഉണരുന്നത് തിന്മ അരങ്ങു വാഴുമ്പോള്‍ ആയിരിക്കണം.വീടണയാന്‍ വൈകിപോയ ഒരു മാന്‍പേട.ഒപ്പമുണ്ടായിരുന്ന ഇണയെ തളര്‍ത്തിയാല്‍ മാന്‍പേട വശംവദ ആയാലോ ?ഇനി ആയില്ലെങ്കിലും സാരമില്ല.ചോര വീഴാതെ കൊല്ലണം എന്നാര്‍ ശഠിച്ചു ?
അവര്‍ ആറുപേര്‍ ഉണ്ടായിരുന്നത്രെ.അവര്‍ എന്തല്ലാമോ ചെയ്തു.ഊഴം കാത്തു നിന്നവര്‍ ക്ഷമ നശിച്ചു പിന്നെയും എന്തൊക്കെയോ ചെയ്തു.ഭോഗത്തിനൊടുവില്‍ സ്ത്രീത്വം നശിക്കട്ടെ എന്ന് കരുതിയാണോ എന്തോ അവന്‍ ആറാമന്‍,അതും ചെയ്തു. കൗമാരത്തിന്‍റെ ആവേശത്തോടെ, യുവത്വതിലേക്ക് കയറാന്‍ പോകുന്നതിന്‍റെ ആഘോഷമെന്നോണം. അവനില്‍ എവിടെയോ ബാക്കി നിന്ന ബാല്യത്തിന്‍റെ അവസാന കണികയിലെ നിഷ്കളങ്കമായ കുസൃതി എന്നോണം- അതും ചെയ്തു.അവനും അവന്‍റെ കൂട്ടാളികളും നാം എല്ലാവരും തന്നെ പിറന്ന ഗര്‍ഭപാത്രത്തിലേക്ക് ഒരു ഇരുമ്പ് ദണ്ഡു ആഴ്ത്തി.ഏവരും ആര്‍ത്തു ചിരിച്ചു.ഭാരത കഥയില്‍ ആകവേ സ്ത്രീത്വത്തിനു മേല്‍ ഏല്‍ക്കുന്ന കളങ്കങ്ങള്‍ രാജസദസ്സില്‍ പോലും ആഘോഷിക്കപ്പെട്ടു.അപ്പോള്‍ പിന്നെ ഈ കാട്ടാള സദസ്സില്‍ വിഭിന്നമായ ഒരു സംസ്കാരം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാവില്ലേ.
ഉപേക്ഷിക്കപ്പെട്ട സ്ത്രീ ശരീരത്തില്‍ നിനും ജീവന്‍ വിട്ടു പോകാന്‍ മടിച്ചു. പൊരുതി, അനവധി നാള്‍. ഒടുവില്‍ നാടെങ്ങും പ്രതീകാരത്തിന്  മൗനമായി ആഹ്വാനം കൊടുത്തുകൊണ്ട് ആ ജീവന്‍ തിരി താഴ്ത്തി.

ആറാമന്‍ ആ രാത്രി സ്വസ്ഥമായി ഉറങ്ങി.വേട്ടയാടി ഭക്ഷിച്ചതിന്‍റെ ഗര്‍വ്വില്‍ സൂര്യന്‍ ഉദിച്ചതും ചക്രവാളങ്ങള്‍ രോഷഗ്നിയില്‍ പുകഞ്ഞു തുടങ്ങിയതും അറിയാതുറങ്ങി.ഉണര്‍ന്നപ്പോള്‍ വീണ്ടും യുഗപ്പിറവി. പുതിയ ലോകം. അവന്‍റെ ചോരയ്ക്ക് വേണ്ടി ലോകര്‍ അലറികൊണ്ട്  നാലുപാടും ഓടുന്നു.ആറാമന്‍ ചിരിച്ചു. ഇവര്‍ക്കെല്ലാം ഒരുമിച്ചു ഭ്രാന്തായോ ? ആദ്യമായാണോ ഈ നാട്ടില്‍ ഒരു പെണ്ണ് കൊല്ലപ്പെടുന്നത് ? അവന്‍റെ സമപ്രയക്കാരുടെ മുന്നില്‍ അവന്‍ തന്‍റെ ധീര കൃത്യം പലകുറി വിവരിച്ചു ആദരം നേടി.ഒടുവില്‍ ഒളിച്ചു കളി അവസാനിച്ചു.ആറാമനും ശേഷിച്ച അഞ്ചു പേരും നിയമത്തിന്‍റെ നീണ്ട കരങ്ങളില്‍ നിന്ന് രക്ഷപെട്ടില്ല. വൈകിയാണെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച നിയമപാലകര്‍ക്ക് സ്തുതി!

അന്വേഷണ ചുമതല കിട്ടിയ നാള്‍ മുതല്‍ ആറാമന്‍ മാത്രമായിരുന്നു എന്നെ അത്ഭുതപ്പെടുതിയത്.കുറ്റബോധം ആ കണ്ണുകളിലെ ഇല്ല.കുട്ടിത്തം ഉണ്ട് താനും.
ചോദ്യം ചെയ്യലും മറ്റു തുടര്‍നടപടികളും വീഡിയോ ടേപ്പില്‍ പകര്‍ത്തണം എന്ന് നിര്‍ദേശമുണ്ടായിരുന്നു.ആ മുറിയില്‍ ഞാനും ആറാമനും, എനിക്ക് പിന്നിലായി വാതിലിനടുത്ത് ഒരു കോണ്‍സ്റ്റബിളും. എന്‍റെ ചോദ്യങ്ങള്‍ക്കും അതിനു ആറാമന്‍ നല്‍കുന്ന മറുപടികളും കേട്ട് മൂക സാക്ഷിയായി , ശ്രോതാവ് മാത്രമായി ആ മനുഷ്യന്‍ നിന്നു.
ചോദ്യങ്ങള്‍ എല്ലാം അതീവ ലാഘവത്തോടെ അവന്‍  നേരിട്ടു. പുഞ്ചിരിയോടെ.പുച്ഛമില്ലായിരുന്നു.നിറയെകുട്ടിത്തം.കുറ്റബോധമില്ല.എന്നാല്‍ അഭിമാനമോ സന്തോഷമോ നിഷ്കളങ്കമായ എന്തോ ഒന്ന് അവന്‍റെ വാക്കുകളില്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടിരുന്നു.എന്തിനതു ചെയ്തു എന്ന ചോദ്യത്തിന് അവന്‍റെ ഉത്തരം എന്നെ അത്ഭുതപ്പെടുത്തി. ’ ഒരു രസത്തിന്...’ അവന്‍റെ അമ്മയോ പെങ്ങളോ ആയിരുന്നു ആ പെണ്‍കുട്ടി എങ്കില്‍ എന്നാരാഞ്ഞപ്പോള്‍ അവന്‍ പൊട്ടി ചിരിച്ചു ‘ അതിനവര്‍ രണ്ടു പേരും അല്ലായിരുന്നല്ലോ...’ ആ ചിരിയുടെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ വല്ലാതെ ഉലച്ചു.

 “അത് കഴിഞ്ഞു എപ്പോഴെങ്കിലും സങ്ങടമോ കുറ്റബോധമോ തോന്നിയോ ?” 

അവന്‍ വീണ്ടും ചിരിച്ചു... ' സങ്ങടമോ..എന്നെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമല്ലോ...കഴിക്കാന്‍ ബിരിയാണി... ഇതൊക്കെ നല്ലതല്ലേ ..പണിയും എടുക്കണ്ട...പിന്നെ എന്നെ കൊന്നു കളയില്ല എന്ന് ഇന്നലെ ഭക്ഷണം തന്ന പോലീസുകാരന്‍ പറഞ്ഞു...പിന്നെ എന്ത് പേടിക്കനാണ് ?’...ആദ്യമായി കുട്ടിത്തത്തിനു പിന്നില്‍ മറഞ്ഞിരുന്ന ചെന്നായ വെളിയില്‍ വന്നപ്പോള്‍ അറിയാതെ ചോദിച്ചു പോയി...” നിനക്ക് പേടി തോന്നിയില്ലേ ? അറപ്പ് തോന്നിയില്ലെ? രക്തം കണ്ടിട്ട് പോലും ?”
‘ ഞാന്‍ ഇതിനു മുന്‍പും രക്തം കണ്ടതാ, ഒത്തിരി.ആ പെണ്ണിന്‍റെ കരച്ചില്‍ കണ്ടു എല്ലാരും ചിരിച്ചു.അപ്പോള്‍ ഞാനും ചിരിച്ചു.പിന്നെ അവള്‍ക്ക് ബോധം പോയി....’എല്ലാം കേട്ട് തരിച്ചിരിക്കാനെ കഴിഞ്ഞുള്ളൂ...
 ശക്തമായി വാദിച്ചിട്ടും അവനു മാത്രം നിയമം ഇളവുകള്‍ വാരി ചൊരിഞ്ഞു.അവന്‍ ഭൂമിയില്‍ വന്നിട്ട് പതിനെട്ടു വര്‍ഷങ്ങള്‍ തികഞ്ഞില്ലത്രേ.അക്കാരണത്താല്‍ അവനു കാരാഗൃഹവാസം മാത്രമേ പറഞ്ഞിട്ടുള്ളെന്നു.അതും മറ്റുള്ളവര്‍ക്കൊപ്പം അല്ല.അവനെക്കാള്‍ ചെറിയ തെറ്റുകള്‍ ചെയ്തു മറ്റു കുട്ടികളോടൊപ്പം.ഭാരതം വീണ്ടും കരഞ്ഞു.ഒടുവില്‍ കോടതിവളപ്പിലെ തിക്കിലും തിരക്കിലും പെട്ട് കാക്കിയിട്ട ഒരാളുടെ നിറതോക്കില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിയ വെടിയുണ്ടയില്‍ ആറാമന്‍ ലോകത്തിനു മുന്നില്‍ മരിച്ചു വീണു.
കോടതി വളപ്പിലെ കശപിശ സ്വാഭാവികമായും അന്വേഷിക്കപ്പെടേണ്ടതാണെന്നും വന്നപ്പോള്‍ വീണ്ടും കരുക്കള്‍ എന്‍റെ മുന്‍പിലെത്തുകയായിരുന്നു.ആ ഒരാള്‍ ആരാണെന്നു അറിഞ്ഞപ്പോള്‍ മുതല്‍ വെടിയുണ്ട അബദ്ധത്തില്‍ പൊട്ടിയതല്ല എന്ന് എനിക്ക് സംശയം തോന്നിയിരുന്നു.അതാണ്‌  വിചാരണയും കുറ്റപത്രം സമര്‍പ്പിക്കലും സത്യാവസ്ഥ അറിഞ്ഞിട്ടു മതിയെന്ന് തീരുമാനിച്ചത്.ഔപചാരികമായ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും മുന്‍പ് സ്വകാര്യമായി അന്വേഷിക്കാമെന്ന് ഉറച്ചത് അതുകൊണ്ട് തന്നെ ആയിരുന്നു.
ഒട്ടും ബുധിമുട്ടെണ്ടി വന്നില്ല .സമ്മര്‍ദ്ദമൊന്നുമില്ലാതെ തന്നെ ആ മനുഷ്യന്‍ , മുപ്പതു കൊല്ലം രാഷ്ട്രത്തെ സേവിച്ച ആ പോലീസുകാരന്‍, കരഞ്ഞു കൊണ്ട് സമ്മതിച്ചു.
‘ അറിഞ്ഞു ചെയ്തതു തന്നെയാണ്.അത്രയ്ക്കൊന്നും ആലോചിക്കാനുള്ള സമയം ഇല്ലായെന്നു തോന്നി. റിട്ടയര്‍ ചെയ്യാന്‍ കഷ്ടി ഒരു വര്‍ഷമേ ഉള്ളൂ.ഒരു മകളുണ്ട്.പഠിപ്പിച്ചു വളര്‍ത്തിയിട്ടുണ്ട്.അവള്‍ ജീവിച്ചു കൊള്ളും.ഭാര്യ മരിച്ചു പോയി. പെന്‍ഷന്‍ കിട്ടി ജീവിക്കേണ്ട അവസ്ഥ മകള്‍ക്കില്ല. പക്ഷെ ഇവനെ പോലെ ഒരു ഹിംസ്രജന്തുവിനെ കൊന്നില്ലെങ്കില്‍, നാളെ എന്‍റെ തന്നെ മകളെയോ, അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും മകളെയോ അവന്‍..അത് വേണ്ട എന്ന് തോന്നി. സര്‍ അവനോടു സംസാരിച്ചതും അവന്‍ പറഞ്ഞതും ഒക്കെ ഞാനും കേട്ടതല്ലേ.കഴിഞ്ഞ പത്തു മുപ്പതു കൊല്ലമായി ഒരുപാടു പേരെ ഞാന്‍ കണ്ടതാണ്,പല പല കുറ്റങ്ങള്‍ ചെയ്തവര്‍..വളരെ കുറച്ചു പേര്‍ മാത്രമാണ് എന്നെ വല്ലാതെ പരിഭ്രമിപ്പിച്ചിട്ടുള്ളത്...അതും ഈ പ്രായത്തില്‍ ഉള്ളവര്‍ അതിലും ചുരുങ്ങും...സര്‍ ശ്രദ്ധിച്ചുവോ എന്ന് അറിയില്ല.അവനിലെ കുട്ടി മരിച്ചിട്ടില്ലായിരുന്നു.കുട്ടികളുടെ സഹജമായ വികൃതിത്തരങ്ങള്‍ ആണ് അവനില്‍ ഉള്ളത്, പക്ഷെ അവന്‍റെ പ്രവര്‍ത്തികള്‍ മുതിര്‍ന്നവരുടെതും ആയി പോയപ്പോള്‍, ആ കുട്ടിത്തം പ്രവചനാതീതമായ ഭീകരമായ ചിന്തകളിലേക്കും കൃത്യങ്ങളിലേക്കും അവനെ കൊണ്ടെത്തിച്ചെതാണ്...ഒരു ഉറുമ്പിനെ കൊല്ലുമ്പോള്‍ ഉണ്ടാകുന്ന അതെ സന്തോഷവും ലഹരിയും തന്നെ ആണ് അവനു ഒരു മനുഷ്യനെ കൊല്ലുമ്പോഴും കിട്ടുക....അതു എന്ത് മാത്രം ഭയാനകമാണെന്ന് സാറിന് ...... ആ തിരക്കില്‍ അവന്‍ അലിഞ്ഞില്ലാതവുമെന്നു എനിക്ക് തോന്നിപ്പോയി,അവന്‍ എന്‍റെ കണ്മുന്‍പില്‍ നിന്ന് മറഞ്ഞാല്‍ എന്‍റെ മകള്‍ എനിക്ക് നഷ്ടപ്പെടും എന്ന് പോലും എനിക്ക് തോന്നി...ഇത്ര കാലം റൈഫിള്‍ എന്തിയ എനിക്ക് പിഴവ് പറ്റില്ല സര്‍.നിറതോക്കാണെങ്കിലും അതിലെ ലോക്ക് കൈ അറിയാതെ മാറില്ല എന്ന് സാറിന് അറിയാമല്ലോ...തിക്കും തിരക്കും എന്നെ രക്ഷിക്കുമെന്ന് കരുതിയിട്ടല്ല...ശ്രമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.....
നിറയൊഴിക്കുമ്പോള്‍ നിങ്ങള്‍ കണ്ണുകള്‍ അടച്ചിരുന്നു അല്ലെ ?”
‘ സാറിനു അതെങ്ങനെ മനസ്സിലായി...?
 “എനിക്ക് തോന്നി ?”
‘ അവന്‍റ മുഖത്തു നോക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കു.....
സര്‍ നടപടി എടുത്തോളൂ. എന്നെ തൂക്കിലേറ്റിയാലും സങ്കടമില്ല.എപ്പോളാണ് ബാകി കാര്യങ്ങള്‍ എന്നുള്ളത് അറിഞ്ഞാല്‍ കൊള്ളായിരുന്നു. മകളെ ഒന്ന് കാണണം.’
“ വേണ്ട. താങ്കള്‍ക്ക് പോകാം. നമ്മള്‍ ഇതിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ല. നമ്മള്‍ കണ്ടിട്ടും ഇല്ല. മേലാവില്‍ എഴുതി കൊടുക്കേണ്ടത് എന്താണെന്നു എനിക്കറിയാം ധൈര്യമായി പൊക്കോളു. ”
‘ സര്‍ , അത് ..’
“ എനിക്കും ഒരു മകളുണ്ടടോ.. ആ വേദന എനിക്കും മനസ്സിലാവും....”

..................................................................................................................................അന്ന് എന്‍റെ മകള്‍ കുട്ടിയായിരുന്നു.എങ്കിലും ഉറങ്ങി കിടന്ന അവളുടെ കാല്‍ക്കല്‍ കിടന്നു ഞാന്‍ കരഞ്ഞു. കരഞ്ഞു കൊണ്ട് തന്നെ  എന്തല്ലമോ പറഞ്ഞു. എന്‍റെ കുറ്റസമ്മതം. അവള്‍ ഉണര്‍ന്നപ്പോള്‍ ചോദിച്ചു. അച്ഛന്‍ രാത്രി എന്തെല്ലാമോ എന്നോട് പറഞ്ഞില്ലേ എന്ന്... ഉവ്വെന്നു മൂളി.വളര്‍ന്നു വലുതാകുമ്പോള്‍ ഒരിക്കല്‍ കൂടി പറയാമെന്നു വാക്ക് കൊടുത്തു......അവള്‍ വളര്‍ന്നപ്പോള്‍... ഓര്‍മ്മകളും വളര്‍ന്നു...ഓര്‍ത്തു വച്ച് അവള്‍ എന്നോട് അത് ചോദിക്കുകയും ചെയ്തു...ഞാന്‍ പറഞ്ഞു എല്ലാം...
എപ്പോഴോ അവള്‍ക്കു തോന്നിയിരിക്കണം അച്ഛന്‍റെ രഹസ്യം ലോകം അറിയണമെന്ന്...അനുവാദം ചോദിച്ചിരുന്നു, നിഷേധമൊന്നും പറഞ്ഞില്ല, പക്ഷെ ആറാമനെ കൊന്നയാളുടെ വ്യക്തിത്വം വെളിപ്പെടുത്തരുത് എന്ന ഉടമ്പടി മേല്‍...’

“ സര്‍ പക്ഷെ ഇപ്പോള്‍...പിന്നെ...?”
‘ അദ്ദേഹം മരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എന്‍റെ രഹസ്യം എന്തൊക്കെ ഭൂതങ്ങളെ അഴിച്ചു വിട്ടാലും ഞാന്‍ മാത്രം ഭവിഷ്യത്തുക്കള്‍ അനുഭവിച്ചാല്‍ മതി എന്നത് കൊണ്ട് തന്നെ ആണ് ഇപ്പോള്‍ ....ഇനി  എന്ത് വിവാദങ്ങളും നിങ്ങള്‍ക്ക് ഉണ്ടാക്കാം..എന്നെ കല്ലെറിയാം , കൊന്നു കളയാം...എന്തും ചെയ്യാം...ഇനി എന്തെങ്കിലും അറിയേണ്ടതുണ്ടോ...?’
“ ഇല്ല സര്‍....”
‘ നമുക്ക് നിര്‍ത്താം..’
ഏവരും എഴുന്നേറ്റു...വാതില്‍ക്കലേക്ക് നടക്കവേ  ചെറുപ്പക്കാരന്‍ അഭിമുഖമായി വന്നു നിന്നു .
“ സര്‍, ക്ഷമിക്കണം, ഞാന്‍ എന്തൊക്കെയോ പറഞ്ഞു, വേദനിപ്പിച്ചു.ക്ഷമിക്കണം. “
‘ താങ്കളെ പറഞ്ഞിട്ട് കാര്യമില്ല. ഈ തലമുറയുടെ കുറ്റമാണ്.താങ്കള്‍ക്ക് അത് മനസിലാവില്ല...’
“  തലമുറയുടെ തെറ്റല്ല സര്‍. ചോദ്യം ചോദിക്കുക എന്നത് എന്‍റെ കര്‍മമാണ്.ഈ നിമിഷത്തിലും ഞാന്‍ അങ്ങ് ചെയ്തത് ശരി ആണെന്ന്  പറയില്ല.അതിലും ഒരു ശരി ഉണ്ടാകാം.അതു പക്ഷെ ആപേക്ഷികമാണ്. എനിക്കതേ അഭിപ്രായം എന്നെങ്കിലും വരുമെന്നും ഉറപ്പില്ല.പക്ഷെ  സര്‍ എനിക്കും ചിലതൊക്കെ മനസ്സിലാവും ...ചില കാര്യങ്ങളൊക്കെ..എല്ലാ തലമുറകളിലും വേരോടുന്ന ചില ബന്ധങ്ങള്‍ മാറില്ലല്ലോ.അതു കൊണ്ട്.കാരണം....എനിക്കും ഒരു ..."

 മനസ്സിലായി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ചെറുപ്പക്കാരന്‍റെ തോളില്‍ ഒന്ന് തട്ടി ,ചിരിച്ചു കൊണ്ട് അയാള്‍ നടന്നു, ആറാമന്മാര്‍ ഇനിയും മരിച്ചിട്ടില്ലാത്ത പുറം ലോകത്തിലേക്ക്‌.............