2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

സ്മൃതിശേഖരം


`
സ്മൃതിശേഖരം

ഏട്ടനെന്തോ പറയാനുണ്ട്‌ . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പഞ്ഞമാസമാണ്. കാലത്തിന്റെ ദൈന്യത നിശ്വാസത്തിലൂടെ ഉള്ളിലെത്തിയെപ്പോള്‍ പുറത്തു വരാന്‍ മടിച്ചു നിന്ന ചിന്തകള്‍ ഒന്ന് കൂടി ഉള്‍വലിഞ്ഞതാവും
.
മുഖത്ത് മൂന്നോ നാലോ ദിവസങ്ങള്‍ മാത്രം വളര്‍ച്ചയെത്തിയ താടി രോമങ്ങള്‍. അവയിലൂടെ ആകെ സഞ്ചരിച്ചു ഒടുവില്‍ എന്‍റെ കണ്ണുകള്‍ ചെറുതായി വിറയ്ക്കുന്ന ചുണ്ടുകളിലും വാക്കുകള്‍ പുറപ്പെടുവിക്കാന്‍ വിസമ്മതിക്കുന്ന തൊണ്ടക്കുഴിയിലും എത്തി നിന്നു
.
ഏട്ടന്‍ ഈ മുപ്പതാം വയസ്സിലും പുകയിലക്കറ പറ്റാതെ കാത്തു സൂക്ഷിക്കുന്ന ചുണ്ടുകള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ഈയിടെയായ്‌ നേരിയൊരു അസ്വസ്ഥത ഉളവാക്കുന്നുണ്ട്. മറ്റൊന്നുമല്ല എന്‍റെ പ്രിയതമ ഏട്ടനെ കണ്ടിട്ട് പറയുന്നു  “ ആണ്‍ പിറന്നവനാണേല്‍ ആറാം വിരല് പോലെ ആ പൂത്തിരി ഇങ്ങനെ കത്തിച്ചു പുകയ്ക്കണം എന്ന് നിര്‍ബന്ധമാണ് അല്ലെ. ഏട്ടനെ കണ്ടോ ചുണ്ടൊക്കെ നല്ല ചൊക ചൊകാന്നു...? “
 കാര്യം എന്നെ ദേഷ്യം പിടിപ്പിക്കാനും പുകവലി നിര്‍ത്തിക്കാനും ഉള്ള ദീര്‍ഘ നാളത്തെ ശ്രമത്തിനു ആക്കം കൂട്ടനുമാണ് ഉദേശിച്ചത്‌ എങ്കിലും എന്‍റെ പുരുഷത്വം അത് ഒരു വെല്ലു വിളി ആയിട്ടാണ് കണ്ടത്. ചുണ്ടിന്റെ ചോപ്പിനു ഇവള്‍ എന്ന് മുതലാണു ഇത്ര വിലകല്‍പ്പിക്കാന്‍ തുടങ്ങിയത് ? ആദ്യത്തെ ചുംബനത്തിന്റെ ഒടുവില്‍ ഒന്ന് ചുമച്ചു അവള്‍ പറഞ്ഞത് “ കിങ്ങ്സ്‌ എന്‍റെ അണ്ടകടാഹം വരെ എത്തി എന്ന് തോന്നുണു..” കോട്ടിയ മുഖം ഒന്ന് കൂടി പിടിച്ചടുപ്പിച്ചിട്ടു “ ഒന്ന് കൂടി നോക്കട്ടെ ..” എന്ന് പറഞ്ഞ്.............  ആ അവളാണ് ഇപ്പോള്‍........

“ ഡാ , ഞാനെ...ഞാന്‍ എല്ലാം പറയണ്ടെടാ..?” ...
ഏട്ടന്റെ ശബ്ദം  എന്‍റെ ചിന്താവലയത്തിലേക്ക് ആദ്യമായി കടന്നു വന്നു. മറ്റെന്തെങ്കിലും പറഞ്ഞോ ആവോ ? ഞാന്‍ കേട്ടില്ലാ ..
 ‘ഉം..എന്താന്നു ... ഞാന്‍ കേട്ടില്ല ഏട്ടാ ..’
“ ഒന്നുമില്ലെടാ. അത് പിന്നെ ആ കുട്ടിനോട് നമ്മടെ പഴേ കഥയൊക്കെ പറയണോന്നു ഒരു ചിന്ത..നെന്റെ അഭിപ്രായം ന്താ...? ഓള് അറിയെണ്ടേ ഇതെല്ലാം...നിയ്യ്‌ പറയ്‌ ...അറിയെണ്ടേ? കാര്യം ചെറുതാണെങ്കിലും ...ഇന്നിപ്പോ ഇങ്ങനെ ഒക്കെ ..വീണ്ടും കാണുംന്നു സ്വപ്നം കണ്ടതാണോ...ഇന്നാരോക്കെ കണ്ടു എന്ന് വല്ല നിശ്ചയണ്ടോ ? ഭാഗ്യക്കേടിനു നാളെ എന്‍റെ ഓളോട് ഒരാള് പറഞ്ഞ് അറിഞ്ഞാല്‍ ഞാന്‍ പിന്നെ അതിന്റെ മുഖത്തെ എങ്ങനെ നോക്കുംല്ലേ ? “
പെട്ടെന്നു ആരംഭിച്ച ആ സംഭാഷണത്തിന്റെ പൊരുള്‍ എനിക്ക് മനസ്സിലായെങ്കിലും അതിലെ വികാരം അതെ അളവില്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചുവോ എന്ന് സംശയം.  അല്‍പം കരുവാളിച്ച നെറ്റിയില്‍ ഞരമ്പ്‌ പിണഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ അറിയാം ഉള്ളിലെ യുദ്ധത്തിന്റെ പിരിമുറുക്കം നന്നേ ഉണ്ടെന്നു.
“ നിയ്യ്‌ ഒന്നും പറഞ്ഞില്ല..”
‘ ഹാ... അത് പിന്നെ ഏട്ടാ നിങ്ങള്‍ ഇങ്ങനെ ബേജാറാവാന്‍ മാത്രം ഒന്നുല്ല. ഇന്ന് ആ ചേച്ചി വന്നത് ആര് കണ്ടൂന്നാ? ആരാ ഇപ്പൊ ഇതൊക്കെ ശ്രദ്ധിക്കാന്‍? എല്ലാരും ഓരോരോ പണിയില്‍ ആയിരുന്നില്ലേ ..പോരാത്തതിന് ഇതൊരു കല്യാണവീടല്ലേ ? എത്ര പേര്‍ വരുന്നതാ ? അല്ലെങ്കില്‍ തന്നെ നിങ്ങടെ കഥ എനിക്കും നിങ്ങക്കും അല്ലാതെ ആര്‍ക്കാണു അറിയാ ? മാത്രമല്ല പറയാന്‍ മാത്രം എന്തെങ്കിലും സംഭാവിച്ചോന്നു ഏട്ടന്‍ തന്നെ ഒന്ന് ആലോചിച്ചു നോക്കു. ഒന്നുമില്ലാ.. പോയി കിടക്കു ഏട്ടാ...സ്വസ്ഥമായി ഉറങ്ങു..anyways tomorrow is a big day...’
“ നീ പറയണതാവും ശരി. ഉറങ്ങാം അല്ലെ...”
‘ഉം.. ഇങ്ങടെ ഓളെ ഒന്ന് വിളിചോളുട്ടോ ...ഇങ്ങനെ വേണ്ടാത്തെ വര്‍ത്തമാനം ഒന്നും പറയാണ്ട് കുറച്ചു മധുരമുള്ള എന്തേലും ഒക്കെ സംസാരിക്കു.അപ്പൊ കുറച്ചു ആശ്വാസം കിട്ടും ...അല്ലാണ്ട് കല്യാണത്തലേന്ന്..ഈ പഴങ്കഥ  പറയാന്‍ പോയാലെ നിങ്ങടെ കാര്യം സ്വാഹാ.....
അപ്പൊ ശരി എന്നാല്‍ ..ഗുഡ്നൈറ്റ്.’
“ഗുഡ്നൈറ്റ്”
മൊബൈലും എടുത്തു ഏട്ടന്‍ അകത്തേക്ക് നടന്നു ...കല്യാണ വീട് നേരത്ത ഉണരാന്‍ വേണ്ടി അല്പനേരത്തേക്കു മയങ്ങിതുടങ്ങിയിരിക്കുന്നു. ഉമ്മറത്ത്‌ ഇടയ്ക്കു ഒന്ന് എത്തി നോക്കുന്ന കാറ്റില്‍ നന്നേ തണുപ്പുള്ള ചാറ്റല്‍ മഴ തുള്ളികളും ഒളിച്ചിരിപ്പുണ്ട്...  ഒരു കിങ്ങ്സ്‌ കത്തിച്ചു..ചോദ്യം ചെയ്യാനുള്ളവര്‍ ഉറങ്ങി ഭാഗ്യം...ബാഗില്‍ നിന്നും ലാപ്ടോപ് പുറത്തെടുത്തു...പിന്നെ ആ പൊതിയും.. അതിനുള്ളില്‍  ഒരു എഴുത്തും ഒരു ക്ഷണക്കത്തും ഒരു ഗ്രീറ്റിംഗ് കാര്‍ഡും ഒരു മയില്‍‌പ്പീലിത്തണ്ടും..പിന്നെ ഒരു ഫോട്ടോയും...

കാലക്രമം അനുസരിച്ച്
1.ഗ്രീറ്റിംഗ് കാര്‍ഡ്‌
പുറമേ, ചുവന്ന റോസാപ്പൂക്കളുടെ ബൊക്ക തറയില്‍ മുട്ടുക്കുത്തി നില്‍ക്കുന്ന ആണ്‍കുട്ടി നീളന്‍ മുടി ഇരുവശങ്ങളിലേക്കും പിന്നിയിട്ട പെണ്‍കുട്ടിക്ക് നല്‍കുന്നു...അകമേ ചന്ദന നിറമുള്ള കാര്‍ഡിനുള്ളില്‍......
‘ wishing someone very SPECIAL a very HAPPY NEW YEAR
സ്നേഹപൂര്‍വ്വം
..............................
ഏട്ടന്റെ ജീവിതത്തിലെ ആ കാലഘട്ടത്തിനെ പറ്റി അടുക്കും ചിട്ടയുമുള്ള ഒരു ഓര്‍മ എന്റെ പക്കലില്ല . ആകെ ഓര്‍മയുള്ള സംഗതി ...സാധാരണ ഞായറാഴ്ചകളില്‍ അതിരാവിലെ ഫുട്ബോള്‍ കളിക്കാന്‍ പോകുന്ന ശീലമുണ്ടായിരുന്നു ഏട്ടനു. കളി കഴിഞ്ഞു വന്നാല്‍ നഷ്ടപെട്ട ഉറക്കം തിരിച്ചു പിടിക്കുവാനുള്ള പരിശ്രമവും ഉണ്ടാകാറുണ്ട്. എന്നാല്‍  പതിവിനു വിപരീതമായി ഏട്ടന്‍ കുളിച്ചൊരുങ്ങി പുറത്തു പോകുന്നു.ട്യുഷന്‍ ഉണ്ട് എന്നും  മറ്റോ പറഞ്ഞുവെന്നാണ് ഓര്‍മ. പിന്നീട് എപ്പോഴോ നിലാവുള്ള ഒരു രാത്രിയില്‍ തുറന്നിട്ട ജനാലയില്‍ കൂടി കടന്നു വരുന്ന നിലാവെളിച്ചത്തില്‍ കൈകളാല്‍  മുദ്ര കാണിച്ച് നിലത്ത് മാനും മുയലും ഒക്കെ നിഴലായി പ്രത്യക്ഷപ്പെടുത്തവെ അലസമായി ഏട്ടന്‍ പറഞ്ഞു ആ ഞായറാഴ്ച കുര്‍ബാനകളുടെ കുന്തിരിക്കം മണക്കുന്ന കഥകള്‍ ! കൂടുതല്‍ ചോദ്യങ്ങള്‍ എല്ലാം ആരേയും അസൂയപ്പെടുത്തുന്ന ആ ചിരി ഉപയോഗിച്ച് സമര്‍ത്ഥമായി ബ്ലോക്ക്‌ ചെയ്തു ആ രാത്രി അവസാനിപ്പിച്ചു. ഇപ്പോഴും ഞായറാഴ്‌ചകളില്‍ പള്ളിമണി മുഴങ്ങുമ്പോള്‍ ഏട്ടന്‍ തെല്ലിടെ മൗനിയാകും.
..ഓര്‍മപ്പെടുത്തലുകള്‍ അലോസരമുണ്ടാക്കുന്ന കുഞ്ഞു ഇടവേളകള്‍...


2.ഫോട്ടോ
ഊട്ടിയിലെയോ മറ്റോ ആയിരിക്കണം ഏതോ പാര്‍ക്ക്‌ബെഞ്ചില്‍ ഒരുമിച്ചിരിക്കാന്‍ ശ്രമിച്ചു അവര്‍. അവര്‍ക്കിടയില്‍ ഒരാള്‍ കൂടി ഇരിക്കാനുള്ള അത്രെയും അകലം ഉണ്ടായിരുന്നു..ചിരിക്കാന്‍ ശ്രമിച്ചിരുന്നു...കൈവിട്ടു പോകുമോ എന്ന ഭയം നഷ്ടപ്പെടുത്തിയത് ഏട്ടന്റെ ചിരിയുടെ ജീവനായിരുന്നു..ഫോട്ടോയിലെ തീയതി 12.12.03 എന്ന് രേഖപ്പെടുതിയിരുന്നതിനാല്‍ ഈ ഫോട്ടോ കത്തിനും മുന്‍പേ കാലക്രമത്തില്‍ വരുന്നു...

3.കത്ത്  
To
.................
ചക്കാലയ്ക്കല്‍ ഹൗസ്
കണിയാമ്പറ്റ,
ചീരാല്‍ പി.ഒ.
സു.ബത്തേരി
വയനാട്
4 മെയ്‌ 2004
പ്രിയപ്പെട്ട....
             വെക്കേഷന്‍ ഇത്ര നീളമുള്ളതാവുംന്നു കരുതീല.
You asked me not to write in malayalam, I oblige my queen. I have no means left to talk to you.My days lie barren. My eyes are sore. They have been punished with your absence for so long that nothing they see nowadays has got any colour of its own.Everything appears reminiscent of your colour.My love’s colour. Come back soon, along with the first shower of monsoon.
yours lovingly
.....................

കത്ത്‌ കണ്ടാല്‍ അറിയാം ഏട്ടന്‍ എഴുതിയതല്ല...അല്ല ഏട്ടന്‍ എഴുതിയതാണ്. ഏട്ടന്റെ കൈപ്പടയില്‍,ഏട്ടന്റെ ആശയങ്ങള്‍ മറ്റാരോ തര്‍ജ്ജമ ചെയ്തിരിക്കുന്നു. പാവം ഏട്ടന്‍.ആരെ കൊണ്ടോ  കഷ്ടപ്പെട്ട്  എഴുതിച്ചതാവും...സ്നേഹം ഒളിപ്പിച്ചു പിടിക്കുന്നതില്‍ ഇംഗ്ലീഷിന്റെ പങ്ക് എന്താവുംന്നു എട്ടനോട് ഈ വൈകിയ വേളയില്‍ ചോദിക്കുന്നത് ശരി അല്ലല്ലോ .. എങ്കിലും ചിരിയില്‍ ഒതുക്കിയ പ്രണയവിശേഷങ്ങളില്‍ ആ ചോദ്യത്തിന്റെ ഉത്തരം ഉണ്ടാകും .പക്ഷെ എനിക്കറിയില്ല...so അത് വിടാം.

4.ക്ഷണക്കത്ത്
‘ Praise Him with tambourine and dancing,
Praise Him with the strings and flute,
Let everything that has breath praise the LORD ‘ {Psalm 150}



We request your esteemed presence at the auspicious occasion of the marriage of our daughter
.................
with
...............
on the 24th  of April 2005, Sunday at Christ the King Church, Panamaram.........
................................................................................................................................


വരന്റെ പേര്‍ ചുവന്ന മഷി കൊണ്ട് വെട്ടിയിരിക്കുന്നു...ദേഷ്യമോ നിരാശയോ ഏതായിരുന്നു മുന്നിട്ടു നിന്നിരുന്നത് എന്നറിയില്ല ...വികാരം ഏതായിരിന്നുവെങ്കിലും വെട്ടും തോറും അതിന്റെ കാഠിന്യം കുറഞ്ഞു കൊണ്ടേയിരുന്നു...ആ ചുവന്ന നേര്‍വര ഒടുവിലത്തെ അക്ഷരം മറച്ചിരുന്നില്ല..അറ്റത്ത് വെള്ളം വീണു ആ അക്ഷരത്തിന്റെ നിറം മാറിയിരുന്നു...

ഈ കഥ എനിക്ക് കുറച്ചൊക്കെ അറിയാം.സത്യത്തില്‍ ഇതാണ് എനിക്ക് ആകേ അറിയാവുന്ന കഥ.
സിനിമ കാണാം എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് ഞാന്‍ കൂടെ ഇറങ്ങിത്തിരിച്ചത് .ബത്തേരി എത്തിയിട്ടും അടുത്ത ബസ്സില്‍ കേറാന്‍ പോകുമ്പോളാണു ഞാന്‍ ഏട്ടന്റെ മുഖം ശ്രദ്ധിച്ചത്..പിരിമുറുക്കം ആര്‍ക്കും വായിച്ചെടുക്കാം ആ മുഖത്തു നിന്ന്.എവിടേക്കാണ് എന്ന് ചോദിച്ചില്ല.ചോദിച്ചാല്‍ തന്നെ ആ ചോദ്യത്തിനു ഉത്തരം ലഭിക്കില്ലായെന്നു എനിക്കുറപ്പായി.
വീടിന്റെ മുന്നില്‍ പന്തലിന്നുള്ള കാലുകള്‍ നീട്ടിയിട്ടെ ഉണ്ടായിരിന്നുള്ളു..വീടിനു ചുറ്റും ഒരുപാട് പേര്‍ ഓടി നടക്കുന്നു,ഇതെല്ലാം നോക്കി നിസ്സംഗതയോടെ ഒരു പെണ്‍കുട്ടി ഇരിക്കുന്നു. അലസമായി നോട്ടം ഉയര്‍ന്നു പൊങ്ങുന്ന ഷാമിയാനയില്‍ നിന്നും ഏട്ടന്റെ മുഖത്തു എത്തിയപ്പോള്‍ മാത്രമാണ് എനിക്കെത്തിയ സ്ഥലവും അതിന്റെ അനന്തരഫലങ്ങളും എന്തായേക്കാമെന്ന് ചിന്ത വന്നത്.പോക്കെറ്റില്‍ നിന്നും എടുത്ത കടലാസ്സ് ഏട്ടന്‍ ആ പെണ്‍കുട്ടിയുടെ കൈവെള്ളയില്‍ വച്ച് കൊടുത്തു...ആ കടലാസ്സിന്റെ ഉള്ളടക്കം എന്താണെന്നു അറിയാന്‍ ഇത്ര നാള്‍ കാത്തിരിക്കേണ്ടി വന്നു എനിക്ക്...
ഒരു പെണ്ണിന്റെ കണ്ണുകള്‍ നിറയാന്‍ വളരെ കുറച്ചു സമയം മതിയെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.
തീയറ്ററിലെ ഇടവിട്ട്‌ മങ്ങുകയും തെളിയുകയും ചെയ്യുന്ന ചിത്രങ്ങളുടെ വെളിച്ചത്തില്‍ നനഞ്ഞ കവിള്‍ കാണാമായിരുന്നു.എന്ത് ചെയ്യണം എന്ന് അറിയാതെ കൈയില്‍ പിടിച്ചപ്പോള്‍ എന്റെ കൈയിലും വീണു ഒരു തുള്ളി...പ്രണയത്തിന്റെ പൊള്ളുന്ന ചൂട്...അന്ന് ഉറപ്പിച്ചതാണ് ഈ പരിപാടിക്കില്ല എന്ന്....എന്നിട്ടും....

5.മയില്‍പ്പീലി

ഇതിന്റെ പ്രാധാന്യമോ കാലക്രമത്തില്‍ ഇതിന്റെ സ്ഥാനമോ അറിയാന്‍ നിര്‍വാഹമില്ല.അറിയാന്‍ ശ്രമിച്ചാല്‍ ഉണങ്ങിയ വൃണങ്ങള്‍ വീണ്ടും പൊട്ടിയേക്കാം. അതു ഒഴിവാക്കുന്നതല്ലേ ഭംഗി ?
പക്ഷെ മാനം കാണിക്കാതെ കാത്തു സൂക്ഷിച്ച ആ മയില്‍പ്പീലി ഇരട്ടപെറ്റില്ല,അതില്‍ ഉറങ്ങി കിടന്ന സ്വപ്നങ്ങളും!! എന്നാലും അത് സൂക്ഷിച്ചു വച്ച് ഇന്ന് പകല്‍ ഒരു കുഞ്ഞിനേയും കൈ പിടിച്ചു വന്ന ആ സ്ത്രീയുടെ കണ്ണില്‍ നഷ്ടപെടലിന്റെ വേദന ഇപ്പോഴും തളം കെട്ടി നില്‍പുണ്ടായിരുന്നു.
സാരിയുടെ അറ്റം കൊണ്ട് കുഞ്ഞിന്റെ വിയര്‍ത്ത മുഖം തുടച്ചു കൊണ്ട് അവര്‍ എട്ടനോട് സംസാരിച്ചു..
വിളറിയ മുഖവുമായി ഏട്ടനും എന്തൊക്കെയോ മറുപടികള്‍ നല്‍കി...
ഇവരെ രണ്ടു പേരെയും മാറി മാറി നോക്കി ഞാനും നിന്നു...
‘ അമ്മെ രണ്ടു ചായ എടുത്തേ ‘ എന്നും പറഞ്ഞു ഏട്ടന്‍ പിന്നാമ്പുറത്തേക്ക് രക്ഷപ്പെട്ടു..
“ അന്ന് കല്യാണത്തിന് വീട്ടില്‍...അന്ന് കൂടെയുണ്ടായിരുന്ന ആളല്ലേ..അനിയന്‍..? “
അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ അവര്‍ ഒന്ന് ചിരിച്ചു...
“ കുട്ടീടെ അച്ഛന്‍ അറിയാണ്ട് പോന്നതാണ്...മോന്‍ ഇത് മൂപ്പര്‍ക്ക് ഒന്ന് കൊടുക്കണം...” നീട്ടി പിടിച്ച പൊതിയിലെക്കും അവരുടെ മുഖത്തും മാറി മാറി നോക്കിയപ്പോള്‍ അവര്‍ ഒന്ന് കൂടി കൂട്ടി ചേര്‍ത്തു “അല്ലെങ്കില്‍ വേണ്ട, ഞാന്‍ കരുതി മൂപ്പര്‍ക്കിപ്പളും...എന്നെ മറന്നു കഴിഞ്ഞിരിക്കുന്നു..ഇനി ഇത് ഞാന്‍ സൂക്ഷിക്കുന്നതിലും കാര്യമൊന്നും....ഹ്..ഞാന്‍ ഇറങ്ങട്ടെ..”
അവര്‍ കുഞ്ഞിനേയും പിടിച്ചു നടന്നു തുടങ്ങി. ഒരു നിമിഷം സംശയിച്ചു നിന്നെങ്കിലും എന്റെ നാവു ഞാന്‍ അറിയാതെ തന്നെ ശബ്ദിച്ചു
‘ ചേച്ചി ..ഒന്ന് നില്‍ക്കു...അതിങ്ങു തരു..’
“ വേണ്ട ഇനി ഇത് മൂപ്പരു കാണണ്ട...”
‘ നിങ്ങള്‍ രണ്ടാളും സൂക്ഷിക്കുന്നതില്‍ അല്ലെ തെറ്റ്‌.ഞാന്‍ സൂക്ഷിക്കുന്നതില്‍ ഇല്ലല്ലോ ?’

മുണ്ടിന്റെ മടക്കി കുത്തില്‍ ആ പൊതി തിരികെ വച്ച് കൊണ്ട് പിന്നാമ്പുറത്തേക്ക് നടന്നപ്പോള്‍ ഏട്ടന്‍ ഉണങ്ങി തുടങ്ങിയ കാപ്പി ചെടിയുടെ ഇലകള്‍ വകഞ്ഞു മാറ്റി ബസ്‌ സ്റ്റോപ്പിലേക്ക് നടന്നകലുന്ന തന്റെ ഭൂതകാലത്തേക്ക് ഉറ്റു നോക്കി നില്‍ക്കുകയായിരുന്നു..
“ പോയി ഇല്ലേ ...നന്നായി...”
അതെ നന്നായി.....
എല്ലാം  വീണ്ടും പഴയ പോലെ പൊതിഞ്ഞു തിരികെ ബാഗില്‍ വച്ചപ്പോള്‍ മഴ തോര്‍ന്നു കഴിഞ്ഞിരുന്നു...നഷ്ടസ്വപ്നങ്ങളുടെ ആ ശേഖരം എന്റെ ഉള്ളില്‍ സമ്മിശ്ര വികാരങ്ങളുടെ വിത്തുകള്‍ പാകിയിരിക്കുന്നു..

മൊബൈല്‍ തപ്പി പിടിച്ചു സ്പീഡ്‌ ഡയല്‍ ചെയ്തു..അഞ്ചാമത്തെ റിങ്ങില്‍ ഉറക്കച്ചവടോടെ അവളുടെ ശബ്ദം കേട്ടു.. ”എന്താണ് മാഷേ വെള്ളമടിയാണോ...നേരമെത്രെയായി...”
‘നിനക്കറിയോ ..ആരും ഒന്നും മറക്കാറില്ല...’
“ ങേ ...എന്താന്നു ചെക്കാ.....ഒന്നുടെ പറയ്‌ കേട്ടില്ലാ...ഹലോ....ഹലോ.....പറയ്‌....”

‘ ഏയ്‌ ഒന്നുമില്ല.. നീ ഉറങ്ങിക്കോ ..love you...’
“ ഉം...love you too.. gudnite..”

ഒരു കിങ്ങ്സിനും കൂടി തിരി കൊളുത്തി കറുത്ത ആകാശത്തിനു നേര്‍ക്ക്‌ വെള്ളപ്പുക ഊതി വിട്ടു...

‘ ആരും... ഒന്നും.... മറക്കാറില്ല ..ശരിക്കും’

ശ്രീജിത് എസ്

ഫേസ്ബുക്ക്





ഫേസ്ബുക്ക്

“ ഒട്ടുമിക്ക പോസ്റ്റുകളും പ്രഹസനങ്ങളല്ലേ ? കാമ്പോ സത്യസന്ധതയോ അല്‍പമാത്രം പോലുമില്ലാത്ത പ്രഹസനങ്ങള്‍ ! പലപ്പോഴും അര്‍ത്ഥവത്തായ തുറന്ന ചര്‍ച്ചകളില്‍ ആരംഭിച്ച് ഒരു പുതിയ സിനിമയുടെയോ പേജ് 3 വാര്‍ത്തകളിലെ അങ്ങാടിരഹസ്യത്തിലോ എത്തിച്ചേരുന്ന ....waste of time !
രംഗബോധമില്ലാതെ നടത്തുന്ന പല പരാമര്‍ശങ്ങളും അരോചകവും അസഹ്യവുമായിത്തീരുന്നു. അതിനെ ‘ Like ‘ ചെയ്യാന്‍ വേറൊരു കൂട്ടര്‍ ! ഞാന്‍ സമ്മതിക്കുന്നു ആ ‘ വേറൊരു കൂട്ടരി’ല്‍ ഞാനും അബദ്ധവശാലോ അല്ലാതെയോ ഇടയ്ക്കു വന്നുപെടാറുണ്ട്.”


“ രേണു confessionഉം കുറ്റപ്പെടുത്തലും ഒരുമിച്ചു നടക്കില്ലാട്ടോ “.

“ ഓ ശരി ..Grrrrr...@**#....!!!!
അറിയുമോ... എന്റെ ക്ലാസ്സ്മേറ്റ് ആയിരുന്ന സ്മൃതിയെ ഓര്‍മ്മയുണ്ടോ? അവള്‍ ആത്മഹത്യ ചെയ്തു. ഈ അടുത്തിടെ ആയിരുന്നു.എന്നിട്ടോ അമ്മ തന്നെ സ്വന്തം മകളുടെ മരണം നാടെങ്ങുമുള്ള സുഹൃത്തുക്കളെ അറിയിക്കുന്നത് അവളുടെ wallല്‍ status update കൊടുത്തു കൊണ്ടായിരുന്നു ..
‘ Smrithi is no more. My child decided that she had had enough of this world ! ‘
പിന്നീട് സന്താപതിന്റെ പെരുമഴ ! കണ്ണീര്‍ പൊഴിക്കുന്ന വാചകങ്ങളുമായി ഒരുപാട് പോസ്റ്റുകള്‍ ! അതിലും അരോചകമായി തോന്നിയെന്താണെന്നു അറിയോ ഏട്ടാ ? ഓരോ കണ്ണീര്‍ commentനും ആയിരമായിരം ‘Like’കള്‍.
അതിനും പുറമേ അതെ ‘ wall’ല്‍ പരസ്പരമുള്ള കുശലാന്വേഷണങ്ങള്‍!! ”
‘ How r u dude ? wassap ? were r u ? ‘
“അല്ലേലും ഈ മരണങ്ങളും കല്യാണങ്ങളും നമ്മള്‍ മലയാളികള്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുവാനുള്ള ഒത്തു ചേരലാക്കിമാറ്റാറുണ്ടല്ലോ. പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് മരണവീടുകളില്‍ ഒറ്റയ്ക്കും കൂട്ടമായുമുള്ള അടക്കിപിടിച്ച സൗഹൃദ സംഭാഷണങ്ങള്‍ .കണ്ടാല്‍ വേര്‍പാടിന്റെ ദുഃഖം, അതിന്റെ സാന്ത്വന വാക്കുകള്‍, അതുമല്ലെങ്കില്‍ സ്ഥലത്തില്ലാതിരുന്ന ആള്‍ക്ക്  എപ്പോള്‍ എങ്ങനെ മുതലായ ഡാറ്റാബേസ് കൈമാറുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടും. എന്നാല്‍ കാതോര്‍ത്താലോ ?
‘ഇല്ലവള് രണ്ടാമത് കെട്ടിയല്ലേ?
ഇപ്പൊ നാട്ടിലല്ലേ ? കാണാറില്ലല്ലോ ?
വൈകുന്നേരം കൂടണം കേട്ടോ .
റബ്ബറിനിപ്പോ ഇന്നലെയോ മിനിഞ്ഞാന്നോ വിലകൂടിയതല്ലേ ഉള്ളൂ .. ‘
അങ്ങനെ അങ്ങനെ....


“ what crap. ഞാന്‍ അവര്‍ക്ക് ചുട്ട മറുപടി കൊടുത്തു. വഴക്ക് കൂടി. comments മൊത്തം അടിപിടി ആയി.”


“രേണു Rockzz ... :-P “


“പക്ഷെ ഒടുവില്‍ ഞാന്‍ logout ചെയ്തപ്പോള്‍ ആ ബ്രിജിത്ത...അവള്‍ക്കു പണ്ടേ എന്നോട്....ഞങ്ങള് മൂന്നാംനാളാണെന്നാ  തോന്നണെ. she abused me ..അതും പാവം സ്മൃതിയുടെ wallല്‍ തന്നെ.. ഞാനിപ്പോഴും പഴയ pseudo intellectual കളിക്കുവാണെന്നു!!!
‘ Be a sport.....You are killing all the fun...’ അങ്ങനെ എന്തൊക്കെയോ...
ഓര്‍ക്കണം ഇതൊക്കെ മരിച്ചു പോയ ഒരു കുട്ടീടെ wallലെ പോസ്റ്റുകള്‍ ആണെന്ന്‍. That bloody............”

“ Cut it short sis..”

“ ഇല്ലെങ്കില്‍ ?? ”

“ ഇല്ലെങ്കില്‍...I’l be forced to report abuse  :-P .“

“ പോട്ടെ ഏട്ടാ . ഒരു status updateനും  രണ്ടു ഫോട്ടോസ് upload ചെയ്യാനും വേണ്ടി കേറീതാ ...”

“ OK. catch u later Renuuzzz...bye...”
ശരിയാണ്. അവള്‍ പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്.
ജീവിതത്തിന്റെ ഏതൊക്കെയോ നാലുകൂട്ട പെരുവഴിയില്‍ കൈവിട്ടു പോയ സുഹൃത്തുക്കളെ, നഷ്ടപ്പെട്ട പ്രണയത്തെ , നല്ല നിമിഷങ്ങളെ, സങ്ങടങ്ങളെ, ഒക്കെ കാലങ്ങള്‍ക്കിപ്പുറത്തു നിന്ന് കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കാന്‍, ഓര്‍മകളിലേക്ക് മനസ്സിനെ തിരിച്ചു വിടാന്‍, വിലമതിക്കാനാവാത്ത ഒരു നേരമ്പോക്കു.....
ആദ്യമാദ്യം ഒരുപാട് കൗതുകങ്ങളായിരുന്നു...മെലിഞ്ഞു ശോഷിച്ച സുഹൃത്തുക്കളുടെ ചീര്‍ത്ത ചിരിയുളവാക്കുന്ന രൂപങ്ങളും പഴയ ചിത്രങ്ങളും...
പുതുമോടി കഴിഞ്ഞപ്പോള്‍ ഇവിടെയും തുടങ്ങി പ്രദര്‍ശനപരത !!
പുതിയ കാര്‍,പുതിയ മൊബൈല്‍ ഫോണ്‍, വീട്,പുതിയ കൂട്ടുകാര്‍,പുതിയ പങ്കാളി..........കല്യാണം,മരണം,അപകടം,നൂലുകെട്ടു,പാലുകാച്ചല്‍,മധുവിധു, ബാച്ചിലേഴ്സ് പാര്‍ട്ടി,മതം,വോട്ട്,രാഷ്ട്രീയം,തീവ്രവാദം.............എല്ലാം എല്ലാം ചിത്രങ്ങളായി....
ടീം ഇന്ത്യ തോറ്റാലും ജയിച്ചാലും വരും പുതു പുത്തന്‍ പോസ്റ്റുകള്‍.കുറ്റം പറഞ്ഞാലും നല്ലത് പറഞ്ഞാലും വരും അനവധി ‘Like’ഉം ‘Share’ഉം !!!
യുവത്വം തുടങ്ങി വച്ചത് ആദ്യമായി വാര്‍ധക്യം ഏറ്റെടുക്കുന്നു!
ചങ്ങല വളരുകയാണ്...
അവകാശപ്പെടാം പലതും!! ......അതിരുകളില്ലാതാവുന്നു ...........ലോകം ചെറുതാകുന്നു...
ശരിയാണ്. ലോകം ചെറുതാക്കുന്നു...സ്വന്തം സ്വകാര്യതയുടെ അതിരുകള്‍ സ്വയം തച്ചുടച്ചു,സ്വന്തം ലോകത്തിലേക്ക്‌ ഇന്നലത്തെ മദ്യവിരുന്നില്‍ പുതിയതായി കിട്ടിയ ‘Glassmate’നേയും വലിച്ചിട്ട് കൊണ്ട് സ്വന്തം ലോകത്തിനെ ചുരുക്കുന്നു.
എന്നെങ്കിലും മറുചിന്ത ഉടലെടുക്കും.’ world is not enough ‘
സ്വകാര്യതയുടെ അകത്തളങ്ങള്‍ക്ക് വിസ്തൃതി പോരാ എന്ന തോന്നല്‍ വരുമ്പോള്‍ - Go to settings
തന്റെ അനിയത്തി അതെ വ്യവസ്ഥിതിയെ അതിനുള്ളില്‍ നിന്ന് കൊണ്ട് എതിര്‍ക്കുന്നു.നല്ലത് തന്നെ.രേണു ഒന്നും ചിന്തിക്കാതെ ചെയ്യില്ല.അവളുടെ കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും അവള്‍ പോസ്റ്റ്‌ ചെയ്യുന്നത് എന്നെ പോലെ അവള്‍ക്കു പ്രിയപ്പെട്ട, അങ്ങിങ്ങായി ചിതറി കിടക്കുന്ന കുറച്ചു ജീവിതങ്ങള്‍ക്ക് കാണാന്‍ മാത്രമാണ്.
കോളേജ് ജീവിതത്തിനിടയ്ക്കൊന്നുമല്ല അവളും ഇതിന്റെ ഭാഗമായത്.വിവാഹാനന്തരം നിശ്ചയമായും ഉളവാകുന്ന വിരസതയുടെ നീണ്ട അപരാഹ്നങ്ങള്‍ തള്ളി നീക്കുവാന്‍ കണ്ടു പിടിച്ച വഴിയായിരുന്നിരിക്കണം...
എല്ലാവരും ഇതിന്റെ ആകര്‍ഷണവലയത്തില്‍ വീണു പോയ കാലത്ത്‌ അവള്‍ പിടിച്ചു നിന്നു...
‘ ചാറ്റ് വിന്‍ഡോയില്‍ സിസ്റ്റം ജനറേറ്റഡ് മെസ്സേജ്.
“ Renuka Vinay is offline and has left the conversation.However you can send her offline messages.”
ചാറ്റ് വിന്‍ഡോ ക്ലോസ് ചെയ്തു ഹോം പേജില്‍ എത്തിയപ്പോള്‍
“  5 new stories “
‘ my new nakshatra collection ‘
രത്നത്തിന്റെ തിളക്കത്തിലും രേണുവിന്റെ ചിരിക്ക് കോട്ടമോന്നുമില്ല.
കഴുത്തില്‍ പുതിയ ഡയമണ്ട് നെക്ലേസ് ചേര്‍ത്ത് പിടിച്ചു നില്‍കുന്ന പുതിയ കവര്‍ ഫോട്ടോ...
“ party at Sreedevi’s :-P. Its going to be a loooong night..”  - status update
അയാള്‍ക്ക് ചിരിക്കാനുള്ള ഉന്മേഷം  ചോര്‍ന്നു പോകുന്നത് പോലെ തോന്നി...
‘  YOU TOO RENUUU...? ‘
 ****************************************************************************************
അയാളുടെ  status update കണ്ടു ഞാനും ചിരിച്ചു...
“ Going for a drink at Purple Lounge. Adieu....”
കിടക്കട്ടെ എന്റെ വകയായും ഒരു ‘Like‘ ...:-P:-P



ശ്രീജിത് എസ്
NIT CALICUT
ENERGY ENGINEERING

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

പുനര്‍വിചിന്തനം



പുനര്‍വിചിന്തനം


പറയുവാന്‍ ബാക്കിവെക്കുന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ക്രൂരതയാണ് !  ബാക്കി ഉണ്ട് എന്ന് കേള്‍വിക്കാരനൊ കേള്‍വിക്കാരിക്കോ തോന്നിപ്പിക്കുന്ന വിധത്തില്‍ സംഭാഷണം അവസാനിപ്പിക്കുന്നുവെങ്കില്‍,പ്രത്യേകിച്ചും. ഞാന്‍ പറഞ്ഞത് ശ്രദ്ധാപൂര്‍വ്വം കേട്ട് കൊണ്ടിരുന്നവരുടെ കാര്യമാണ് കേട്ടോ...
“അപ്പോള്‍ എന്‍റെ കാര്യമല്ല എന്നാണോ ? “
അങ്ങനെ ഞാന്‍ പറഞ്ഞുവോ ?
“ പറയണമെന്നുണ്ടോ ? അതല്ലേ മനസ്സില്‍ ? “
ആഹാ . മനസ്സ്‌ വായിക്കാന്‍ ഒക്കെ പഠിച്ചുവോ ?
“ ശരി. സമ്മതിച്ചു എനിക്ക് ശ്രദ്ധ അല്‍പം കുറവാണ് .“
അതും ആവശ്യാനുസരണം മാറ്റാവുന്ന ഒരു കഴിവാണല്ലോ ?
“ മനസ്സിലായില്ല ..”
അതെ മനസ്സിലാവില്ല ..അങ്ങനെ ആണല്ലോ ഇതൊക്കെ...its always about your priorities...നിനക്ക് കേള്‍ക്കണം എന്ന് താല്പര്യമുള്ള വിഷയങ്ങളില്‍ അപാര ശ്രദ്ധ ഉണ്ടാവുമല്ലോ....എന്‍റെ വാക്കുകള്‍ക്ക്‌ പലപ്പോഴും നിന്‍റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശക്തി പോര എന്നായിരുന്നു ഞാന്‍ ധരിച്ചു പോന്നത്...പക്ഷെ അതിന്‍റെ ശരിക്കുള്ള പൊരുള്‍ നിന്‍റെ താല്‍പര്യക്കുറവാണെന്ന് വളരെ വൈകിയേ ഞാന്‍ മനസിലാക്കിയുള്ളു...
“ ഭാഗ്യം. മനസ്സിലായല്ലോ ...എത്ര രാത്രികളില്‍ ഹെഡ്ഫോണില്‍ ഏതൊക്കെയോ പാട്ടുകള്‍ രക്ഷപ്പെടാന്‍ വേണ്ടി കേട്ട് തീര്‍ത്തിട്ടുണ്ട്...”
അത്രേയുള്ളൂ ? പിന്നെയും എത്രെയോ രാത്രികളില്‍ ഒരിക്കലും മാറാത്ത രക്ത കറകളെ കൂട്ട് പിടിച്ചു ഒരേ കട്ടിലിന്റെ വശങ്ങളിലേക്ക് നീങ്ങി കിടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട് ?...
“ ഹാവൂ...അതും അറിയാരുന്നോ....then I must say you had good amount of patience and CONTROL...and ..then you were really a good actor...”
നന്ദി...പരിഹാസത്തിന്റെ മൂര്‍ച്ച ഇനിയും കുറഞ്ഞിട്ടില്ല അല്ലെ.? you could have ruined anybodys damned life . but why did you choose mine ?
“ ഞാനോ ? ഇത് ഞാന്‍ പറയേണ്ട വാക്കുകള്‍ ആണ്...actually its my question... നശിച്ചത് എന്‍റെയും കൂടി ജീവിതം അല്ലെന്നുണ്ടോ ?....


നമുക്ക് വേറെ എന്തിനെയെങ്കിലും കുറച്ചു സംസാരിച്ചുകൂടെ ? ഞാന്‍ എന്താണ് പറയാതിരുന്നത് ? അഥവാ പകുതിയില്‍ നിര്‍ത്തിയത് ...? “
അത് നേരാണല്ലോ . നമുക്ക് തമ്മില്‍ സംസാരിക്കാന്‍ വിഷയങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലല്ലോ . ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഓട്ടകളെ കുറിച്ച് എനിക്കും, ചെടികളുടെ ജനിതകത്തെ കുറിച്ച് നിനക്കും വാതോരാതെ സംസാരിക്കാം.സ്വന്തം വിഷയങ്ങളില്‍ കൂടുതല്‍ നേരം ഇടമുറിയാതെ പ്രസംഗിക്കുന്നതാരോ അവര്‍ ജയിച്ചു .എന്തെ സമ്മതിച്ചോ ?
“ നിങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു..ശരിക്കും! ഒരു പെണ്ണിനെ നോവിക്കാനുള്ള , I mean , വാക്കുകള്‍ കൊണ്ട് നോവിക്കാനുള്ള കഴിവ് നിങ്ങള്‍ നേടിയെടുത്തിരിക്കുന്നു!! “
 പ്രശംസയാണോ ? എങ്കില്‍ വീണ്ടും നന്ദി ...അതിനെ നിനക്ക് കഴിവായി വിശേഷിപ്പിക്കാന്‍ തോന്നിയെങ്കില്‍ നീ ഇപ്പോളും തെല്ലും മാറിയിട്ടില്ല...not a bit .... ഈ പുതിയ സര്‍ഗശേഷി ...വേദന നല്‍കുവാന്‍ വേണ്ടി ഉപകരിക്കുന്ന സര്‍ഗശേഷി എനിക്കേകിയതു നീ തന്നെ...അഭിമാനിക്കാം അതില്‍ ....
“ will you please stop this meaningless debate ? “
ഇവിടെയും ഞാന്‍ തന്നെ തോല്‍ക്കണം എന്നാണോ ? ആവാം. എനിക്ക് ഇതൊന്നും പുത്തരിയല്ലല്ലോ...
“ തോല്‍വിയോ ? ഇതാണ് നിങ്ങളുടെ പ്രശ്നം...ഇതില്‍ തോല്‍വിയുടെ കാര്യമെന്താണ് ഹേ.. see  നിങ്ങള്‍ എപ്പോഴാണ് തോറ്റതു ? ഒന്നുമില്ലെങ്കില്‍ ആണിനു മാത്രം കഴിയുന്ന ആ.......ആ ബീജത്തിന്റെ കാര്യത്തില്‍ എന്നെ അമ്പേ പരാജയപ്പെടുത്തിയില്ലേ..? “
കൊള്ളാം. തോറ്റതു നീയോ ? ആ ജീവനെ ഒരു മാസക്കാലം മാത്രം ആയുസ്സ് അനുവദിച്ചു എന്‍റെ അറിവോ സമ്മതമോ കൂടാതെ ....കണ്ണും മൂക്കും ഒക്കെ രൂപം പ്രാപിച്ചു കാണില്ലാരുന്നോ ? എന്നിട്ടും ദയവില്ലാതെ നീ ...ശരീരത്തില്‍ നിന്ന് നീ കുറച്ചധികം രക്തത്തോടൊപ്പം പുറന്തള്ളിയതു എന്‍റെ സ്വപനങ്ങളെ കൂടിയാണ്..എന്‍റെ ജീവനും കൂടിയാണ്...
“ അത് എന്‍റെ മാത്രം തെറ്റല്ല. നിങ്ങളുടെ സഹനത്തിന്റെ അതിരുകള്‍ എവിടെ എന്നറിയാന്‍ ഞാന്‍ ശ്രമിച്ചില്ല .സത്യമാണ്. ഞാന്‍ ആയിട്ട്, മനസ്സ് കൊണ്ട് ഒന്നും...അങ്ങനെ അല്ലല്ലോ...നിങ്ങള്‍ പിടിച്ചു വാങ്ങിയതല്ലേ...ആ വിയര്‍പ്പും വേദനയും ആ ഒരു രാത്രി കൊണ്ട് കഴിഞ്ഞു കിട്ടുമെന്ന് ...ഒരു കുളിയുടെ ആയുസ്സ് മാത്രമുള്ള….. ചെളി പറ്റിയത് പോലെ എന്നെ ഞാന്‍ കരുതിയുള്ളൂ...അതിങ്ങനെ ഒരിക്കലും മറക്കാനാവാത്ത വിധത്തില്‍ ജീവിക്കുന്ന ഒരു ഓര്‍മപ്പെടുത്തലായി..... ജീവിക്കുന്ന ഒരു ഭ്രൂണമായി എന്‍റെ ഉള്ളറകളില്‍ വളരാന്‍ തുടങ്ങുമെന്ന് ഞാന്‍.... “
മാതൃത്വം എന്നൊരു വികാരം നിന്റെ ഉള്ളില്‍ ഇല്ലേ ?
“: ഇത് നിങ്ങള്‍ ഇപ്പോഴാണോ ചോദിക്കുന്നത് ..? നേരത്തെ ചോദിച്ചിരുന്നെങ്കില്‍ ഒരു ജീവന്‍ പൊലിയില്ലായിരുന്നു ...എന്‍റെ ഉള്ളില്‍...ഞാന്‍ ഇതിനൊന്നും ഒരുങ്ങിയിട്ടില്ലായിരുന്നു...മാതൃത്വം ..അതൊരു ഭാരിച്ച ഉത്തരവാദിത്തം അല്ലെ...പത്തു മാസത്തില്‍ ഒതുങ്ങുന്ന ഒരു ഉത്തരവാദിത്തമല്ലല്ലോ അത്...ജന്മം നല്‍കുക എന്നത് കൊണ്ട് മാത്രമായില്ലല്ലോ..വളര്‍ത്തണ്ടെ ? സ്നേഹിക്കണ്ടേ ?.ഇതൊന്നും ചെയ്യാത്ത ഒരു അമ്മയാവാന്‍ എനിക്ക് താല്‍പ്പര്യം ഇല്ലാരുന്നു ...I was not ready....for all these sort of things....I was not at all prepared you know ? “
No, I dont know. You never told me...അതാണ്‌ ഞാന്‍ പറഞ്ഞത് നീ ഒന്നും മുഴുവനായി പറഞ്ഞിട്ടില്ല...ഒന്നും...
“ But you never asked...? അതും എന്‍റെ തെറ്റാണോ ? ചോദിക്കാതെ പറയാന്‍ മാത്രമുള്ള അടുപ്പം നമ്മുടെ മനസ്സുകള്‍ തമ്മില്‍ എപ്പോഴെങ്കിലും ഉണ്ടായിരുന്നോ ?  See as a person I have respect for you......നിങ്ങളുടെ പല പ്രവര്‍ത്തികളും പെരുമാറ്റ രീതികളും വളരെ നല്ലതാണ്...പക്ഷെ അത് കൊണ്ട് വിശ്വാസവും സ്നേഹവും ഒക്കെ എനിക്ക് നിങ്ങളോട് ഉണ്ടാവണം എന്ന് ഉണ്ടോ ? അങ്ങനെ തോന്നുന്ന സ്ത്രീകള്‍ കാണുമായിരിക്കും..ഞാന്‍ അവരില്‍ ഒരാള്‍ അല്ല...അത്രേയുള്ളൂ...നിങ്ങളുടെ രൂപം... ഗന്ധം... ഒന്നും എന്‍റെ ഉള്ളില്‍ എന്‍റെ സ്വന്തം എന്ന ഒരു വികാരം ഉണര്‍ത്തിയിട്ടില്ല...നമ്മള്‍ ഒരു വീട്ടില്‍ ഒരു മുറിയില്‍ കുറെ കാലം താമസിച്ചു, പരസ്പരം മനസ്സിലാക്കാതെ ...സ്നേഹിക്കാതെ..,ക്ഷമിക്കുക നിങ്ങള്‍ ഒരു പക്ഷെ..അല്ല നിങ്ങള്‍ സ്നേഹിച്ചിരുന്നു ..I admit that..അതും മനസ്സിലാക്കതിരിക്കാന്‍ മാത്രം insensitive  അല്ല ഞാന്‍...”
ഇതൊക്കെ ഇപ്പോളാ പറയണേ..? ഒരുപാട് വൈകിയില്ലേ ?
“ You never asked ! “
May be.... എനിക്ക് അറിയാമായിരുന്നു ...that you were forced into this marriage...പക്ഷെ  ഞാന്‍ കരുതി എല്ലാ സാധാരണ പെണ്‍കുട്ടികളെയും പോലെ പതുക്കെ നീയും ....
“ വേണ്ട...ദയവു ചെയ്തു നിങ്ങള്‍ സ്വയം താഴരുത് ...എന്ത് കൊണ്ടാണ് പെണ്‍കുട്ടികളെല്ലാം ഇത്രെയും സാധാരണം ആയി തീരുന്നത്...അങ്ങനെ ആക്കി തീര്‍ക്കുന്നതല്ലേ ? എന്‍റെ കാര്യത്തില്‍ എന്‍റെ അച്ഛന്‍റെ emotional ...ഇല്ല blackmail  എന്ന് ഞാന്‍ പറയില്ല ...പക്ഷെ രോഗാവസ്ഥയില്‍ എല്ലാ മാതാപിതാക്കളും പുറത്തിറക്കുന്ന തുരുപ്പുചീട്ട്...അതില്‍ വഴങ്ങേണ്ടി വന്നു...എന്നെങ്കിലും എപ്പോഴെങ്കിലും ഒരു പക്ഷെ ഞാനും ഒരു ‘ സാധാരണ പെണ്‍കുട്ടി ആകുമായിരുന്നു ‘
വൈകിപ്പോയി....
“ ഉം “
ഒന്ന് ചോദിച്ചോട്ടെ ..ഇനിയും ആരുടെയെങ്കിലും ജീവിതം നശിപ്പിക്കാന്‍ പുറപ്പാടുണ്ടോ ?
“ ആവോ... നിങ്ങളെ പോലെ ഒരു സാധുവിനെ കിട്ടിയാല്‍...ഒരു പക്ഷെ...”
ഹാ ഹാ...ആശംസകള്‍....
“ തിരിച്ചും “
എന്തിനു ? ഇനിയും ഇത് പോലെ വേദനിക്കാനോ ?
“ അല്ല..നിങ്ങള്‍ ആഗ്രഹിച്ചതെല്ലാം നല്‍കുന്ന ഒരു നല്ല കുട്ടിയെ.......”
നന്ദി ...ഒരു വര്‍ഷം കൊണ്ട് വിളക്കിച്ചേര്‍ക്കാന്‍ പറ്റാത്ത .കണ്ണികള്‍ ഈ  ഒരു മണിക്കൂര്‍ കൊണ്ട് ചേര്‍ക്കാന്‍ പറ്റും എന്ന് നിയമം എഴുതിയവര്‍ എങ്ങനെ ധരിച്ചു...ഞാന്‍ പഠിച്ച നീതി പുസ്തകത്തിന്റെ നിരര്‍ത്ഥകത ഇപ്പോള്‍ അനുഭവപ്പെടുന്നു ...

അടച്ചിട്ട മുറിയുടെ വാതില്‍ തുറന്നു ശിപായി കടന്നു വന്നു.
‘ പത്തു മിനിട്ടില്‍ കോടതി വീണ്ടും കൂടും.വേഗം ഹാളിലെക്ക് വരണം.’
വാതില്‍ അടക്കാതെ തന്നെ അയാള്‍ തിരിച്ചു പോയി

“ ഇറങ്ങാം ? “
ശ്രീജിത് എസ്
Energy engineering and Management
NIT Calicut