2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

ഒരു അപഗ്രഥനത്തിന്‍റെ അനുരണനങ്ങള്‍

ഒരു അപഗ്രഥനത്തിന്‍റെ അനുരണനങ്ങള്‍

 

‘അല്പംകൂടി മുന്നോട്ടു പോകാം . ഇത്രയും ദൂരം വന്നില്ലേ ? ഇനി ഒരല്പം കൂടി.പ്ലീസ് ...’

മിഥില ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കിലും പോകണം എന്നു തന്നെ ആയിരുന്നല്ലോ അയാളുടെ മനസ്സില്‍. എങ്കിലും തന്നിഷ്ടപ്രകാരം ചെയ്തതല്ലായെന്നു നടിക്കവേ,  മറിച്ചു, വിട്ടു കൊടുത്തതാണെന്നും ബോധിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ സന്തോഷാതിരേകത്തില്‍ ചുണ്ടിന്റെ ഒരറ്റം വക്രിച്ചു.അത്രെയും മതിയല്ലോ.

‘എന്താണ് ഒരു കള്ളച്ചിരി?’ തല അല്പം ചരിച്ചു സീറ്റിലേക്ക്‌ ഒന്ന് കൂടി ചാഞ്ഞുകൊണ്ട് മിഥില ചോദിച്ചു.

ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ ചുമല്‍ കുലുക്കിയപ്പോള്‍ അവളുടെ ഇളം പിങ്ക് നിറത്തില്‍ ഓമനിച്ചു വളര്‍ത്തിയ നഖങ്ങളുടെ മൂര്‍ച്ച അറിയാന്‍ കഴിഞ്ഞു അയാള്‍ക്ക്‌..

‘എന്നാല്‍ ഞാന്‍ പറയട്ടെ?’ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവള്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു.

“ഉം ..?” അത്രെയൊന്നും ആത്മവിശ്വാസമില്ലാതെ അയാള്‍ മൂളി.

‘ഞാന്‍ പറഞ്ഞില്ലായിരുന്നുവെങ്കിലും വണ്ടി മുന്നോട്ടു തന്നെ പോകുമായിരുന്നില്ലേ?’ മിഥിലയുടെ ഈ ചോദ്യം അയാളെ തെല്ലൊന്നുമല്ല അതിശയിപ്പിച്ചത്..

“ആം ഐ ദാറ്റ്‌ ട്രാന്‍സ്പാരെന്‍റ് ? ”

‘കുറച്ചു’. കുസൃതിയും ഗൗരവവും ഇടകലര്‍ന്ന അവളുടെ ഉത്തരം അയാള്‍ക്ക് സാന്ത്വനം എകിയില്ല.മനസ്സില്‍ തോന്നിയത് തന്നെയാണ് ഇത്തവണ നാവില്‍ നിന്നും പുറത്തു ചാടിയത്.

“കടന്നുകയറ്റം.”

 ‘ആയിക്കോട്ടെ.പുറമ്പോക്ക് കൈയ്യേറി കുടികിടപ്പവകാശം നേടി കഴിഞ്ഞില്ലേ! ഇനി ഇറക്കി വിടാന്‍ വകുപ്പില്ല.’ മിഥിലയുടെ കുറ്റമറ്റ പ്രധിരോധത്തിന്റെ ഏറ്റവും വലിയ ആയുധമാകുന്നു ഈ നര്‍മം!


“പുറമ്പോക്ക്‌”... അനവസരങ്ങളില്‍ അയാളുടെ മനസ്സ് ഉടക്കാറുള്ളത് ഇപ്പോഴും ഇത്തരത്തിലുള്ള വാക്ശകലങ്ങളിലാണ്.

‘ഇനി അതിന്മേല്‍ കേറി പിടിക്കണ്ട. പുറമ്പോക്കില്‍ ആണ് ശംഖുപുഷ്പവും ഓര്‍ക്കിഡും ഒക്കെ പൂക്കുന്നത്.അതോര്‍ത്താല്‍ മതി’.മിഥിലയ്ക്കു ദേഷ്യം വരുമ്പോള്‍ എന്ത് കൊണ്ടോ യുക്തിബോധം ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട് എല്ലായപ്പോഴും.


“ശംഖുപുഷ്പവും ഓര്‍ക്കിഡും. രണ്ടിനും നിലവാരം ഒന്ന് തന്നെ അല്ലല്ലോ.ഭീമമായ അന്തരം ഇല്ലേ?” അയാള്‍ക്ക്‌ തര്‍ക്കിച്ചു ജയിച്ചു പരിചയം ഒട്ടുമില്ല. എങ്കിലും ശ്രമിക്കാതെ വയ്യല്ലോ.

‘ആ അന്തരം സൃഷ്ടിച്ചത് അവ സ്വയം അല്ലല്ലോ.’ വിരലുകള്‍ ഒരു നര്‍ത്തകിയെ പോലെ വശ്യമായി ചലിപ്പിച്ചു കൊണ്ട് മിഥില അയാളുടെ വാദം ഒരിക്കല്‍ കൂടി ഖണ്ഡിച്ചു.


“അന്തരം ഉണ്ടെന്നു സമ്മതിച്ചല്ലോ. ഭാഗ്യം !” മിഥില അല്പമൊന്നു അയഞ്ഞതില്‍ ആത്മാര്‍ഥമായി സന്തോഷിച്ചു കൊണ്ടാണ് അയാള്‍ അത് പറഞ്ഞത്.


മിഥില കൈമുട്ട് ഡാഷ്ബോര്‍ഡില്‍ കുത്തി അയാളെ നോക്കി ഇരുപ്പായി.അല്‍പനേരം അയാളെ ഉറ്റുനോക്കുന്നത് അവളുടെ പതിവാണ്. ദീര്‍ഘനിശ്വാസം വിട്ടു കൊണ്ട് അവള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ കാറിന്‍റെ വേഗത കുറച്ചു.

‘ വാക്കുകളെ , ആശയങ്ങളെ ഖണ്ഡിക്കുക എന്നതല്ല എന്‍റെ തൊഴില്‍.കുഴഞ്ഞു മറിഞ്ഞ നിന്‍റെ ചിന്തകളെ ശ്രദ്ധാപൂര്‍വ്വം വായിച്ചു,നിന്‍റെ കണ്ണുകള്‍ കൊണ്ട് കണ്ടു , നിന്‍റെ മനസ്സ്‌ കൊണ്ട് ചിന്തിച്ചു , നീ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയ നിന്‍റെ വീക്ഷണങ്ങള്‍ക്ക് എന്‍റെ നാവിന്‍ തുമ്പിലൂടെ മറുജന്മം നല്‍കുക.ഈ പരിഭാഷ പ്രക്രിയയുടെ നീണ്ട യാത്രകളില്‍ നിന്‍റെ ബോധമനസ്സിനെ ശിഥിലമാവാതെ സൂക്ഷിക്കേണ്ടതുണ്ട്.അതിനു നിന്നെ ചൊടിപ്പിച്ചു കൊണ്ടേ ഇരിക്കെണ്ടതുണ്ട്.’


സ്ടിയറിങ്ങില്‍ അമര്‍ത്തി പിടിച്ചു കൊണ്ട് അയാള്‍ മിഥിലയെ ഒന്ന് പാളി നോക്കി.ഉള്ളിലെ ചോദ്യങ്ങള്‍ ഇടമുറിയാതെ അയാളില്‍ നിന്നും ഒഴുകാന്‍ തുടങ്ങി.

“ഈര്‍പ്പമല്ലേ സ്ഥായിഭാവം എന്‍റെ ഉള്ളറകളുടെ ? ചോരയും മാംസവും നീ കാണുന്നുണ്ടാവില്ല അല്ലെ ? അവയൊക്കെ പിന്നെയും ആഴങ്ങളില്‍ അല്ലെ ?പക്ഷെ ഇരുണ്ട തുരങ്കം ആണ് നീ അലയുന്ന എന്‍റെ മനസ്സ് എന്ന് ഞാന്‍ അറിയുന്നു.ഈര്‍പ്പമുള്ള കരിങ്കല്‍ ചുമരുകളില്‍ നിന്‍റെ കൈത്തലം ഞാന്‍ അറിയുന്നു. കൈയിലെ മണ്‍വിളക്കിന്‍റെ വെളിച്ചം മതിയാവുന്നില്ല എന്ന നിന്‍റെ ആവലാതിയും, നിന്‍റെ തന്നെ താളം തെറ്റിയ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി ആ നാളം ആളുന്നതും ഞാന്‍ അറിയുന്നു.ആ മാത്രകളില്‍ നിന്‍റെ വലംകൈ തിരി നാളം പൊതിയുമ്പോള്‍ അന്യമാവുന്ന നിന്‍റെ സ്പര്‍ശം ഞാന്‍ കാത്തുസൂക്ഷിക്കുന്ന അന്ധകാരത്തിനു കട്ടി കൂട്ടുന്നതും ഞാന്‍..........”


മിഥില ഒന്നും പറയാനില്ലാത്തതു പോലെ വീണ്ടും അയാളെ നോക്കി.സംസാരിച്ചു തുടങ്ങിയപ്പോള്‍ മിഥിലയുടെ വാക്കുകളില്‍ വേര്‍തിരിക്കാനാവാത്ത സമ്മിശ്രവികാരങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു.

‘ അതെ വിളക്കിന്‍റെ നാളം ഉലയുമ്പോള്‍ നിന്‍റെ ഈര്‍പ്പമുള്ള ചുമരുകള്‍ പൊള്ളുന്നതും അവ അകലുന്നതും വഴിയുടെ  വിസ്തൃതി വര്‍ദ്ധിക്കുന്നതും എന്‍റെ തന്നെ ചുവടുകള്‍ പിഴയ്ക്കുന്നതും ഞാനും അറിയുന്നു.’


“ മുറിവുകളെ താലോലിക്കാന്‍ ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ എന്ന്‍ കരുതുന്നുവോ ? ”


‘ അങ്ങനെ സാധാരണ മനുഷ്യര്‍ ചെയ്യാറില്ലല്ലോ.അതെ ഗണത്തില്‍ തന്നെ നിന്നെ കണക്കാക്കാന്‍ ആണ് എനിക്ക് ഇഷ്ടം.’ സുന്ദരമായി ചിരിച്ചു കൊണ്ട് മിഥില അയാളോട് ചേര്‍ന്നിരുന്നു.


 “ ഇഷ്ടം ഒന്ന് മാത്രമാണ് അല്ലെ ആ ഒരു നിഗമനത്തിന്റെ പ്രേരണ ? മറ്റുള്ളവര്‍ അങ്ങനെ കാണില്ല എന്നും നീ പറയാതെ പറയുന്നു.”
അയാളിലെ ആതാമാവിശ്വാസത്തിന്റെ ചുവരുകളിലെ വലിയ വിള്ളലില്‍ തട്ടി ശബ്ദം ഇടറിയതാണോ?


.‘ ഇത്തരത്തില്‍ ഉള്ള വാദഗതികളെ വഴി തിരിച്ചു വിടേണ്ട കടമ എനിക്കുണ്ട്. പക്ഷെ എന്ത് കൊണ്ടോ ആ ഒരു സിദ്ധി നഷ്ടപെടുന്നു.ഇടയ്ക്കെങ്കിലും! നിന്‍റെ കാര്യത്തില്‍ മാത്രം.You know, may be I have taken your case to a very personal level.’ മിഥിലയുടെ അസ്വസ്ഥത വാക്കുകളില്‍ പ്രകടമായിരുന്നു.കാഠിന്യം കുറയ്ക്കാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും പൂര്‍ണമായി വിജയിക്കാന്‍ സാധിച്ചില്ല എന്ന് തന്നെ പറയേണ്ടി വരും.


“Uncertain ?” ഒരു ചെറിയ വിജയം അയാളുടെ ചോദ്യത്തില്‍ തെളിഞ്ഞു കത്തി.



‘ വഴി മുട്ടി പോകുമ്പോള്‍ ഞാന്‍ എന്നെ ആശ്വസിപ്പിക്കാന്‍ കണ്ടു പിടിക്കുന്ന വികലന്യായീകരണങ്ങള്‍! ’മിഥില മുഖം തിരിച്ചു ഇരുപ്പായി.


മുളങ്കാടുകള്‍ ഇടതൂര്‍ന്നു വളരുന്ന പ്രദേശം എത്തിയിരിക്കുന്നു.കാര്‍ അറിയാതെ നിര്‍ത്തി പോയതാണോ അയാള്‍ ? അറിയില്ല. ചോദ്യം ചോദിക്കുവാന്‍ മിഥില ബുധിമുട്ടിയതുമില്ല.ഓരോ മുളങ്കൂട്ടത്തിനും ഇടയിലുള്ള തുറസ്സുകളില്‍ ഒന്നില്‍ അവള്‍ നിന്നു.ഇഷ്ടമില്ലാതിരുന്നിട്ടും അനുഗമിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അവള്‍ പോയില്ലായിരുന്നുവെങ്കിലും നിശ്ചയമായും ഇവിടെ ഇറങ്ങേണ്ടി വരുമായിരുന്നു.ആയിരം വട്ടം മനസ്സില്‍ പറഞ്ഞുറപ്പിചാലും മനസ്സ് അയാളെ അനുസരിക്കാറില്ലല്ലോ,പലപ്പോഴും.അത് കൊണ്ട്....


പൂത്തു കഴിഞ്ഞ് മുളകള്‍ വാര്‍ദ്ധക്യത്തിന്‍റെ വ്യാകുലതകളില്‍ ഉഴറി ഓരോ കാറ്റിലും പരസ്പരം പൊത്തിപ്പിടിച്ചും കൈകള്‍ കോര്‍ത്തും അവരുടെ ദീനരോദനം കേള്‍ക്കുമ്പോള്‍ .... സംഗീതം അല്ല അയാള്‍ക്ക്‌ കേള്‍ക്കാന്‍ ആവുന്നത്...മുങ്ങുന്ന കപ്പല്‍...ഒടിയുന്ന പാമരങ്ങള്‍,ഇരച്ചു കയറുന്ന വെള്ളത്തിന്‍റെ ശക്തിയില്‍ എല്ലുകള്‍ നുറുങ്ങുന്ന പലകകള്‍..മരണം അടുത്ത് നില്‍ക്കുന്നതു പോലെ ....


പണ്ട് അയാളുടെ അച്ഛന്‍റെ നാട്ടില്‍, ഒട്ടനവധി ചുഴികളുമായി കുത്തിയൊഴുകുന്ന തോടിനു ഒരുപാട് മുകളില്‍, നീണ്ട ഇടവേളകളില്‍ മാത്രം ട്രെയിന്‍ കടന്നു പോകുമായിരുന്ന പഴയ മേല്‍പ്പാലം.അതിനു ഇപ്പൊഴുള്ള പാലങ്ങള്‍ പോലെ കൈവരികള്‍ ഇല്ലായിരുന്നു. പാലങ്ങള്‍ക്ക് നടുവില്‍ പഴയ ഇരുമ്പ് തകിടുകള്‍. തുരുമ്പിച്ചവ ! നിറയെ തുളകളും അറ്റം പൊളിഞ്ഞതുമായി ചവിട്ടുമ്പോള്‍ ഞെരിഞ്ഞമര്‍ന്ന് നിലവിളിക്കുന്നവ.. എന്നോ ഒരിക്കല്‍ ആരോ...ലഹരിയുടെ പിടിയില്‍ സ്വന്തം കാല്‍പാദങ്ങളുടെ നിയന്ത്രണം നഷ്ടപെട്ട ഏതോ ഹതഭാഗ്യന്‍ താഴെ നിലവെള്ളത്തില്‍ വീണു ഒഴുകിപ്പോയെന്നു കേട്ട നാള്‍ മുതല്‍ ശബ്ദിക്കുന്ന ആ തുരുമ്പ് കഷണങ്ങള്‍ മരണത്തിന്റെ മാറ്റൊലികളായി മനസില്‍ പതിഞ്ഞിരിക്കുന്നു ... ഇപ്പോള്‍ അതോര്‍മ്മ വരാന്‍ ....മരണത്തിന്‍റെ മണമുള്ള മുളകള്‍...നിലത്ത് വീണു കരിഞ്ഞു കിടക്കുന്ന  മുളയരികള്‍...വരാന്‍ പോകുന്ന ദുരന്തത്തിന്‍റെ സന്ദേശവാഹകര്‍ ആയിരുന്നവര്‍ ...അവര്‍ക്കും മരണത്തിന്‍റെ മണമാണ്...അതായിരിക്കും.


മേലേ തലപ്പിനു മുകളില്‍ ത്രികോണാകൃതിയില്‍ ആകാശത്തിന്‍റെ കുഞ്ഞു തുണ്ട് ! അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ കണ്ണുകള്‍ അടഞ്ഞു പോകുന്നു ...തല കറങ്ങുന്നു ...

‘ എന്ത് പറ്റി ?’ മിഥില അയാളെ താങ്ങി നിലത്തിരുത്തി
.
‘വീണ്ടും   മരണമാണോ വിഷയം ?’

 അയാളുടെ ചുരുണ്ട  മുടിയില്‍ വിരലുകള്‍ ഓടിച്ചു കൊണ്ട്... അയാളുടെ അടഞ്ഞ കണ്ണുകള്‍ക്കുള്ളില്‍ പിടയുന്ന ചിത്രങ്ങളെ സ്വന്തം മനസ്സില്‍  പുനസൃഷ്ടിച്ചു കൊണ്ട് അവള്‍ പറഞ്ഞു ‘  lie down. take a deep breath. count to ten.slowly ...slowly...relax.’


കരിഞ്ഞ പുല്ലും ഇലകളും വിരിച്ച നിലത്ത്, മിഥിലയുടെ മടിയില്‍ കിടക്കുമ്പോള്‍ അയാള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ വെളിച്ചം എത്തി നോക്കുന്നുണ്ടായിരുന്നു. അല്പം ഒന്ന് മുന്നോട്ടു കുനിഞ്ഞു മുടിയിഴകള്‍ കൊണ്ട് അവള്‍ അയാളുടെ  ആകാശം മറച്ചു.അപ്പോള്‍ അയാള്‍ കഷ്ടപ്പെട്ട് ചിരിച്ചു.


‘ അമ്മയെ ഓര്‍ത്തു അല്ലെ? ’അയാളുടെ മുഖത്തെ ശാന്തത കണ്ടപ്പോള്‍ മിഥില ചോദിച്ചു.


അതെ എന്ന അര്‍ത്ഥത്തില്‍ മൂളിയപ്പോള്‍ കണ്ണുകള്‍ അടഞ്ഞു പോയിരുന്നു

 ...തഴമ്പില്ലാത്ത മൃദുലമായ വിരലുകള്‍ നെറ്റിയില്‍ തലോടുന്നുണ്ടായിരുന്നു ....

ഒന്ന് കൂടി അയാളെ മുറുകെ പിടിച്ചു കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി...

‘ ഇന്നു അവസാനത്തെ session കഴിയും അറിയാല്ലോ ? ഇനി ഇത് പോലൊരു യാത്ര ഉണ്ടാവില്ല.പഠിപ്പിക്കുക മനസ്സിനെ ഇതെല്ലാം. എന്‍റെ എന്നല്ല ആരുടെ അഭാവവും ലോകത്തെ ഒരു മാത്ര പോലും പിടിച്ചു നിര്‍ത്തില്ല. ചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും.ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല. നമ്മള്‍ നിന്നു പോയാല്‍ നില്‍ക്കുന്നത് നമ്മള്‍ മാത്രം. ആരോക്കെ വീണുപോയാലും നടക്കണം ...കഴിയുമെങ്കില്‍ മുന്നോട്ടു തന്നെ ....അധികം attached ആവരുത് ഒന്നിനോടും... കിട്ടാതെ വരുമ്പോള്‍ മുറിവുകള്‍ ഉണ്ടാകും ...ചോര പോലെ വേദന നിര്‍ബാധം ഒഴുകുകയും ചെയ്യും ! താമരയിലയില്‍ ഇറ്റിയ വെള്ളം പോലെ ...ഉള്ളില്‍ എന്ത് തന്നെ ആയാലും ചുറ്റുമുള്ള സകലതിനേയും പ്രതിഫലിപ്പിച്ചു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുക..ഉരുണ്ടു കളിക്കുക...ഇടയ്ക്കു തെന്നി തെറിച്ചു മറ്റൊരു ഇലയിലേക്ക് ..അങ്ങനെ അങ്ങനെ...ഇല ഒരിക്കലും നമ്മുടെ സ്വന്തം അല്ല എന്നറിയുക ...ഇലയോടുള്ള സ്നേഹം വേദനയിലെ അടങ്ങു...ഇങ്ങനയൊക്കെ ചിന്തകളെ പരിമിതമാക്കാന്‍ , പരിവര്‍ത്തനം ചെയ്യാന്‍ നിനക്കു പരിപൂര്‍ണമായി  സാധിക്കും എന്ന് എനിക്കും നിശ്ചയമില്ല...എനിക്ക് തന്നെ സാധിക്കും എന്ന് പോലും....എങ്കിലും am atleast trying ...you should also sooner or later..unless its too late...therein lies your solace...’ 


“അഭയം എന്നൊന്നുണ്ടോ മിഥിലെ ? എന്നെങ്കിലും നീന്തി കടക്കാന്‍ കഴിയുന്ന വ്യാപ്തിയെ ഉള്ളോ ഈ ഓളപ്പരപ്പിനു ?” അയാള്‍ക്ക്‌ ഭയപ്പാട് ഏറിയതെ ഉള്ളു.
മിഥില വാക്കുകള്‍ തിരഞ്ഞു...മൗനം നിമിഷാര്‍ദ്ധത്തില്‍ അവസാനിക്കുകയും ചെയ്തു.


‘ ആരു പറഞ്ഞു അഭയം ഇല്ലാന്ന് ? ഇപ്പോള്‍ തന്നെ എന്‍റെ മടിത്തട്ടില്‍ അമ്മയുടെ ഓര്‍മകളുമായി നീ ചുരുണ്ട് കൂടിയില്ലേ ?
ഇവിടെ ഓര്‍മകളില്‍ ആണ് നീ അഭയം കണ്ടെത്തിയത്. മറ്റൊരിക്കല്‍ ലക്ഷ്യമില്ലാതെ കാലുകള്‍ നീട്ടി വച്ച് നടക്കുന്നതിലായിരിക്കാം ...അല്ലെങ്കില്‍ ഹെഡ്ഫോണിലെ ഒരു പാട്ട് കേള്‍ക്കുന്നതില്‍ ...അതുമല്ലെങ്കില്‍ വിശന്ന വയറിലേക്ക് ഒരു ഉരുള ചോറ് എത്തുമ്പോള്‍ ആയിരിക്കാം...വേറൊരിക്കല്‍ ഇന്നത്തെ പോലെ ഒരു ലോങ്ങ്‌ ഡ്രൈവ് ..അങ്ങനെ എന്തുമാവാം! എന്തും ...’


“ ആവോ! എനിക്കുറപ്പില്ല !! ഇനി ഞാന്‍ അങ്ങെനെ ഒന്നും ..മറ്റുള്ളവരെ അന്ധാളിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്നാണോ ?” എണീറ്റിരുന്ന് കൊണ്ട് അയാള്‍ സ്വന്തം ചിന്തകളിലെ ഒരിക്കലും അടങ്ങാത്ത അപായചിന്ഹ്നങ്ങളെ അന്വേഷിച്ചു .



‘ തീര്‍ച്ചയായും. ഇനി നിനക്ക് ധൈര്യമായി ഇന്റര്‍നാഷണല്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാം...സായിപ്പുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങോ ..ഒക്കെ ആവാം.
നോക്കൂ..നിന്‍റെ മുഖത്ത് തെറിച്ചു വീണ രക്തത്തുള്ളി നിന്‍റെ ഉള്ളിലാണ് വീണത്‌. അത് ഉണങ്ങിയപ്പോള്‍ നിനക്ക് അനുഭവപ്പെട്ടത് മരണത്തിന്‍റെ മണമാണെന്നു തീര്‍ച്ചപ്പെടുത്തിയതും നീ തന്നെ.തീര്‍ച്ചയായും നിനക്ക് ദുസ്വപ്നങ്ങള്‍ മാത്രം നല്‍കിയിട്ടുള്ള റോഡിനെ നീ ഇപ്പോഴും വെറുക്കുന്നില്ല, ഭയക്കുന്നുമില്ല. അതിനര്‍ത്ഥം ആ സത്യങ്ങള്‍ നിന്‍റെ മനസ്സിനെ നീ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ ആണ്. കുറ്റം റോഡിന്‍റെതല്ലാ എന്നു നീ എന്നേ അംഗീകരിച്ചിരിക്കുന്നു. അത് പോലെ ഇതും...രണ്ടു തവണയും മരണം നിന്നെ തള്ളിപ്പറഞ്ഞത് നിന്‍റെ തെറ്റല്ല..ഓരോ കോണിലും നിനക്ക് ചുറ്റും മരണം ഒളിച്ചിരിക്കുന്നുമില്ല...രണ്ടു അനുഭവങ്ങള്‍ക്കും ഇടയിലെ കാലദൈര്‍ഘ്യം ആണ് നിന്നെ തളര്‍ത്തിയത്...സ്വപ്രയത്നത്തിലൂടെ ഒരുവിധം കരകയറിയ നിന്നെ വീണ്ടും അതെ നിലയില്‍ നീ കണ്ടപ്പോള്‍ സ്വാഭാവികമായും നിരാശ മനസ്സിനെ മുഴുവനായും കീഴടക്കി ...അത്രെയുമേ സംഭവിച്ചുള്ളൂ ...’ അയാളുടെ വിരലുകളെ സ്വന്തം വിരലുകളുമായി കൂട്ടിയിണക്കി മിഥില അയാള്‍ക്ക്‌ ഉറപ്പു നല്‍കാനെന്ന പോലെ ചേര്‍ന്ന് നിന്നു.



“മതി. ഇതെല്ലാം ഞാന്‍ ഒരുപാട് തവണ കേട്ടതാണല്ലോ.പക്ഷെ ഇത് പറയൂ, ഇത്രയും നാളില്‍ നമുക്കിടയില്‍ സംഭവിച്ചതൊക്കെ .. അതിനെ എങ്ങനെ ന്യായീകരിക്കും ?” മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത മനസ്സുമായി അയാള്‍ വീണ്ടും ഇരുളിലേക്ക് നടന്നുകൊണ്ടിരുന്നു.



‘ അങ്ങനെ ചെയ്യുന്നതിന്‍റെ ആവശ്യം എന്ത്. സ്നേഹം ഒരു വ്യക്തിയില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു വികാരമല്ല എന്നു ഞാന്‍ മുന്‍പും പറഞ്ഞിട്ടില്ലേ ? നീ തെറ്റെന്നു കാണുന്നതു തെറ്റാണു എന്നു എന്താണ് ഉറപ്പു ? തെറ്റും ശരിയും ആത്യന്തികമായി ആപേക്ഷികം ആണ്.ഇതിനു മുന്‍പു ഞാന്‍ കണ്‍സള്‍ട്ട് ചെയ്ത 38 പേരോടും ഞാന്‍ ഇങ്ങനെ തന്നെ അല്ലായിരുന്നു എന്നു നിനക്ക് ഉറപ്പിച്ചു പറയാന്‍ കഴിയുമോ ? ’
അത് പറയുമ്പോള്‍ മിഥിലയുടെ കണ്ണുകള്‍ അയാള്‍ക്ക് കാണാന്‍ ആവുന്നുണ്ടായിരുന്നില്ല.പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്ന  അവളുടെ രൂപത്തിന് ഒരു ആവരണം പോലെ,മുളങ്കാടുകള്‍ക്ക്‌ അപ്പുറം നിശബ്ദം ഒഴുകുന്ന നീര്‍ച്ചാലില്‍ വീണു പ്രതിഫലിക്കുന്ന നനഞ്ഞ സൂര്യ രശ്മികള്‍ ഉണ്ടായിരുന്നു.

 
“പോകാം. രാത്രി 10 മണിക്ക്‌ മുന്‍പു ചെക്ക്‌ ഇന്‍ ചെയ്യേണ്ടതല്ലേ ?”



തിരിച്ചു പോക്ക് ഏറെക്കുറെ നിശബ്ദമായിരുന്നു. അവരുടെ ആദ്യത്തെ യാത്ര പോലെ തന്നെ.



പിരിമുറുക്കങ്ങള്‍ നിരാശയിലേക്കും നിരാശ കമ്പനിയെ നഷ്ടങ്ങളിലെക്കും നയിക്കുന്നുവെന്നതിനാലും മേലാളര്‍ കീഴാളര്‍ക്ക് അനുവദിച്ചു നല്‍കിയ സൗകര്യത്തിന്റെ ആനുകൂല്യത്തിലാണ് മിഥിലയെ ആദ്യമായി കാണാന്‍ സാധിച്ചത്.കമ്പനിയുടെ ഈ നഗരത്തിലെ ശാഖയിലെ അവസാനത്തെ കേസ് എന്ന നിലയില്‍ ഒട്ടും താല്പര്യത്തോടെ അല്ല മിഥില അന്ന് മുന്‍പില്‍ ഇരുന്നത്..പക്ഷെ ഇന്ന് ....ഒന്നിലധികം തവണ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ ഒന്നിലധികം തവണ താളം തെറ്റിയ മനസ്സും വീണു കിട്ടിയത് അവളുടെ കരിയര്‍ ഗ്രോത്തിനു സഹായിക്കും അത്രേ ...ക്ലിനികേല്‍ സൈക്കോളജിയുടെ ഔന്നത്യങ്ങള്‍ കയറാന്‍ സഹായിച്ചേക്കാവുന്ന ഏണിപ്പടി !! ഇതൊക്കെ അവള്‍ പറയുന്നുവെന്നത് ശരി. പക്ഷെ ലോകത്ത്‌ ആര്‍ക്കും ആരോടും ശാശ്വതമായ ബന്ധങ്ങളില്ല എന്ന് തനിക്ക് പറഞ്ഞു തരാന്‍ വേണ്ടിയാണോ... അതോ ഇനി ശരിക്കും  എല്ലാവരും പരസ്പരപൂരകങ്ങളായി സഹവര്‍ത്തിക്കുന്നുവെന്നെ ഉള്ളോ ? 

അവളുടെ ഉള്ളിലെ കണ്ണാടിയില്‍ അവള്‍ അയാളുടെ  രൂപം തന്നെ ആണ് പ്രതിഫലിപ്പിക്കുന്നത്. അയാളുടെ ഉള്ളിലെ ഇരുട്ടിനെക്കള്‍ കട്ടിയുള്ള വെളിച്ചമാണു അവളുടെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നത്...ഒന്നും കാണാനാവാത്തത്ര തെളിച്ചം ....


ജീവനുള്ള ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു അവസ്ഥ അല്ല സ്നേഹം എന്നാണ് അവള്‍ പറഞ്ഞത്. അനേകം വ്യക്തികളെ ഒരേ സമയം...പല നിറങ്ങള്‍ നല്‍കണം എന്നു മാത്രം ...ചില നിറങ്ങള്‍ ഒരേ  നിറത്തിന്റെ പല തലങ്ങള്‍ എന്ന മട്ടിലും ...ഒരുപാട് നിര്‍വ്വചനങ്ങള്‍ !!  അങ്ങനെ നിര്‍വ്വചനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അവള്‍ പോകുകയാണ് മറ്റൊരു നഗരത്തിലേക്ക് ...അവളുടെ കുടുംബമുള്ള സ്ഥലത്തേക്ക് ....





‘ ഇവിടെ മതി ...’ നാലുകൂട്ടപ്പെരുവഴിയില്‍ നിന്നു മിഥില അത്രെയും നാള്‍ താമസിച്ചിരുന്ന തെരുവിലേക്ക് കാര്‍ പ്രവേശിച്ചപ്പോള്‍ അവള്‍ പറഞ്ഞു.
ഡോര്‍ അടച്ചു അയാള്‍ക്ക്‌ മുഖം തരാതിരിക്കാന്‍ എന്നോണം ധൃതിയില്‍ നടക്കാന്‍ തുടങ്ങിയ അവളോട്‌ അയാള്‍ ചോദിച്ചു
“ ഇനി കാണുമോ ? ”

‘ ഇല്ല .പോക്കോളു. ’ സ്വരത്തില്‍ യാതൊരു ഭാവഭേദവുമില്ലാതെ മിഥില മറുപടി പറഞ്ഞു.


“ പോകാം. സത്യം പറയൂ . എന്നോട് പറഞ്ഞതൊക്കെയും ...കഴിഞ്ഞ 38 പേരില്‍ ആരോടും പറഞ്ഞിട്ടില്ലല്ലോ ? ”
അവസാനമില്ലാത്ത ചോദ്യങ്ങളില്‍ അവസാനത്തേത് എന്ന്‍ ഉറപ്പിച്ചു കൊണ്ട് അയാള്‍ ചോദിച്ചപ്പോള്‍ മിഥില മുന്‍പ് എപ്പോഴും ചെയ്യുന്നതു പോലെ അയാളെ സൂക്ഷിച്ചു നോക്കി...എന്ത് പറയണം എന്ന് ആലോചിക്കുവാന്‍ അവള്‍ ശൂന്യമായ നോട്ടം സാധാരണയില്‍ അധികം അയാളില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തി.അവസാനത്തെ അപഗ്രഥനം ...


‘ നിനക്ക് അങ്ങനെ തോന്നുന്നുവോ ? ’



“ എനിക്കു അങ്ങനെ കരുതാന്‍ ആണ് ....”


പ്രതീക്ഷകള്‍ എന്ന പ്രതിഭാസം ഉള്ളില്‍ ഇന്നും ജീവനോടെ നിലകൊള്ളുന്നുതു തിരിച്ചറിഞ്ഞ അയാള്‍ ഒരു ചെറു ചിരി കൂട്ടിച്ചേര്‍ത്തു  ആ ഉത്തരത്തിനു ഒപ്പം


‘ പോകട്ടെ ? ’ മിഥില അനുവാദത്തിനു കാത്തു നില്കാതെ നടന്നു തുടങ്ങിയപ്പോള്‍ അയാളും കാര്‍ മുന്നോട്ടെടുത്തു .



റിയര്‍വ്യൂ മിററില്‍ അകലുന്ന രൂപത്തിന്‍റെ നിറഞ്ഞ കണ്ണുകളില്‍ അയാളുടെ ഉത്തരം തുളുമ്പി നിന്നിരുന്നു


.                                    

2013, ഏപ്രിൽ 10, ബുധനാഴ്‌ച

വെന്റിലേറ്റര്‍



വെന്റിലേറ്റര്‍




‘വേഗം ... രണ്ടു മിനിറ്റ് ...അതിലും താമസിക്കാന്‍ പാടില്ല ...
.തോമസ്‌ ..താനെന്തെടുക്കുവാടോ ? എടൊ യു പി എസ്‌ ഓണാക്കടോ ....ഇ സി ജി നോക്കു...എനിക്ക് വയ്യ...എന്‍റെ കുട്ടിയിപ്പോള്‍ .....

‘ നിനക്ക് ആ ചിലങ്ക ഊരി വച്ച് ഇവിടെ കുഞ്ഞിന്റെ അടുത്ത് വന്നു നിന്ന് കൂടെ ...നമ്മുടെ കുഞ്ഞു ദേ കണ്ടില്ലേ ‘

 ‘ അയ്യട നമ്മുടെ കുഞ്ഞോ ...എനിക്ക് പ്രാക്ടീസ് ചെയ്യണം ...നിങ്ങള്‍ അദ്ദേഹത്തിനോട് പറയു ..ദാ കപ്പല്‍ തുറമുഖത്തെത്താറായി...’

 ‘ എന്തിനു നമ്മുടെ കുഞ്ഞിനെ കൊല്ലാനോ? ’

 ‘ എനിക്ക് ചരക്കിറക്കണം നിങ്ങള്‍ വേറെ ആളെ നോക്കിന്‍ ..’

‘ സാറേ . യു പി എസ്സില്‍ ചാര്‍ജില്ല...പ്ലഗ് ആരോ ഊരിയിട്ടെക്കുവായിരുന്നു .....ഇനിയിപ്പോ ’ തോമസ്സിന്റെ നിലവിളി ...

...ഹെന്‍റെ ഈശ്വരാ...


ചുവന്ന വെളിച്ചം ...ബീപ്പ് ബീപ്പ്.....എട്ടു ഏഴു ....മൂന്നു രണ്ടു ഒന്ന്....


1.       വാദ്ധ്യാര്‍
നാശം ..അലാറമാണ്....കറണ്ട് പോയിരിക്കുന്നു ..ലോഡ്‌ ഷെഡ്‌ഡിംഗ് ..

വീണ്ടും അതെ സ്വപ്നം ...ഇത് കുറച്ചധികം ആവുന്നുണ്ട് ..ഈയിടെയായി നല്ല സ്വപ്നങ്ങളൊന്നും നിദ്രയുടെ കവാടം ഭേദിക്കാറില്ല ....കഷ്ടമാണ്...ലോകത്ത് എന്തൊക്കെ നല്ല നല്ല സംഗതികളുണ്ട്.... ..എന്നിട്ടാണ് തന്‍റെ വെറും അഞ്ചു മണിക്കൂര്‍ നേരത്തെ ബോധക്കെടിനെ   അലോസരപ്പെടുത്താന്‍  ഇങ്ങനെ അരോചകമായ കാഴ്ചകള്‍!!!!!.......
വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞിനെപ്പോലെ ആണ് തങ്ങളുടെ പ്രണയം -  നര്‍ത്തകി അതീവഗുരുതരമായ ഒരു സത്യം വെളിപ്പെടുത്തിയത് എന്നാണ് എന്നോര്‍മ്മയില്ല ..പക്ഷെ അന്ന് രാത്രി മുതല്‍ ആണ്....

എന്തൊരു  ബുദ്ധിമുട്ടാണ്...അവള്‍ക്കു ഇപ്പോളും കളിയാണ്... കണ്ണടച്ച് ഇരുട്ടാക്കുന്ന ഏര്‍പ്പാട്..ആദ്യമൊക്കെ രസമായിരുന്നു.. 
ഇപ്പോള്‍ ... ..മെല്ലെപ്പോക്കിനു ഒരറുതിയില്ലേ ?...അറ്റം കാണുന്നില്ല ...

മനസ്സിലാക്കാന്‍ പ്രയാസമുണ്ട്...എന്താണോ ഉള്ളില്‍ ? വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചു തുടങ്ങി...പോരാത്തതിന് ഇപ്പോള്‍ ഏതൊക്കെയോ കടല്‍ കടന്നു ഒരു എതിരാളി കൂടി...നാവികന് ബാക്കിയുള്ളവന്‍ കഷ്ടപ്പെട്ട് നീന്തി കയറുന്ന തീരം മാത്രേ കണ്ടുവുള്ളൂ കപ്പല്‍ അടുപ്പിക്കാന്‍ !!

മൊബൈല്‍ഫോണ്‍...ന്യൂ മെസ്സേജ്.... ‘ വീണ്ടും അതെ സ്വപ്നം ..! L ’ സെണ്ട് ടു – നര്‍ത്തകി .
1 ന്യു മെസ്സേജ് . ഫ്രം നര്‍ത്തകി .... ‘ സുപ്രഭാതം ... കുശിനിക്കാരന്‍ തോമസ്‌ വീണ്ടും മെയില്‍ നേഴ്സ് ആയല്ലേ ...പാവത്തിനെ ഇങ്ങനെ ഡബിള്‍ ഡ്യൂട്ടി കൊടുത്തു വലയ്ക്കല്ലേ... J
ന്യു മെസ്സേജ് കമ്പോസ് ... ‘ അപ്പോഴും സഹതാപം തോമസ്‌ ചേട്ടന് ...മരിക്കുന്ന കുഞ്ഞിനോട് തനിക്ക് ഒന്നും തോന്നുന്നില്ലേ ..? L
‘ കുഞ്ഞു വേണ്ടാ എന്ന് ഞാന്‍ പറഞ്ഞതല്ലേ ? പിന്നെ എന്തിനാണ് എനിക്ക് മമത ? ’
‘ എങ്കിലും ഇപ്പോള്‍ കുഞ്ഞു ജനിച്ചില്ലേ ..? ’
‘ ഉവ്വോ. ഞാന്‍ അറിഞ്ഞില്ലല്ലോ. എന്നിട്ട് പേരിട്ടോ .? ..ഹല്ല പിന്നെ ...ആ സ്വപ്നം പോലെ തന്നെ കുഞ്ഞും മിഥ്യയയാണ്. എത്ര നാളായി ഞാന്‍ പറയുന്നു ..മാഷിനു എത്ര കുഞ്ഞുങ്ങളെ വേണം...ദിവസവും കണ്ഠക്ഷോഭം നടത്തുമ്പോള്‍ എത്ര ജോഡി കണ്ണുകള്‍ ആണ് മുഖത്ത് അരിച്ചു നടക്കുന്നത് ? ഒന്നിനെ കണ്ണും പൂട്ടി അങ്ങ് തിരഞ്ഞെടുക്കു ...’
‘ വാട്ട്‌ ആന്‍ ഐഡിയ സിര്‍ജീ...ഞാന്‍ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു പറയരുതെന്നു ...പതുക്കെ പതുക്കെ കഷണങ്ങള്‍ ആക്കു ..ഷോര്‍ട്ട് ആന്‍ഡ്‌ സ്വീറ്റ്‌ ..’
‘ ഓഹോ അതിനെ ആവുംല്ലേ ഈ ഷോര്‍ട്ട് മെസ്സേജ് സര്‍വീസ് എന്ന് പറയുക .. JJJ ? ’
‘ ദേ വേണ്ടാ ..രാവിലെ തന്നെ തുടങ്ങണ്ട ...ഇന്ന് രണ്ടു ലക്ച്ചറും ഒരു ലാബ് ഡ്യൂട്ടിയും ഉള്ളതാ ...മൂഡ്‌ കളയിക്കണ്ട...എന്താണ് എന്‍റെ പ്രിയതമയുടെ പ്രഭാത വിശേഷങ്ങള്‍ ?’
‘ അത് പ്രിയതമയുടെ അടുത്തല്ലേ ചോദിക്കേണ്ടത് ...എന്നോട് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം ? ’
‘ ശരി. എങ്കില്‍ ഭവതി സ്വന്തം വിശേഷങ്ങള്‍ പറയുക...എന്‍റെ പ്രിയതമ ഉണരാന്‍ വൈകിയെന്നു തോന്നുന്നു ...’
‘ ഹാ ഹാ ...വഴിക്ക് വന്നല്ലോ ...പ്രിയതമ ഉറക്കം നടിക്കുകയാവും ചിലപ്പോള്‍  J എന്തായാലും ഞാന്‍ ഇവിടെ എന്‍റെ മാതാശ്രീ സ്വന്തം കൈയ്യാല്‍ ചുട്ടെടുത്ത പൂ പോലുള്ള ദോശ തൂ വെള്ള ചട്നിയില്‍ മുക്കി തിന്നുന്നു J
‘ എത്രെണ്ണം ആയി ? ’
‘ രണ്ടു .. J
‘ അപ്പോള്‍  160 കലോറി ...പോരാ ..വെറുതെ അല്ല ഇപ്പളും അണ്ടര്‍ വെയിറ്റ് ആയിരിക്കണേ ...’
‘ആര് പറഞ്ഞു ...കഴിഞ്ഞ ചിങ്ങത്തില്‍ 50 കിലോ തികഞ്ഞു ..പത്രകുറിപ്പിറക്കാന്‍ മറന്നു ...ക്ഷമിക്യ...’
‘ നിരുപാധികം കീഴടുങ്ങുന്നു ...ബൈ ’
‘ ബൈ ബൈ .. J

2.       നര്‍ത്തകി
ഇനിയും ഉണങ്ങാത്ത കേശഭാരം...വിടര്‍ന്ന കണ്ണുകള്‍ ...മെലിഞ്ഞ വിരലുകള്‍ ..
വിരലുകള്‍ മടക്കിയപ്പോള്‍....ശീര്‍ഷകം ...ഫേയ്സ്ബുക്ക് ലൈക്‌  പോലുള്ള മുദ്ര.....വാദ്ധ്യാര്‍ക്ക് എന്തൊക്കെ അറിയണം...പഠിച്ച കള്ളനാണ് ...
സംസാരിക്കാന്‍ വിഷയം കണ്ടത്താന്‍ അപാര സിദ്ധി തന്നെയാണ്. ഒരു പാട് ബുദ്ധിമുട്ടുന്നുണ്ട് ...പാവം ..ഏയ്‌ അത്ര പാവമല്ല താനും ...ഇടയ്ക്കു ഓവറാക്കും ...അത് പറഞ്ഞാലോ പിന്നെ ശുണ്ടിപിടിക്കും ...
എന്നാലും എത്ര കരുതലോടു കൂടി പെരുമാറിയിട്ടും മുറിവുണ്ടാകുന്നു...അത് നന്നായി മനസിലാവുന്നുണ്ട്...പഹയന്‍ ചോര പൊടിയുമ്പോള്‍ കൂടുതല്‍ ചിരിക്കുന്നു ....
ഒരു പാട് തവണ പറഞ്ഞതാണ് ...ഉള്ളിലെ മഞ്ഞുരുകുന്നില്ല ...വികാരങ്ങള്‍ ഉണ്ടോ എന്ന് പോലും സംശയമാണ് ...ശോ എന്നെ കുറിച്ച് എന്തൊരു മതിപ്പ് എനിക്ക് തന്നെ ...
അമ്മയോട് സമരം പ്രഖ്യാപിക്കാന്‍ പേടിയാണ് ...എപ്പോഴാണ് മാനം കറുക്കുക മേഘം കരയാന്‍ തുടങ്ങുക എന്ന് പറയുവാന്‍ സാധിക്കില്ല ...കുഞ്ഞുന്നാളിലെ തൊട്ടുള്ള കഷ്ടപ്പാടുകളും മറ്റും എണ്ണിപെറുക്കാന്‍ തുടങ്ങിയാല്‍ കുടുങ്ങും ...അത് കൊണ്ട് തന്നെ സ്ത്രീപക്ഷ വാദങ്ങളും വിവാഹം , കുടുംബം തുടങ്ങിയ മാമ്മൂലുകളോട് ഉള്ള പുച്ഛവും നിരത്താന്‍ സാധിക്കാറില്ല ...എന്താണ് ആര്‍ക്കും എന്നെ മനസ്സിലാവാത്തത് ? സുന്ദരമായ ലോകത്ത്‌ എകയായ്‌ നടക്കാന്‍ ഞാന്‍ ഭയപ്പെടുന്നില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്കെന്താണ് ....ഈശ്വരാ ...ഇവരോടൊക്കെ പൊരുതാന്‍ എനിക്ക് ശക്തി നല്‍കുമാറാകണെ....

  ഇതിലും കഷ്ടമാണ് നാവികന്‍റെ കാര്യം ...വര്‍ഷങ്ങള്‍ക്കൊപ്പം ആഗ്രഹവും സ്നേഹവും എന്തെല്ലാമോ വളര്‍ന്നു എന്നൊക്കെയാണ് അവകാശപ്പെടുന്നത് ...ആവോ ...ഒന്നുണ്ട് ...നാവികന്‍ വാദ്ധ്യാരുടെ അത്രെയും ഭീകരനല്ല ...വിശ്വാസമാണ് ... കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തത ആവാം ...
നാവികന്‍ പക്ഷെ ശക്തനാണ് ...പ്രായക്കൂടുതല്‍ കൊണ്ടും പരിചയകൂടുതല്‍ കൊണ്ടും അമ്മയുടെ ഉള്‍പ്പെടെ എല്ലാവരുടെയും ആദരം പിടിച്ചു പറ്റിയിരിക്കുന്നു ...പിന്‍ബലം ഉള്ളത് കൊണ്ട് അപ്പോള്‍ നാവികന്‍ തന്നെയാണ് ബലവാന്‍ ...അല്ലെ ? പക്ഷെ തീരുമാനം എന്‍റെ ആണല്ലോ ....ബലവാനെ ഉപേക്ഷിച്ചു ദുര്‍ബലനെ കൈ പിടിച്ചു ഉയര്‍ത്തിയാലോ ? വേണ്ട ...പ്രതീക്ഷകള്‍ ദുഖത്തിന്റെ വഴി വിളക്കുകള്‍ ആകുന്നു ..തെളിക്കേണ്ട ...ദുഃഖം ഇരുളില്‍ മറഞ്ഞു തന്നെ നില്‍ക്കട്ടെ .... എനിക്ക് പേടിയാണ് ഇരുളിനെയും ദുഖത്തിനെയും....

3.       നാവികന്‍

കിഴക്കിന്‍റെ വെനീസിനു അടുത്തു നിന്നും തുടങ്ങിയ യാത്രയാണ് ...ഇപ്പോള്‍ പടിഞ്ഞാറിന്‍റെ യഥാര്‍ത്ഥ വെനീസില്‍ എത്തി നില്‍ക്കുന്നു... നല്ല തണുത്ത കാറ്റാണ്...നേര്‍ത്ത പടലങ്ങള്‍ പോലെ പെയ്യുന്ന മഞ്ഞു മുഖം നനയ്ക്കുന്നു ....അഴികളില്‍ ശക്തിയായി പിടിച്ചില്ലെങ്കില്‍ വീണു പോകും ..അത്രയ്ക്കുണ്ട് കാറ്റിന്‍റെ ശക്തി ....
ഈ മഞ്ഞു കാലം കഴിയണം ....എങ്കിലേ തിരിച്ചു അവിടെ ചെല്ലാന്‍ കഴിയുകയുള്ളൂ ..ഇത്തവണ വെറുംകൈയോടെ മടങ്ങില്ല ...അന്നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത താലിയും വാങ്ങിയാണ് ചെല്ലുക ..പ്രിയപ്പെട്ടവര്‍ എല്ലാം നോക്കി നില്കെ സര്‍വേശ്വരന്‍റെ മേല്‍ നോട്ടത്തില്‍ ആ താലി അണിയിക്കും ...ആ കൈയും പിടിച്ചേ കപ്പല് കയറുകയുള്ളൂ...
പക്ഷെ ഇപ്പോഴും അവള്‍ക്കു കുട്ടിക്കളിയാണ് ...മാറും മാറും എന്ന് എല്ലാവരും പറയുന്നു..അവര്‍ പറയുന്നതാവും  ശരി ...കൂടുതല്‍ നേരം അവരല്ലേ അവളെ കാണുന്നത്...എങ്കിലും ...ഒന്ന് രണ്ടു നല്ല വാക്ക് പറഞ്ഞാല്‍ എന്താണ് ...?എപ്പോഴും ചിരിയാണ് ...പക്ഷെ നാളെയെ പറ്റി...പ്രതീക്ഷകളെ പറ്റി എന്ത് പറഞ്ഞു തുടങ്ങിയാലും ചിരി മായും...വലിയ കണ്ണുകള്‍ കുറുകും ...നിരാശ പോലെ എന്തോ അവിടെ തിര ഇളകാന്‍ തുടങ്ങും ...അത് കാണുമ്പോള്‍ ഇടയ്ക്കു നല്ല കാറ്റും മഴയും ഉള്ള നാളുകളില്‍ കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ പറ്റാതെ വരുമ്പോള്‍  അനുഭവപ്പെടുന്ന അന്ധാളിപ്പാണ്...
എത്ര ചെറുതിലെ കണ്ടു തുടങ്ങിയതാണ് ആ ചിരി ...ഒരു ചിരിക്കു പൊന്നുംവില തരാമെന്നു പണ്ട് പറഞ്ഞിട്ടുണ്ട്...ഇപ്പോള്‍ അതിനുള്ള ത്രാണിയും ഉണ്ട് ...മനസ്സ് പണ്ടേ ഉണ്ട് ...  എല്ലാവരും പറഞ്ഞു പറഞ്ഞു ആശ വളര്‍ത്തിയതാണു...ഇനി അത് കൊണ്ടാവുമോ ഒരു ഭയപ്പാട് ...നഷ്ടപ്പെടാന്‍ അവരാരും അനുവദിക്കില്ല ...എങ്കിലും ചില നേരത്തെ പെരുമാറ്റം അപരിചിതരോടെന്ന പോലെയാണ് ...അതാണ്‌ മനസ്സിലാവാത്തത് ...
എല്ലാം ശരിയാകും ..ശരിയാകും ...കപ്പല്‍ പുറപ്പെടുകയാണ് ...പുതിയ തീരങ്ങളിലേക്ക്...

4.വെന്റിലേറ്റര്‍
വാദ്ധ്യാര്‍: വേഗം ... രണ്ടു മിനിറ്റ് ...അതിലും താമസിക്കാന്‍ പാടില്ല ....തോമസ്‌ ..താനെന്തെടുക്കുവാടോ ? എടൊ യു പി എസ്‌ ഓണാക്കടോ ....ഇ സി ജി നോക്കു...എനിക്ക് വയ്യ...എന്‍റെ കുട്ടിയിപ്പോള്‍ .....
‘ നിനക്ക് ആ ചിലങ്ക ഊരി വച്ച് ഇവിടെ കുഞ്ഞിന്റെ അടുത്ത് വന്നു നിന്ന് കൂടെ ...നമ്മുടെ കുഞ്ഞു ദേ കണ്ടില്ലേ ‘
നര്‍ത്തകി: ‘ അയ്യട നമ്മുടെ കുഞ്ഞോ ...എനിക്ക് പ്രാക്ടീസ് ചെയ്യണം ...നിങ്ങള്‍ അദ്ദേഹത്തിനോട് പറയു ..ദാ കപ്പല്‍ തുറമുഖത്തെത്താറായി...’
വാദ്ധ്യാര്‍: ‘ എന്തിനു നമ്മുടെ കുഞ്ഞിനെ കൊല്ലാനോ? ’
 നാവികന്‍: ‘ എനിക്ക് ചരക്കിറക്കണം നിങ്ങള്‍ വേറെ ആളെ നോക്കിന്‍ ..’

‘ സാറേ . യു പി എസ്സില്‍ ചാര്‍ജില്ല...പ്ലഗ് ആരോ ഊരിയിട്ടെക്കുവായിരുന്നു .....ഇനിയിപ്പോ ’....


വാദ്ധ്യാര്‍: ആരാണ് അത് ചെയ്തത് ..ആര് ...ആ നാവികന്‍ ആയിരിക്കും ..അവനെ ഞാന്‍ ഇന്ന് ....അയ്യോ എന്‍റെ കുഞ്ഞു .......ഹെന്‍റെ ഈശ്വരാ...
നാവികന്‍:  അനാവശ്യം പറയരുത് .. തന്‍റെ കുഞ്ഞിനെ കൊന്നിട്ട് എനിക്കെന്തു കിട്ടാനാണ് ?
വാദ്ധ്യാര്‍: കുഞ്ഞോ ...തനിക്ക് ഇനിയും അറിയില്ലെടോ അത് ...ഞങ്ങളുടെ പ്രണയം ആണവന്‍ ...അത് തന്‍റെതാക്കാന്‍ വേണ്ടിയല്ലേ ...അയ്യോ ന്‍റെ കുഞ്ഞേ ...നിന്നെ ഞാന്‍ ..
നര്‍ത്തകി: രണ്ടാളും തല്ലു കൂടണ്ട ...പ്ലഗ് ഊരിയിട്ടത് ഞാനാണു ...ആ കുഞ്ഞു ജീവിച്ചാലും മരിച്ചാലും എന്നെ ചൊല്ലി നിങ്ങള്‍ കലഹിക്കും ...മരിച്ചോട്ടെ ...ആ കലഹം അറിയാന്‍ അവന്‍ വളരേണ്ട...

വാദ്ധ്യാര്‍: അയ്യോ ന്‍റെ....


ചുവന്ന വെളിച്ചം ...ബീപ്പ് ബീപ്പ്.....എട്ടു ഏഴു ....മൂന്നു രണ്ടു ഒന്ന്....